നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ച്, അവ രാജ്യത്തിന് സമർപ്പിച്ചുകൊണ്ട് അമൽ ജ്യോതി എൻജിനിയറിങ് കോളേജിൽ നടന്ന അഖിലേന്ത്യാ മത്സരമായ സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ സമാപിച്ചു

കാഞ്ഞിരപ്പള്ളി :

പോർട്ടബിൾ ഓട്ടോമാറ്റിക് കഷായം മേക്കിങ് മെഷീൻ, സ്മാർട്ട് വാച്ച് വിത്ത് വൈറ്റൽ റെക്കോഡ് അതായത് സ്മാർട്ട് വച്ചും മൊബൈൽ ഫോൺ ആപ്പും ഉപയോഗിച്ച് ഈസിജി അളക്കുന്ന ഉപകരണം , കായികതാരങ്ങളുടെ ശാരീരികക്ഷമത ശരിയായി മോണിറ്റർ ചെയ്യുന്ന ഉപകരണം , കാർഷികവിളകൾ ആറുമാസത്തേക്ക് കേടുകൂടാതെ സംരക്ഷിക്കുന്ന സംവിധാനം, മുതലായ രാജ്യത്തിന് ഏറെ ഉപകാരപ്പെടുന്ന നിരവധി കണ്ടുപിടുത്തങ്ങളാണ് അമൽ ജ്യോതി എൻജിനിയറിങ് കോളേജിൽ നടന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തൺ മത്സരത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മിടുമിടുക്കരായ കുട്ടികൾ വികസിപ്പിച്ച് രാജ്യത്തിന് സമർപ്പിച്ചത്.

അമൽ ജ്യോതി എൻജിനിയറിങ് കോളേജിൽ ഓഗസ്റ്റ് 25 മുതൽ 29 വരെ നടന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തണിന്റെ ഹാർഡ് വേർ വിഭാഗം അഖിലേന്ത്യ ഫിനാലെ തിങ്കളാഴ്ച സമാപിച്ചു. സ്വതന്ത്ര ഭാരതത്തിന് 75 വയസ്സ് പൂർത്തിയായതിന്റെ ആഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര കായിക, ആയുഷ്, ഭക്ഷ്യ ഉപഭോക്തൃ-പൊതു വിതരണ മന്ത്രാലയങ്ങൾ നൽകിയ നാല് ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള മത്സരങ്ങളാണ് അമൽ ജ്യോതിയിൽ നടന്നത്.

IIT ഇൻഡോർ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 കോളേജുകളിൽ നിന്നും 128 കുട്ടികളാണ് 5 ദിവസങ്ങളിൽ രാത്രിയും പകലും തുടർച്ചയായി നടന്ന ഗ്രാൻഡ് ഫിനാലയിൽ അമൽ ജ്യോതി കോളേജിൽ എത്തി മത്സരിച്ചത്

കേന്ദ്ര യുവജന കായിക മന്ത്രാലയം നിർദേശിച്ച വെയ്‌റബിൾ സെൻസർ ഫോർ സ്‌പോർട്‌സ് ബയോ മെക്കാനിക്ക്‌സ് ആപ്ലിക്കേഷൻ വിഭാഗത്തിൽ ഈറോഡ് വേലലാർ കോളേജ് ഓഫ് എൻജിനിയിറിങ് ടെക്‌നോളജി ഒന്നാം സ്ഥാനം നേടി. കേന്ദ്ര ആയുഷ് മന്ത്രാലയം നിർദേശിച്ച സ്മാർട്ട് വാച്ച് വിത്ത് വൈറ്റൽ റെക്കോഡ്‌ ആൻഡ് ലൈഫ് സ്‌റ്റൈൽ റെക്കമന്റേഷൻ വിത്ത് മൊബൈൽ ആപ്ലിക്കേഷനിൽ ദിണ്ഡികൽ പി.എസ്.എൻ.എ. എൻജിനിയറിങ് കോളേജും പോർട്ടബ്ൾ കഷായ മേക്കിങ് മെഷീൻ വിഭാഗത്തിൽ കോയമ്പത്തൂർ ശ്രീകൃഷ്ണ എൻജിനിയറിങ് കോളേജും ഒന്നാം സമ്മാനം നേടി.

ഉപഭോക്തൃ മന്ത്രാലയത്തിന്റെ സ്മാർട്ട് ബഫർ സ്റ്റോക്ക് സൊല്യൂഷൻസിൽ ഭോപ്പാൽ സാഗർ റിസർച്ച് ആൻഡ് ടെക്‌നോളജി, കോയമ്പത്തൂർ കെ.പി.ആർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി എന്നിവർ ഒന്നാം സമ്മാനം പങ്കിട്ടു. ഓരോ വിഭാഗത്തിനും ഒന്നാം സമ്മാനമായി നൽകിയത് ഒരു ലക്ഷം രൂപയും പുരസ്കാരവുമാണ് .

സമാപന സമ്മേളനത്തിൽ കോട്ടയം സബ് കളക്ടർ രാജീവ് കുമാർ ചൗധരി മുഖ്യാതിഥിയായി.
കോളേജ് മാനേജിങ് ട്രസ്റ്റി ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. മാനേജർ ഫാ. ഡോ. മാത്യു പായിക്കാട്ട്, നോഡൽ ഓഫീസർ അനിരുദ്ധ് ഠാക്കൂർ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഗ്രാന്റ് ഫിനാലെ ചീഫ് കോ-ഓർഡിനേറ്റർ പ്രൊഫ. ബിനു സി. എൽദോസ് എന്നിവർ പ്രസംഗിച്ചു.

ഗ്രാൻഡ് ഫിനാലെ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി കാഞ്ഞിരപ്പള്ളിയുടെ അഭിമാനമായ അമൽ ജ്യോതി കോളേജ് ഒരുക്കിയ സംവിധാനങ്ങൾ ലോകോത്തര നിലവാരത്തിൽ ഉള്ളതായിരുന്നുവെന്ന് പങ്കെടുത്ത വിദ്യാർത്ഥികളും, സംഘാടകരും ഒരേസ്വരത്തിൽ പറഞ്ഞു . ഇനിയും ഇത്തരം ദേശീയ തലത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുവാൻ മുൻകൈയെടുക്കുമെന്ന് കോളേജ് മാനേജർ ഫാ. ഡോ. മാത്യു പായിക്കാട്ട് പറഞ്ഞു.

.

error: Content is protected !!