കനത്ത കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളി മേഖലയിൽ വ്യാപക നാശം
കാഞ്ഞിരപ്പള്ളി : ശനിയാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കാഞ്ഞിരപ്പള്ളി പ്രദേശത്ത് വ്യാപക നാശം. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ, കൊടുവന്താനം, പൊന്മല, വണ്ടൻപാറ എന്നിവിടങ്ങളിലാണ് നാശമുണ്ടായത്.
കാഞ്ഞിരപ്പള്ളി നാച്ചികോളനി ലെയ്നിൽ പാറടിയിൽ വി എ സുബൈദായുടെ വീടിനു മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു.രണ്ടു മുറികളുടേയും അടുക്കളയുടേയും മേൽക്കൂര പൂർണ്ണമായും തകർന്നു.സുബൈദായും ഭിന്നശേഷികാരനായ മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
മരം ഒടിഞ്ഞ് വീണ് വട്ടകപ്പാറയിൽ തേനംമാക്കൽ ടി.എം. ഹസീബിന്റെ വീടും, കൊടുവന്താനത്ത് അംബിയിൽ നിസാറിന്റെ വീടും ഭാഗികമായും തകർന്നു. ഹസീബിന്റെ വീടിന്റെ മുകളിലേക്ക് അയൽവാസിയുടെ പുരയിടത്തിലെ തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. അടുക്കളയുടെയും, ഹാളിന്റെയും മേൽക്കൂരയ്ക്കു മുകളിലേക്കാണു മരം വീണത്.
അയൽവാസിയുടെ പുരയിടത്തിലെ തേക്ക് മരം ഒടിഞ്ഞ് വീണാണ് നിസാറിന്റെ വീട് ഭാഗികമായി തകർന്നത്. വട്ടകപ്പാറ മേഖലയിൽ വീശിയടിച്ച കാറ്റിൽ നിരവധി മരങ്ങൾ നിലം പൊത്തി. തേക്ക്, പ്ലാവ് മരങ്ങളാണ് കടപുഴകി വീണിരിക്കുന്നത്. വാഴ, കപ്പ തുടങ്ങിയ കൃഷികളും കാറ്റിൽ നശിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലാണ്. പലയിടങ്ങളിലും വൈദ്യുതി പോസ്റ്റുകൾ നിലംപൊത്താവുന്ന നിലയിലാണ്.
ആനക്കല്ല് പൊന്മലയിൽ മാന്തുരുത്തിയിൽ ഇമ്മാനുവേൽ ഡൊമിനികിന്റെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. ആനക്കല്ല്, പൊന്മല, പൊടിമറ്റം റോഡിൽ രണ്ടിടങ്ങളിൽ വൈദ്യുതി ലൈനിന്റെ മുകളിലേക്കു മരം ഒടിഞ്ഞ് വീണ് വൈദ്യുതി തടസ്സപ്പെട്ടു. നിരവധി തോട്ടങ്ങളിൽ റബർ മരം ഒടിഞ്ഞും നാശമുണ്ടായി.