കാഞ്ഞിരപ്പള്ളി മേഖല ഏറെകാലം പൊതുഗതാഗത്തിനായി ആശ്രയിച്ച കെഎംഎസിന്റെ അമരക്കാരൻ കെഎംഎസ് കൊച്ചേട്ടൻ ഓർമയായി
കാഞ്ഞിരപ്പള്ളി : ഒരുകാലത്ത് കാഞ്ഞിരപ്പള്ളി മേഖലയിലെ പൊതുഗതാഗതം നിയന്ത്രിച്ചിരുന്ന കെഎംഎസ് ബസ് സർവീസിന്റെ
ഉടമ കളപ്പുരക്കൽ കെ.ടി. മാത്യു എന്ന കെഎംഎസ് കൊച്ചേട്ടൻ (81) ഓർമയായി. ഇരുപത്തഞ്ചിൽ അധികം ബസ്സുകൾ ഉണ്ടായിരുന്ന കെഎംഎസ് ബസ് സർവീസിന്റെ ഭൂരിഭാഗം ബസ്സുകളും, കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ പ്രദേശങ്ങളിലൂടെ സർവീസ് നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി വഴി, മുണ്ടക്കയം, കുമളി, രാമക്കൽമേട്, എരുമേലി, എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, തുലാപ്പള്ളി, ചാത്തൻതറ, മുക്കൂട്ടുതറ, മണ്ണടിശാല, കോരുത്തോട്, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ, ചേനപ്പാടി, വിഴിക്കത്തോട്, പാലപ്ര, ചേറ്റുതോട്, ചെങ്ങളം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്നത് കെഎംഎസ് ബസ്സുകളെ ആയിരുന്നു. മണ്ണ് റോഡുകൾ മാത്രം ഉണ്ടായിരുന്ന പല അവികസിത പ്രദേശങ്ങളിലും താമസിച്ചിരുന്ന നിരവധി വിദ്യാർത്ഥികളുടെ കോളേജ് വിദ്യാഭ്യാസം സാധ്യമായത് ഒരിക്കലും മുടങ്ങാതെ സർവീസ് നടത്തിയ കെഎംഎസ് ബസ്സുകൾ മൂലമാണന്നത് ആരും സമ്മതിക്കും.
1990 കളിൽ പാലാ-പൊൻകുന്നം റൂട്ടിലെ ഭൂരിഭാഗം ബസ്സുകളും കെഎംഎസ് ബസ്സുകൾ ആയിരുന്നു. ചില രാഷ്ട്രീയക്കാരുടെ ചില്ലറ പിണക്കങ്ങളും, പിടിവാശിയും മൂലം കെഎംഎസ് ബസ്സുകളുടെ മുന്നിലും പിന്നിലും നഷ്ടം സഹിച്ചും KSRTC ചെയിൻ സർവീസുകൾ ഓടിച്ച്, ആ വലിയ പ്രസ്ഥാനം തകർക്കുന്നതുവരെ പിപി റോഡിലെ പൊതുഗതാഗത കുത്തക കെഎംഎസ് ബസ് സർവീസിന്റെ കൈയിൽ ഭദ്രമായിരുന്നു. ഒരേ സമയം 150 ലേറെ പേർക്ക് ജോലി നൽകിയ വൃത്തിയും വെടിപ്പുമുള്ള ഈ ബസ് സർവീസിനെ ഇന്നും ജനങ്ങൾ സ്നേഹത്തോടെയാണ് സ്മരിക്കുന്നത്.
1990 കളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ബസുകളുടെ ഉടമയായിരുന്നു കെഎംഎസ് കൊച്ചേട്ടൻ. അക്കാലത്ത് 24 ബസാണ് ഉണ്ടായിരുന്നത്. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്താൻ കെഎംഎസ് കൊച്ചേട്ടനു കഴിഞ്ഞു.
സ്വാതന്ത്ര്യം കിട്ടി കേവലം രണ്ടുമൂന്നു വർഷങ്ങൾ കഴിയുന്പോഴേക്കും, കാഞ്ഞിരപ്പള്ളി മീനച്ചിൽ താലൂക്കുകളിൽ പൊതുഗതാഗതത്തിനു പുതിയ മുഖമായി പാലാ -പൊൻകുന്നം റൂട്ടിൽ കെഎംഎസ് ബസ് ഓടിത്തുടങ്ങി. പൊതുഗതാഗതത്തിന് യാതൊരു പ്രാധാന്യവുമില്ലാതിരുന്ന അക്കാലത്ത് അതിന്റെ പ്രസക്തി എന്താണെന്നു ജനത്തെ ബോധ്യപ്പെടുത്തിയായിരുന്നു കെഎംഎസിന്റെ പ്രയാണം. 10 വർഷം മുന്പുവരെ പുലർച്ചെ 5.30 മുതൽ രാത്രി 8.50 വരെ ഈ റൂട്ടിൽ അര മണിക്കൂർ കാത്തുനിന്നാൽ ഒരു കെഎംഎസ് ബസ് അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്നത് കാണാമായിരുന്നു.
പൈക ക്രംബ് ജംഗ്ഷനിലാണു കൊച്ചേട്ടന്റെ കളപ്പുരയ്ക്കൽ വീട്. കന്പനിക്ക് ഓഫീസുണ്ടെങ്കിലും കൊച്ചേട്ടന്റെ ഓഫീസ്’ വീടിന്റെ വരാന്തയാണ്. വരാന്തയിലിരിക്കുന്പോൾതന്നെ ബസുകൾ റോഡിലൂടെ പോകുന്നത് കാണാം. ആ ഇരുപ്പിൽത്തന്നെ ബസിൽ തിരക്കുണ്ടോയെന്നും ആളില്ലേയെന്നുമൊക്കെ കൊച്ചേട്ടന് അറിയാം. ബസ് സമയം തെറ്റിയാണ് വരുന്നതെങ്കിൽ കൊച്ചേട്ടന്റെ നിർദേശപ്രകാരം മാനേജർ റോഡിലിറങ്ങിനിന്നു ബസ് നിർത്തി കാര്യം തിരക്കും.
ബസിന് എന്തെങ്കിലും തകരാറുണ്ടെങ്കിൽ ശബ്ദം കേട്ടാൽ കൊച്ചേട്ടനത് തിരിച്ചറിയും. ബസ് തിരികെവരുന്പോൾ മാനേജർ വഴിയിൽനിന്നു ബസ് നിർത്തി നേരേ വീടിനോട് ചേർന്ന വർക് ഷോപ്പിലേക്കു കയറ്റും. പകരം സ്റ്റെപ്പിനിയായി ഇട്ടിരിക്കുന്ന ബസ് സർവീസ് തുടരും.
26 സർവീസ് ബസുകളും നാല് സ്റ്റെപ്പിനി ബസുകളുമാണുണ്ടായിരുന്നത്. മെറ്റാലിക് കളറിൽ ത്രിവർണ പതാകയുടെ ബോർഡർ ലൈനോടു കൂടിയായിരുന്നു കെഎംഎസിന്റെ എല്ലാ ബസുകളും.
ജില്ലയിലെ ആദ്യത്തെ എക്സ്പ്രക്സ് കാറ്റഗറിയുള്ള പെർമിറ്റും കെഎംഎസ് വകയാണ്. മുണ്ടക്കയം ബോയ്സ് എസ്റ്റേറ്റിൽനിന്നും എറണാകുളത്തിനായിരുന്നു സർവീസ്.
തുലാപ്പള്ളിയിൽനിന്നുള്ള എറണാകുളം ഫാസ്റ്റ് സർവീസും ആദ്യ ഫാസ്റ്റ് സർവീസിലൊന്നായിരുന്നു. പാലായിൽനിന്നു ഹൈറേഞ്ചിലേക്കുള്ള ആദ്യ സർവീസും കെഎംഎസിനു സ്വന്തം. കുമളി രാമക്കൽമേട് റൂട്ടിൽ കെഎംഎസ് സാബു എന്നപേരിലായിരുന്നു സർവീസ്.
കൂടാതെ എരുമേലിയുടെയും മുണ്ടക്കയത്തിന്റെയും ഗ്രാമീണ പ്രദേശങ്ങളായ എയ്ഞ്ചൽവാലി, മൂക്കൻപെട്ടി, തുലാപ്പള്ളി, ചാത്തൻതറ, മുക്കൂട്ടുതറ, മണ്ണടിശാല, കോരുത്തോട്, കുഴിമാവ്, 504 കോളനി, പുഞ്ചവയൽ പ്രദേശങ്ങളിലേക്കും പൊതുഗതാഗതം എത്തിച്ചത് കെഎംഎസ് ആയിരുന്നു. ചേനപ്പാടി, വിഴിക്കത്തോട്, പാലപ്ര പ്രദേശത്തേക്ക് ആദ്യനാളുകളിൽ മണ്ണു റോഡിലൂടെയും സർവീസുണ്ടായിരുന്നു.
വൃത്തിയും വെടിപ്പുമുള്ള കെഎംഎസ് ബസുകളെ ജനങ്ങൾ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. സംസ്കാരം നാളെ 3നു പൈക സെന്റ് ജോസഫ്സ് പള്ളിയിലെ കുടുബ കല്ലറയിൽ.