വീണ്ടും അജ്ഞാത ജീവി വളർത്തു മൃഗങ്ങളെ കൊന്നു : നാടാകെ പുലിപ്പേടിയിൽ ..
എരുമേലി : മലയോര മേഖലയിൽ അജ്ഞാത ജീവിയുടെ ആക്രമണം തുടരുന്നു. ഇരുമ്പൂന്നിക്കര ആശാൻ കോളനിയിൽ പതാപ്പറമ്പിൽ ജയകുമാറിന്റെ വളർത്തുനായയെയും, സമീപത്തു താമസിക്കുന്ന കൈപ്പള്ളിൽ അനിൽകുമാറിന്റെ രണ്ടര വയസുള്ള ആടിനെയും അജ്ഞാത ജീവി കൊന്നതോടെ പ്രദേശവാസികൾ ഭീതിയിലായി.
എയ്ഞ്ചൽവാലി, മൂക്കൻപെട്ടി അരുവിക്കൽ, തുമരംപാറ, തുലാപ്പള്ളി വട്ടപ്പാറ എന്നിവിടങ്ങളിൽ വളർത്തു മൃഗങ്ങളെ പുലി കൊന്നെന്ന ഭീതിയുടെ പിന്നാലെ ഇരുമ്പൂന്നിക്കരയിലും വളർത്തു മൃഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ . കൊന്നത് പുലി ആണെന്ന സംശയം വ്യാപകമായതോടെ നിരീക്ഷണ ക്യാമറ ഇന്നലെ വൈകുന്നേരത്തോടെ ഇരുമ്പൂന്നിക്കരയിൽ വെച്ചെന്ന് വനം വകുപ്പ്.
ജനങ്ങൾ ഭീതിയിലാണെന്നും വനം വകുപ്പിൽ സുരക്ഷാ ക്രമീകരണങ്ങൾ ക്യാമറയിൽ ഒതുങ്ങുകയാണെന്നും ജനപ്രതിനിധികൾ. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ഇരുമ്പൂന്നിക്കര ആശാൻ കോളനിയിൽ പതാപ്പറമ്പിൽ ജയകുമാറിന്റെ വളർത്തുനായയെ ആണ് ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഇതിന്റെ തൊട്ടുപിന്നാലെ സമീപത്തെ കൈപ്പള്ളിൽ അനിൽകുമാറിന്റെ രണ്ടര വയസുള്ള ആടും കൊല്ലപ്പെട്ടു. വീട്ടുമുറ്റത്ത് കൂട്ടിൽ തുടലിൽ ബന്ധിപ്പിച്ചിരുന്ന നായ ആണ് കൊല്ലപ്പെട്ടത്. നായയുടെ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ ലൈറ്റ് പ്രകാശിപ്പിച്ചപ്പോൾ ഒരു ജീവി ഓടി മറയുന്നത് കണ്ടെന്ന് പറയുന്നു.
തുടലിൽ ബന്ധിപ്പിച്ചിരുന്ന നായയെ കഴുത്തിൽ കടിച്ചു കൊന്ന ശേഷം വലിച്ചു കൊണ്ടുപോയി ഭക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് വീട്ടുകാർ ഉണർന്ന് എത്തിയത്. ഇവിടെ നിന്നും ഓടിപ്പോയ അജ്ഞാത ജീവി സമീപത്തെ കൈപ്പള്ളിൽ അനിൽകുമാറിന്റെ ആടിനെ കടിച്ചു കൊന്ന ശേഷം 30 മീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി റബർ തോട്ടത്തിൽ എത്തിച്ചപ്പോഴേക്കും ശബ്ദം കേട്ട് ആളുകൾ എത്തിയിരുന്നു. ഇതോടെ ആടിനെ ഉപേക്ഷിച്ച് ജീവി ഓടി മറഞ്ഞെന്ന് വീട്ടുകാർ പറഞ്ഞു.
ഇന്നലെ രാവിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ജീവിയുടെ കാൽപാട് കണ്ടെത്തി. പ്രദേശത്ത് രാത്രിയിൽ പട്രോളിംഗ് നടത്തുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ നിരീക്ഷണ ക്യാമറ സ്ഥാപിച്ചെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഇവിടെ വനാതിർത്തിയിലുള്ള സൗരവേലിയിൽ വൈദ്യുതി പ്രവാഹമില്ലെന്ന് നാട്ടുകാർ പറയുന്നു. വേലി പ്രവർത്തനക്ഷമമാക്കണമെന്ന് കഴിഞ്ഞയിടെ എരുമേലിയിൽ വന സൗഹൃദ സദസിൽ വെച്ച് വനം വകുപ്പ് മന്ത്രിക്ക് നാട്ടുകാർ നിവേദനം നൽകിയതാണ്. വേലി പ്രവർത്തനസജ്ജമാക്കണമെന്നും അജ്ഞാത ജീവിയെ കണ്ടെത്തി പിടികൂടി നാട്ടുകാരുടെ ഭീതി അകറ്റണമെന്നും വന്യമൃഗ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടവർക്ക് മതിയായ നഷ്ട പരിഹാരം അനുവദിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് ബിനോയ് ഇലവുങ്കൽ, വാർഡ് അംഗം പ്രകാശ് പള്ളിക്കൂടം, ഇരുമ്പൂന്നിക്കര പട്ടിക വർഗ ഊരുമൂപ്പൻ രാജൻ അറക്കുളം എന്നിവർ ആവശ്യപ്പെട്ടു.