ജസ്‌ന തിരോധാനക്കേസില്‍ പുരോഗതിയില്ല, അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ.

കാഞ്ഞിരപ്പള്ളി എസ്.ഡി. കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജസ്‌ന മറിയ ജയിംസ് തിരോധാനക്കേസന്വേഷണത്തില്‍ സി.ബി.ഐക്കും വഴിമുട്ടി. തുടക്കത്തില്‍ ചില സൂചനകള്‍ ലഭിച്ചെങ്കിലും പിന്നീടുള്ള അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇക്കാര്യം വ്യക്തമാക്കി ഹൈക്കോടതിയില്‍ സി.ബി.ഐ. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ടു കൈമാറിയിട്ടുണ്ട്.

ജസ്‌നയെ കാണാതായ ദിവസങ്ങളിലെ വിമാന ടിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ ചില സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍, സംശയമുള്ള ചില യാത്രക്കാരെ തോന്നിയവരെ ചോദ്യംചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. ജസ്‌ന മറ്റൊരു സംസ്ഥാനത്തു ജീവിക്കുന്നുണ്ടെന്നും രണ്ടു കുട്ടികളുണ്ടെന്നുമുള്ള വിവരങ്ങളിലും സ്ഥിരീകരണമില്ല. മനുഷ്യക്കടത്തായി രാജ്യംവിട്ടുവെന്നാണു മറ്റൊരു വിവരം.

അന്വേഷണം വിപുലപ്പെടുത്തി വരികയാണെന്നും ഇതിന്റെ ഭാഗമായി ഇന്റര്‍പോളിനു യെലോ നോട്ടിസ് നല്‍കിട്ടുണ്ടെന്നും സി.ബി.ഐ. കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതിയെ അറിയിച്ചിരുന്നു. ജസ്‌നയ്ക്കായി സി.ബി.ഐ. ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. എന്നാല്‍, ഇതുവരെ കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍, അന്വേഷണം മുന്നോട്ടു നീങ്ങാത്ത സ്ഥിതിയാണെന്നും സി.ബി.ഐ. വൃത്തങ്ങള്‍ പറയുന്നു.
ബംഗ്ളുരു, പുന, ഗോവ, ചെെന്നെ എന്നിവിടങ്ങളിലെല്ലാം അന്വേഷണം നടത്തി. സഹപാഠികളെയും ചോദ്യംചെയ്തു. സൈബര്‍ പോലീസുമായി സഹകരിച്ചു പതിനായിരത്തോളം ഫോണ്‍കോളുകളും പരിശോധിച്ചിരുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ പോലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചും കാത്തിരുന്നു. ജസ്‌നയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു ഡി.ജി.പി. അഞ്ചു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചതാണ്. തുടര്‍ന്നാണു കേസ് സി.ബി.ഐക്കു വിടുന്നത്. 2020 മേയില്‍ ക്രൈംബ്രാഞ്ച് ഡി.ജി.പി. ടോമിന്‍ തച്ചങ്കരി ജസ്‌നയെക്കുറിച്ചു വ്യക്തമായ ചില വിവരങ്ങള്‍ കിട്ടിയെന്ന സൂചന നല്‍കിയിരുന്നു. എന്നാല്‍ പിന്നീടു പുരോഗതിയുണ്ടായില്ല.

അന്വേഷണ ഏജന്‍സികള്‍ പലതും മാറി വന്നിട്ടും ജസ്‌നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണു 2021 ഫെബ്രുവരിയില്‍ ഹൈക്കോടതി സി.ബി.ഐക്കു വിട്ടത്. 2018 മാര്‍ച്ച് 22 നാണു വെച്ചൂച്ചിറ സ്വദേശി ജെയിംസ് ജോസഫിന്റെ മകള്‍ ജസ്‌നയെ (20) കാണാതാകുന്നത്.

error: Content is protected !!