വീഴാനൊരുങ്ങി വൻ മരങ്ങൾ
മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയോരത്ത് അപകടക്കെണിയൊരുക്കി വൻ മരങ്ങൾ. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ പെരുവന്താനത്തിനും മുറിഞ്ഞപുഴയ്ക്കുമിടയിലാണ് അപകടഭീഷണി ഉയർത്തി പാതയുടെ വശങ്ങളിൽ വൻമരങ്ങൾ നിൽക്കുന്നത്.
ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി വേര് തെളിഞ്ഞ നിലയിൽ നിരവധി മരങ്ങളാണ് ഏതുനിമിഷവും നിലംപതിക്കുന്ന അവസ്ഥയിൽ നിൽക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുറിഞ്ഞപുഴയ്ക്കു സമീപം മരം കടപുഴകി വീണതിനെത്തുടർന്നു രണ്ടു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
പീരുമേട്ടിൽനിന്നു ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി ലൈനുകൾക്കും കേടുപാട് സംഭവിച്ചു. മരം കടപുഴകി വീഴുന്നതിനു നിമിഷങ്ങൾക്കു മുന്പ് ഇതുവഴി കെഎസ്ആർടിസി ബസ് കടന്നുപോയിരുന്നു.
ചില മരങ്ങളുടെ വേരുകൾ പിഴുതുമാറി വള്ളിപ്പടർപ്പുകളുടെ ബലത്തിലാണ് നിൽക്കുന്നത്. അപകടഭീഷണി ഉയർത്തി നിൽക്കുന്നതിൽ ഭൂരിഭാഗവും പാഴ് മരങ്ങളാണ്. അതുകൊണ്ടുതന്നെ ഇവ ലേലം വിളിക്കാനോ വെട്ടി മാറ്റാനോ തടിക്കച്ചവടക്കാരും മുന്നിട്ടിറങ്ങാറില്ല.
കഴിഞ്ഞ കാലവർഷം മുതൽ ദേശീയപാതയോരത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ദേശീയപാതാ വിഭാഗം ഇതിനു തയാറായിട്ടില്ല.
പെരുവന്താനം മുതൽ കുട്ടിക്കാനം വരെ ദേശീയപാത വനതുല്യമാണ്. വശങ്ങളിൽ വലിയ കാടുകൾ വളർന്നു നിൽക്കുന്നതിനൊപ്പം അപകടഭീഷണിയായി വൻ മരങ്ങൾ കൂടി നിൽക്കുന്നതു വാഹന യാത്രികരെയും ഭീതിയിലാഴ്ത്തുകയാണ്.
മഴക്കാലമായതോടെ മേഖലയിൽ ശക്തമായ മൂടൽമഞ്ഞും അനുഭവപ്പെടുന്നുണ്ട്. മരങ്ങൾ കടപുഴകി പാതയിൽ പതിച്ചാൽ ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടും.