ഭിന്നശേഷിക്കാരായ കുട്ടികളുടെ ‘മാലാഖമാരുടെ കട’ തുടങ്ങി
കാഞ്ഞിരപ്പള്ളി: ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നിർമിക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് ഏയ്ഞ്ചൽസ് ഷോപ്പ് ആരംഭിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന വി കെയർ സെന്ററിന്റെ നേതൃത്വത്തിൽ പുളിമാവ് നല്ല സമറായൻ ആശ്രമത്തോട് ചേർന്നാണ് കട തുടങ്ങിയത്. കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ കടയുടെ വെഞ്ചരിപ്പ് നടത്തി. രൂപത വികാരി ജനറൽ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെആർ. തങ്കപ്പൻ ആദ്യ വിൽപ്പന നടത്തി.
ഭിന്നശേഷിക്കാരായ കുട്ടികൾ നിർമിക്കുന്ന വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ, മെഴുകുതിരി, നാടൻ പച്ചക്കറി, കുട്ടികളുടെ സഹകരണത്തോടെ വളർത്തുന്ന മത്സ്യങ്ങൾ, നാടൻ ഭക്ഷണ പദാർഥങ്ങൾ തുടങ്ങി വിവിധ ഉത്പന്നങ്ങളാണ് കടയിലുള്ളത്. പുതിയ സംരംഭത്തിലൂടെ ഭിന്നശേഷിക്കാരായവർക്ക് തൊഴിൽ ചെയ്യാനും വരുമാനം ലക്ഷ്യമിട്ടുമാണ് പദ്ധതി നടപ്പാക്കുന്നത്.