ശബരിമല തീർത്ഥാടനകാലത്ത് ഗ്രീൻ പ്രോട്ടക്കോൾ പാലിക്കാൻ തീരുമാനം ; എരുമേലിയിൽ 16 ന് മെഗാ ക്‌ളീനിംഗ് നടത്തും
എരുമേലി : ശബരിമല തീർത്ഥാടനകാലത്ത് എല്ലാ വകുപ്പുകളിലും ഗ്രീൻ പ്രോട്ടക്കോൾ പാലിക്കാൻ തീരുമാനം. അപകട രഹിതമായ സീസൺ ആകുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനം. എരുമേലിയിൽ 16 ന് മെഗാ ക്‌ളീനിംഗ് നടത്തും. തീർത്ഥാടനകാലം ആരംഭിക്കാൻ ആറ് ദിവസങ്ങൾ ശേഷിക്കെ വ്യഴാഴ്ച എരുമേലിയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിളിച്ചു ചേർത്ത മുന്നൊരുക്ക അവലോകന യോഗത്തിലാണ് തീരുമാനം.
ഭക്തരുടെ ശബരിമല പരമ്പരാഗത കാനനപാത ആരംഭിക്കുന്ന കോയിക്കക്കാവിൽ ദിവസവും വൈകുന്നേരം നാല് മണിയോടെ തീർത്ഥാടക പ്രവേശനം അവസാനിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. രാത്രിയിൽ വന യാത്ര അനുവദിക്കില്ല. കോയിക്കക്കാവ്, കാളകെട്ടി, അഴുത എന്നിവിടങ്ങളിൽ ഭക്തർക്ക് രാത്രിയിൽ തങ്ങി വിശ്രമിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും പേരൂർത്തോടിലുള്ള ഫോറസ്റ്റ് വക സ്ഥലം വിശ്രമത്തിന് നൽകാമെന്നും വനം വകുപ്പ് അറിയിച്ചു.
2017 ൽ സ്വീകരിച്ച ക്രമീകരണങ്ങൾ ആണ് ഇത്തവണ ഒരുക്കുകയെന്ന് പോലിസ് അറിയിച്ചു. തീർത്ഥാടകർ എത്തുന്ന ഇലക്ട്രിക് ഇന്ധന വാഹനങ്ങൾക്ക് ഒരു ചാർജിങ് സ്റ്റേഷൻ അനുവദിക്കാൻ തീരുമാനിച്ചു. ടാക്സി, ഭക്ഷണം, പാർക്കിംഗ് എന്നിവയുടെ ഫീസുകൾ ഏകീകരിച്ച് നിശ്ചയിക്കാൻ കളക്ടറെ ചുമതലപ്പെടുത്തി. ചരക്ക് വാഹനങ്ങളിൽ ഭക്തർ യാത്ര ചെയ്യരുതെന്ന് അയൽ സംസ്ഥാനങ്ങളിൽ അറിയിപ്പ് നൽകണമെന്ന് യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.
എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ, തഹസീൽദാർ ജോസുകുട്ടി, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ദേവസ്വം അഡ്മിനിസ്ട്രെറ്റീവ് ഓഫിസർ ശ്രീധർ ശർമ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, ജമാഅത്ത് പ്രസിഡന്റ് പി എ ഇർഷാദ്, അയ്യപ്പ സേവാ സംഘം ശാഖാ പ്രസിഡന്റ് അനിയൻ എരുമേലി, മനോജ് എസ് നായർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ വിവിധ വകുപ്പുകൾ അറിയിച്ച ഒരുക്കങ്ങൾ.
പോലിസ്.
മണ്ഡല കാലത്ത് 500 ആയിരിക്കും പോലീസിന്റെ അംഗബലം. മകരവിളക്ക് കാലത്ത് 300 പേർ അധികമുണ്ടാകും. 180 പേരെ എൻഎസ്എസ്, എൻസിസി ഉൾപ്പടെ വിഭാഗങ്ങളിൽ നിന്നും സ്പെഷ്യൽ പോലിസ് ആയി നിയോഗിക്കും. രണ്ട് മാസം നീളുന്ന ഉത്സവകാലത്ത് 20 ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഫേസ് ആയാണ് പോലിസ് ഡ്യൂട്ടി. നിലവിലുള്ള 36 സിസി ക്യാമറകൾക്ക് പുറമെ പ്രധാന സ്ഥലങ്ങളിലേക്ക് 14 ക്യാമറകൾ സ്ഥാപിക്കാൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണമല, ഓരുങ്കൽകടവ് എന്നിവിടങ്ങളിൽ പോലിസ് ടെന്റ് ഉണ്ടാകും. കണമല അട്ടി വളവിൽ ഇറക്കത്തിന് മുമ്പ് വാഹനങ്ങൾ നിർത്തിച്ച് കോൺവെ ആയി കടത്തി വിടും. പോലിസ് കൺട്രോൾ റൂം 16 ന് ആരംഭിക്കും. ബൈക്ക് പട്രോളിംഗ് ഏർപ്പെടുത്തും. പോലിസ് സേവന ഏകോപന ചുമതല കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വഹിക്കും. തീർത്ഥാടക വാഹന തിരക്ക് കൂടിയാൽ വാഹനങ്ങൾ പിടിച്ചിട്ട് നിയന്ത്രണം ഏർപ്പെടുത്താൻ ആറ് ഗ്രൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. പാർക്കിംഗ് ഗ്രൗണ്ടുകളിൽ വാഹനങ്ങളുടെ നമ്പർ, ഇനം, യാത്രക്കാരുടെ എണ്ണം, വന്നതും പോയതുമായ സമയം എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്ന് നിർദേശം നൽകും.
ആരോഗ്യം.
ആശുപത്രിയിൽ 24 മണിക്കൂർ സേവനം. ആറ് ഡോക്ടർമാർ ഉൾപ്പടെ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഐസി യുണിറ്റിൽ മൂന്ന് ഡോക്ടർ ഉൾപ്പടെ സ്റ്റാഫ് ഉണ്ടാകും. താൽക്കാലിക ഡിസ്‌പെൻസറിയിൽ അലോപ്പൊതി, ആയുർവേദം, ഹോമിയോ ക്ലിനിക്കുകളിലായി 24 മണിക്കൂറും മൂന്ന് ഡോക്ടർമാരുടെ സേവനമുണ്ടാകും. കാനന പാതയിലെ അഴുത, കോയിക്കക്കാവ്, മമ്പാടി എന്നിവിടങ്ങളിൽ ഓക്സിജൻ പാർലർ, കാളകെട്ടിയിൽ ഡിസ്‌പെൻസറി എന്നിവയുണ്ടാകും. നാല് ആംബുലൻസുകൾ സേവനം നൽകും. ഒന്ന് കണമലയിൽ ക്യാമ്പ് ചെയ്യും. മറ്റൊന്ന് ഡോക്ടർ ഉൾപ്പടെ മൊബൈൽ ക്ലിനിക് ആയി കാനന പാതയിൽ സേവനം നൽകും.125 പേർ അടങ്ങുന്ന ശുചീകരണ തൊഴിലാളികൾ 16 മുതൽ സേവനം നൽകും.
വെള്ളം.
30 ലക്ഷം ലിറ്റർ വെള്ളം സീസണിൽ ദിവസവും വിതരണത്തിനുണ്ടാകും. അയ്യായിരം ലിറ്റർ ടാങ്കുകൾ മൂന്നെണ്ണം ടൗണിൽ ഭക്തർക്കായി ജലവിതരണത്തിന് സ്ഥാപിക്കും.
വനം.
കാനന പാതയിൽ കോയിക്കക്കാവ് കഴിഞ്ഞുള്ള ദുർഘട കയറ്റം ഒഴിവാക്കി ഭക്തർക്ക് സഞ്ചരിക്കാൻ സാമാന്തര റോഡ് നിർമിച്ചു. രണ്ട് ചപ്പാത്തുകളും ചെക്ക് ഡാമുകളും വന പാതയിൽ പുനർ നിർമിച്ചിട്ടുണ്ട്. അഴുത നടപ്പാലത്തിൽ ഇരുമ്പ് കൈവരികൾ നിർമിച്ചു. കടവിൽ സ്റ്റെപ്പുകളും നിർമിച്ചു. പാതയിൽ വെള്ളം, വെളിച്ചം, ടോയ്‌ലെറ്റ്, ദിവസവും പട്രോളിംഗ്, എലിഫന്റ് സ്‌ക്വാഡ് എന്നിവ സേവനമുണ്ടാകും
ഫയർ ഫോഴ്സ്.
ഇത്തവണ എരുമേലി ബിഎസ്എൻഎൽ ഓഫിസ് വളപ്പിലാണ് ഫയർ ഫോഴ്സ് സ്റ്റേഷൻ പ്രവർത്തിക്കുക. കാളകെട്ടിയിൽ താൽക്കാലിക യുണിറ്റ് ഉണ്ടാകും. സീസൺ കടകളിൽ ഫയർ റിമൂവർ ഉപകരണം ഉണ്ടോയെന്ന് പരിശോധിക്കും.
പഞ്ചായത്ത്.
മാലിന്യ സംസ്കരണത്തിന് മൂന്ന് ഏജൻസികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് യൂസർ ഫീസ് നൽകണം. അഞ്ച് ശുചിത്വ കേന്ദ്രങ്ങൾ തുറന്നു. ഓരുങ്കൽകടവിൽ ടോയ്‌ലെറ്റ് സൗകര്യം ഉടനെ പൂർത്തിയാക്കും. കെഎസ്ആർടിസി സ്റ്റാൻഡിൽ ടോയ്‌ലെറ്റ് പ്രവർത്തനക്ഷമമാക്കി. സ്റ്റാൻഡ് ടാർ ചെയ്യും. ബസ് പാർക്കിങ്ങിന് സ്ഥലം വാടക നൽകി സജ്ജമാക്കും.
കെഎസ്ആർടിസി.
പത്ത് സ്പെഷ്യൽ സർവീസുകൾ എരുമേലി – പമ്പ റൂട്ടിലുണ്ടാകും. മകരവിളക്ക് സീസണിൽ ഇത് 15 ആയി വർധിപ്പിക്കും. ഇതിന് പുറമെ കോട്ടയം, കുമളി, എറണാകുളം മേഖലയിൽ നിന്നുള്ള സ്പെഷ്യൽ സർവീസുകൾ എരുമേലിയുമായി ബന്ധിപ്പിച്ച് ഭക്തർക്ക് സേവനം നൽകും.