കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് സ്കൂളിൽ അക്കമ്മ ചെറിയാന്റെ സ്മരണാർത്ഥം ” സ്പാർക്ക് -22 “
കാഞ്ഞിരപ്പള്ളി: ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവിതാംകൂറിന്റെ ഝാൻസി റണിയും സെന്റ് മേരിസ് സ്കൂളി ന്റെ പ്രഥമ പ്രധാനാധ്യാപികയുമായിരുന്ന അക്കമ്മ ചെറിയാന്റെ സ്വാതന്ത്ര്യസമരപോരാട്ടങ്ങൾ സ്പാർക്ക് -22 എന്ന പ്രോഗ്രാമിലൂടെ നടത്തപ്പെട്ടു.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംങ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റും സെന്റ് മേരിസ് സ്കൂളിലെ വിദ്യാര്‍ത്ഥികളും സംയുക്തമായാണ് ആഘോഷങ്ങൾ നടത്തിയത്. സ്കൂളിലെ അക്കമ്മ ചെറിയാന്‍ ബ്ലോക്കില്‍ ആരംഭിച്ച റാലി സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ പരേഡോഡുകൂടിയാണ് സമാപിച്ചത്.
മഹാത്മാഗാന്ധി, അക്കാമ്മ ചെറിയാന്‍ തുടങ്ങിയ സ്വാതന്ത്ര്യസമരനേതാക്കളുടെ വേഷധാരികളും അമല്‍ ജ്യോതി എഞ്ചിനീയറിംങ് കോളേജിലെ എന്‍.എസ്.എസ് പ്രവര്‍ത്തകരും സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് അക്കമ്മ ചെറിയാന്‍ റോഡ് വരെ റാലി നടത്തിയത്. അമല്‍ജ്യോതി കോളേജിലെ ഫുഡ് ടെക്നോളജി വിഭാഗം പ്രൊഫസറും എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ ഡോ. സണ്ണിച്ചന്‍ വി. ജോര്‍ജ്ജാണ് റാലി ഫ്ളാഗ് ഓഫ് ചെയ്തത്.
സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി മിനിമോള്‍ ജോസഫ് സ്വാഗതവും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി. ജിജി പുല്ലത്തില്‍ ആമുഖസന്ദേശവും നല്‍കി. തുടര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അക്കമ്മ ചെറിയാന്‍ വേഷധാരിയായ അമല്‍ജ്യോതി എന്‍ജിനീയറിംങ് കോളേജിലെ രണ്ടാംവര്‍ഷ ബി.ടെക് കെമിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി കുമാരി നിഖിത ‘മാനവഗീതം’ ആലപിച്ച് സ്പാര്‍ക്കിന് തുടക്കം കുറിച്ചു.
കേളേജിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍ സെക്രട്ടറിമാര്‍ അക്കമ്മ ചെറിയാന്‍ സ്പാര്‍ക്ക് എന്ന പ്രോഗ്രാം ദൃശ്യശ്രാവ്യ മാധ്യമ സഹായത്താല്‍ അവതരിപ്പിക്കുകയും ഇതിന്‍റെ വെളിച്ചത്തില്‍ അക്കമ്മ ചെറിയാന്റെ സംഭവബഹുലമായ ജീവിതത്തെ അസ്പദമാക്കി പ്രശ്നോത്തരി നടത്തുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. അമല്‍ജ്യോതി എഞ്ചിനീയറിംങ് കോളേജി സിവില്‍ എഞ്ചിനീയറിംങ് വിഭാഗം അസി. പ്രൊഫസറും എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറുമായ ഡോ. ജിന്‍സ് പി. സക്കറിയ സ്വാതന്ത്ര്യസമര പോരാട്ടചരിത്രത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ സെമിനാര്‍ നടത്തുകയും ചെയ്തു. സെന്‍റ്മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ആര്‍മി ഡാന്‍സ് സദസ്സിനെ വര്‍ണ്ണാഭമാക്കി.