എരുമേലിയിൽ തീർഥാടകബാലൻ ഒഴുക്കിൽപ്പെട്ടു
ഇരുകരമുറ്റി ഒഴുകുന്ന എരുമേലി വലിയതോട്. സുരക്ഷയില്ലാതെയാണ് ഭക്തർ കടവിൽ കുളിക്കാനിറങ്ങുന്നത്
എരുമേലി: വലിയതോട്ടിൽ ധർമശാസ്താക്ഷേത്രത്തിന് മുമ്പിലുള്ള കുളിക്കടവിൽ തീർഥാടക ബാലൻ ഒഴുക്കിൽപ്പെട്ടു. തമിഴ്‌നാട് സ്വദേശിയായ ബാലനാണ് ഒഴുക്കിൽപ്പെട്ടത്.
ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. കടവിലെ കൽപ്പടവിൽ കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കുട്ടിയെ ഒപ്പമുണ്ടായിരുന്ന ഭക്തർ രക്ഷിച്ചു. കുട്ടി ഒഴുക്കിൽപ്പെട്ട സാഹചര്യത്തെ തുടർന്ന് അപകടം ഒഴിവാക്കാൻ കുളിക്കടവിലേക്കിറങ്ങുന്ന ഭാഗം ദേവസ്വം ബോർഡ് വടംകെട്ടി വേർതിരിച്ചു. എന്നാൽ കടവിൽ പൂർണതോതിൽ സുരക്ഷ ഏർപ്പെടുത്തിയിട്ടില്ല.
വലിയതോട്ടിലെ കുളിക്കടവിൽ ഇരുകര മുറ്റിയാണ് വെള്ളമൊഴുക്ക്. മുമ്പ് കടവിൽ ഭക്തർക്ക് മുന്നറിയിപ്പും സുരക്ഷയ്ക്കുമായി പോലീസിന്റെ സേവനം ലഭ്യമായിരുന്നെങ്കിലും ഇക്കുറി ആരുമില്ലാത്തനിലയിലാണ്. മാസപൂജയുടെ ഭാഗമായി ശബരിമലനട തുറന്നതോടെ എരുമേലിയിൽ അയ്യപ്പഭക്തരുടെ തിരക്കേറി. എരുമേലിയിലും തീർഥാടന പാതകളിലും ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് ജാഗ്രത കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.