കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ റബ്ബർ വിലയിടിവിനെതിരെ നടത്തുന്ന ലോങ് മാർച്ച് കാഞ്ഞിരപ്പള്ളിയിൽ എം എം മണി എംഎൽഎ ഉദ്‌ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: ഇന്ത്യാ രാജ്യത്തെ ഭരണം നിയന്ത്രിക്കുന്നത് ബഹുരാഷ്ട കുത്തകളാണെന്ന് കേരള കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം എം മണി എംഎൽഎ പറഞ്ഞു.
കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ റബ്ബർ വിലയിടിവിനെതിരെ രാജ്ഭവനു മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ പ്രചരണാർത്ഥം നടത്തുന്ന ലോങ് മാർച്ച് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എം മണി.
കോൺഗ്രസ് ഒപ്പുവെച്ച ആസിയാൻ കരാർ കാരണമാണ് റബ്ബർ ഉൾപ്പെടെയുള്ളവയുടെ കാർഷിക വിളയുടെ വിലയിടിയാൻ കാരണം. കേരളത്തിലെ എൽഡിഎഫ് സർക്കാർ പാവപ്പെട്ടവരുടെ നൻമ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതു കൊണ്ടാണ് രണ്ടാമത്ത തവണയും കേരളത്തിൽ അധികാരത്തിൽ വന്നത്. ബി ജെ പിക്കും നരേന്ദ്ര മോദിക്കുമെതിരെ ശബ്ദിക്കുന്നവരെ ജയിലിൽ അടയ്ക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും മണി പറഞ്ഞു.
ഉദ്‌ഘാടന യോഗത്തിൽ സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ജോസഫ് ഫിലിപ്പ് അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ,കെ എം രാധാകൃഷ്ണൻ ,കെ രാജേഷ്, ഷമീം അഹമ്മദ്, വി ജി ലാൽ, തങ്കമ്മ ജോർജുകുട്ടി, സി മനോജ്, സജിൻ വട്ടപ്പള്ളി, പി എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. ബാലസംഘം കൂട്ടുകാരുടെ കലാവിരുന്നും ഉണ്ടായിരുന്നു.