കയ്യേറ്റം ഒഴിപ്പിച്ച് സ്ഥലം തിരിച്ചുപിടിച്ച എരുമേലി പഞ്ചായത്തിന്റെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

എരുമേലി : ടൗണിൽ പഴയ ബാർ ഹോട്ടലിന് സമീപം പഞ്ചായത്ത്‌ പിടിച്ചെടുത്ത മൂന്ന് സെന്റ് സ്ഥലം സ്വകാര്യ വ്യക്തിയുടേത് ആണെന്ന ഹർജിയിൽ പഞ്ചായത്തിന്റെ നടപടികൾ ഒരു മാസത്തേക്ക് മരവിപ്പിച്ചു ഹൈക്കോടതി. ഇക്കഴിഞ്ഞ 12 ന് ജസ്റ്റീസ്‌ ശോഭ അന്നമ്മ ഈപ്പൻ ആണ് പഞ്ചായത്ത്‌ നടപടികൾ മരവിപ്പിച്ച് ഉത്തരവ് നൽകിയത്. കൊല്ലം കരുനാഗപ്പള്ളി നീലികുളം അബ്ദുൽ നാസറിന്റെ ഭാര്യ ബിന്ദുമോൾ ആണ് സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ബന്ധുവും എരുമേലി സ്വദേശിയുമായ നേർച്ചപ്പാറ പുത്തൻവീട് നിസാർ ആണ് സ്ഥലത്ത് ഇക്കഴിഞ്ഞ ശബരിമല സീസണിൽ ഷെഡ് വെച്ച് കച്ചവടം നടത്തിയിരുന്നത്. ഇത് പൊളിച്ചു മാറ്റി സ്ഥലം വീണ്ടെടുത്ത പഞ്ചായത്ത്‌ നടപടി ആണ് ഇപ്പോൾ ഹൈക്കോടതി ഒരു മാസത്തേക്ക് മരവിപ്പിച്ചിരിക്കുന്നത്. ഇവർക്ക് വേണ്ടി അഭിഭാഷകരായ പി എ മുഹമ്മദ്‌ ഷാ, റിനോയ് വിൻസെന്റ്, ഷഹീർ ഷൗക്കത്ത് അലി, ചെത്സൺ ചെമ്പരത്തി, മുഹമ്മദ്‌ ജുനൈദ്, ഷിലു സെബാസ്റ്റ്യൻ എന്നിവർ ഹാജരായി. അടുത്ത മാസം എട്ടിന് കേസിൽ കോടതി തുടർ വാദം കേൾക്കും. ഹർജിയിൽ പഞ്ചായത്തിന്റെ വിശദീകരണം കേട്ട് വാദങ്ങൾക്ക് ശേഷം തീർപ്പ് നൽകുന്നതോടെ സ്ഥലത്തിന്റെ ഉടമസ്ഥ അവകാശ തർക്കത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം സ്ഥലം പഞ്ചായത്ത്‌ വക ആണെന്നുള്ളതിന്റെ രേഖകൾ കോടതിയിൽ നൽകി സ്ഥലം വീണ്ടെടുക്കാൻ പഞ്ചായത്ത്‌ അധികൃതർ നടപടികൾ തുടങ്ങിയതോടെ റവന്യു ഉദ്യോഗസ്ഥർക്കെതിരെ ആക്ഷേപം.
ടൗണിൽ പഴയ ബാർ ഹോട്ടൽ കെട്ടിടത്തിന് സമീപത്ത് പണ്ട് വഴിയായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് കഴിഞ്ഞയിടെ സ്ഥലത്തെ ഷെഡ് പൊളിച്ച് മാറ്റി പഞ്ചായത്ത്‌ അധികൃതർ വീണ്ടെടുത്തത്. 2005 – 2010 കാലയളവിൽ അന്നത്തെ പഞ്ചായത്ത്‌ പ്രസിഡന്റ് പി എ ഇർഷാദിന്റെ നേതൃത്വത്തിൽ ഈ സ്ഥലം പഞ്ചായത്ത്‌ വീണ്ടെടുത്ത് ഗേറ്റുകൾ പൊളിച്ചു നീക്കി പഞ്ചായത്ത്‌ വക സ്ഥലമെന്ന് ബോർഡ് സ്ഥാപിച്ച് ശബരിമല സീസണിൽ വ്യാപാര ആവശ്യങ്ങൾക്ക് വാടക വ്യവസ്ഥയിൽ ഈ സ്ഥലം നൽകിയിരുന്നു. എന്നാൽ ഈ സ്ഥലത്തിന് സ്വകാര്യ വ്യക്തിയുടെ പേരിൽ എരുമേലി തെക്ക് വില്ലേജ് ഓഫീസിൽ ഭൂനികുതി സ്വീകരിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം പഞ്ചായത്ത്‌ വക ആണെന്നുള്ളതിന്റെ രേഖകൾ നൽകി അക്കാലത്ത് പഞ്ചായത്ത്‌ അധികൃതർ വില്ലേജ് ഓഫിസിൽ കത്ത് നൽകിയിരുന്നത് കൂടാതെ കഴിഞ്ഞയിടെയും കത്ത് നൽകിയിരുന്നു. കഴിഞ്ഞയിടെ രണ്ട് തവണ കത്ത് നൽകിയിട്ടും വില്ലേജ് ഓഫിസർ മറുപടി നൽകിയില്ല. മുമ്പ് ഇതേ സ്വകാര്യ വ്യക്തി കരം അടച്ചിരുന്നപ്പോൾ ഇത് റദ്ദാക്കാൻ പഞ്ചായത്ത്‌ കത്ത് നൽകിയപ്പോൾ മറുപടി ലഭിച്ചിരുന്നു. റവന്യു രേഖകളിൽ പിശക് സംഭവിച്ചത് മൂലമാണ് കരം സ്വകാര്യ വ്യക്തിയിൽ നിന്ന് ഈടാക്കിയതെന്നും അത് റദ്ദാക്കുമെന്നും അന്ന് വില്ലേജ് ഓഫിസർ മറുപടി കത്തിലൂടെ അറിയിച്ചിരുന്നു. ഈ കത്ത് തങ്ങളുടെ പക്കലുണ്ടെന്നും പഞ്ചായത്ത്‌ രാജ് നിയമപ്രകാരം മെമ്മോയും നോട്ടീസും നൽകി ഹിയറിങ്ങ് നടത്തുകയും സ്വകാര്യ വ്യക്തിയുടെ വിശദീകരണം കേൾക്കുകയും ചെയ്ത ശേഷം നോട്ടീസുകൾ നൽകിയതിനൊടുവിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഷെഡ് പൊളിച്ചു മാറ്റിയതെന്നും പഞ്ചായത്ത്‌ അധികൃതർ പറയുന്നു. പഞ്ചായത്ത്‌ വക ഭൂമിയ്ക്ക് സ്വകാര്യ വ്യക്തിയിൽ നിന്നും നികുതി സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പിൽ പരാതി നൽകുമെന്നും ഇക്കാര്യം ഹൈക്കോടതിയിൽ അറിയിക്കുമെന്നും പഞ്ചായത്ത്‌ അധികൃതർ പറഞ്ഞു. അതേസമയം വില നൽകി തന്റെ ബന്ധുക്കൾ വാങ്ങിയ സ്ഥലം ആണിതെന്നും പട്ടയം ഉൾപ്പടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഉണ്ടെന്നും എരുമേലി നേർച്ചപ്പാറ സ്വദേശി പുത്തൻവീട് നിസാർ പറഞ്ഞു. വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഈ സ്ഥലം ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത്‌ അധികൃതർ സ്ഥലം കഴിഞ്ഞയിടെ വീണ്ടും തിരിച്ചുപിടിച്ചത്. വഴിയോര വിശ്രമ കേന്ദ്രമായി ടേക്ക് എ ബ്രേക്ക്‌, കുടുംബശ്രീ ജനകീയ ഹോട്ടൽ എന്നിവയാണ് ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞയിടെ പഞ്ചായത്തിന്റെ അജൈവ പാഴ് വസ്തുക്കളുടെ ശേഖരണ കേന്ദ്രവും ഇവിടെ പ്രവർത്തിച്ചിരുന്നു. സമീപത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്ത് വലിയ തോടിന് കുറുകെ പാലം നിർമിക്കുന്നതിന് മുമ്പ് വരെയാണ് ഈ സ്ഥലം വഴിയായി നാട്ടുകാർ ഉപയോഗിച്ചിരുന്നത്. പഞ്ചായത്ത്‌ വക ആസ്തി രജിസ്റ്ററിലും റവന്യു സർവേ വകുപ്പിന്റെ രേഖകളിലും ഇത് പഞ്ചായത്ത്‌ വക സ്ഥലമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത്‌ അധികൃതർ പറയുന്നു.

error: Content is protected !!