കൂട്ടിക്കൽ ചപ്പാത്ത് ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
കൂട്ടിക്കൽ: കൂട്ടിക്കൽ ചപ്പാത്ത് ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ഒക്ടോബറിലുണ്ടായ പ്രളയത്തിലാണ് കൂട്ടിക്കൽ ചപ്പാത്തി ജംഗ്ഷനിലുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പൂർണമായും തകർന്നത്. പുല്ലകയാർ കരകവിഞ്ഞൊഴുകിയതിനെത്തുടർന്നു തകർന്ന വെയ്റ്റിംഗ് ഷെഡിന്റെ അടിത്തറ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.
പതിറ്റാണ്ടുകൾക്കു മുന്പ് നിർമിക്കപ്പെട്ട ബസ് കാത്തിരിപ്പുകേന്ദ്രം യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഏന്തയാർ, ഇളങ്കാട്, വെംബ്ലി, കൊക്കയാർ, കുറ്റിപ്ലാങ്ങാട് തുടങ്ങിയ മേഖലകളിലേക്കുള്ള യാത്രക്കാരുടെ ആശ്രയമായിരുന്നു ഈ വെയ്റ്റിംഗ് ഷെഡ്.
ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിന്റെ കവാടമാണ് ചപ്പാത്ത് പാലം. കുറ്റിപ്ലാങ്ങാട് സ്കൂളിലെ വിദ്യാർഥികളും, കൊക്കയാർ പഞ്ചായത്ത്, നാരങ്ങന്പുഴ ബാങ്ക് അടക്കമുള്ള മേഖലയിലേക്കുള്ള യാത്രക്കാർ ആശ്രയിച്ചിരുന്നതും ഈ ബസ് കാത്തിരിപ്പുകേന്ദ്രത്തെയായിരുന്നു.
സ്കൂൾ വിദ്യാർഥികളടക്കമുള്ളവർക്കു വെയിലും മഴയുമേൽക്കാതെ ഉപകാരപ്രദമായിരുന്ന വെയ്റ്റിംഗ് ഷെഡ് തകർന്നിട്ട് ഒരു വർഷത്തോടടുത്തിട്ടും പുനർനിർമിക്കുന്നതിനു യാതൊരു നടപടിയുമുണ്ടായിട്ടില്ല. മഴക്കാലമായതോടെ യാത്രക്കാർ മഴ നനഞ്ഞു ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ്.
നിരവധിത്തവണ ജനപ്രതിനിധികളെ വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചെങ്കിലും എല്ലാവരും അവഗണിക്കുകയാണെന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ഇപ്പോൾ യാത്രക്കാർ സമീപത്തെ കടത്തിണ്ണകളെയാണ് ആശ്രയിക്കുന്നത്. ഇതു മേഖലയിലെ ചെറുകിട വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.