ബസിൽ കുഴഞ്ഞു വീണ യുവതിക്ക് തുണയായി ബസ് ജീവനക്കാരും യാത്രക്കാരും .

എരുമേലി : രണ്ട് കുട്ടികളുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം മൂലം ബോധരഹിതയായി വീണ യുവതിയെ കുറഞ്ഞ സമയത്തിനുള്ളിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി യാത്രക്കാരും ജീവനക്കാരും മാതൃകയായി.
വഴിയിലെങ്ങും ബസ് നിർത്താതെ പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചാണ് യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയത്. ഇടയ്ക്ക് സ്റ്റോപ്പുകളിൽ ഇറങ്ങാനുണ്ടായിരുന്ന യാത്രക്കാർ ആശുപത്രിയിൽ ഇറങ്ങി മറ്റ് വാഹനങ്ങളിൽ തിരികെ സ്റ്റോപ്പിലെത്തി മടങ്ങി. കാരുണ്യവും കൈത്താങ്ങും ഒരുമയോടെ പകർന്ന ഈ കാഴ്ച ഇന്നലെ എരുമേലി – മുക്കൂട്ടുതറ റൂട്ടിൽ സെന്റ് മേരീസ് പൈലിത്താനം എന്ന സ്വകാര്യ ബസിൽ.

രാവിലെ കോട്ടയത്ത്‌ നിന്നും തുലാപ്പള്ളിയിലേക്ക് പുറപ്പെട്ട ബസിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ് മുക്കൂട്ടുതറയിൽ പോകാൻ യുവതിയും ഒപ്പം രണ്ട് കുഞ്ഞുമക്കളും കയറിയത്. എരുമേലി പിന്നിട്ട് ബസ് പൊയ്ക്കൊണ്ടിരിക്കെ യുവതി അവശയായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ സ്ത്രീകൾ ഉൾപ്പടെ മറ്റ് യാത്രക്കാർ സഹായത്തിനെത്തി. തുടർന്നുള്ള സ്റ്റോപ്പുകളിൽ ബസ് നിർത്താതെ അപ്പോൾ തന്നെ മുക്കൂട്ടുതറ അസീസി ആശുപത്രിയിലേക്ക് ബസ് പുറപ്പെട്ടു.

മണിമല സ്വദേശികളായ ഡ്രൈവർ സജിത്ത് കണ്ടക്ടർ ജോമോൻ എന്നിവരും യാത്രക്കാരും ചേർന്ന് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ യുവതിയെ പ്രവേശിപ്പിച്ചു. അടിയന്തിര ചികിത്സയോടെ ആരോഗ്യ നില മെച്ചപ്പെട്ട യുവതി ഉച്ചയോടെ ആശുപത്രി വിട്ടതായി മുക്കൂട്ടുതറ അസ്സീസി ആശുപത്രി അധികൃതർ അറിയിച്ചു.

error: Content is protected !!