വെളിച്ചെണ്ണയിൽ മായം ; കാഞ്ഞിരപ്പള്ളിയിലെ മില്ലുടമയ്ക്ക് പിഴ ചുമത്തി
കാഞ്ഞിരപ്പള്ളി : കടലയെണ്ണയും അയഡിനും ചേർന്ന വെളിച്ചെണ്ണ വിൽപന നടത്തിയ എണ്ണ മില്ലുടമയ്ക്ക് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ വിധിച്ചു. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, വെളിച്ചെണ്ണയിൽ മായം കണ്ടെത്തിയതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി കെഡിസൺ എക്സ്പെല്ലേഴ്സ് ഓയിൽ മിൽ ഉടമ കെ.എസ് എബ്രഹാമിനോട് വെളിച്ചെണ്ണയുടെ വിലയും നഷ്ടപരിഹാര തുകയും നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവായി.
പാലാ ഭരണങ്ങാനം കുരുവിനാക്കുന്നേൽ ഹെർബൽ പ്രൊഡക്റ്റ് ഉടമ കെ.കെ കുര്യന്റെ പരാതിയിലാണ് കാഞ്ഞിരപ്പള്ളി കെഡിസൺ എക്സ്പെല്ലേഴ്സ് ഓയിൽ മിൽ ഉടമ കെ.എസ് എബ്രഹാമിനോട് വെളിച്ചെണ്ണയുടെ വിലയും നഷ്ടപരിഹാര തുകയും നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവായത്. ഹെർബൽ ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി കെ.കെ കുര്യൻ 2019ൽ കെഡിസൺ എക്സ്പെല്ലേഴ്സിൽ നിന്ന് 120 കിലോ വെളിച്ചെണ്ണ 18,900 രൂപയ്ക്ക് വാങ്ങിയിരുന്നു. വെളിച്ചെണ്ണ ഉപയോഗിച്ച് തുടങ്ങിയപ്പോൾ എണ്ണയിൽ നിന്ന് കുമിളകൾ പൊട്ടുകയും തിളച്ചു തൂകുകയും ചെയ്തു. തുടർന്ന് വെളിച്ചെണ്ണ തിരുവനന്തപുരത്തുള്ള ശ്രീ മുരുകാ ഫാർമസ്യൂട്ടിക്കൽസിൽ പരിശോധിച്ചപ്പോൾ എണ്ണയിൽ അയഡിന്റെ അളവ് കൂടുതലാണെന്നും എണ്ണയ്ക്ക് കടലയെണ്ണയുടെ ഗന്ധമാണെന്നും കണ്ടെത്തി. തുടർന്ന് മായം ചേർത്തതും ഗുണനിലവാരം ഇല്ലാത്തതുമായ വെളിച്ചെണ്ണ ശുദ്ധമായ വെളിച്ചെണ്ണയാണെന്ന വ്യാജേന വിൽപന നടത്തിയ കെഡിസൺ എക്സ്പെല്ലേഴ്സിന്റെ പ്രവൃത്തി ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ കോടതി കണ്ടെത്തി.
തുടർന്ന് 120 കിലോ വെളിച്ചെണ്ണയുടെ വിലയായ 18,900 രൂപയും 9 ശതമാനം പലിശസഹിതം നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിനായി 3,000 രൂപയും പരാതിക്കാരനായ കുര്യന് കെഡിസൺ എക്സ്പെല്ലേഴ്സും എബ്രഹാമും ചേർന്ന് നൽകാൻ അഡ്വ. വി.എസ് മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിക്കുകയായിരുന്നു.