അക്കമ്മ ചെറിയാൻ : സ്വാതന്ത്ര്യപോരാട്ടത്തിൽ കാഞ്ഞിരപ്പള്ളിയുടെ സംഭാവന
കാഞ്ഞിരപ്പള്ളി : സ്വാതന്ത്ര്യസമര പോരാട്ടത്തിൽ കാഞ്ഞിരപ്പള്ളിയെന്ന കൊച്ചുഗ്രാമത്തിന്റെ പേര് എഴുതിചേർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് അക്കമ്മ ചെറിയാൻ. സ്വാതന്ത്ര്യസമര പോരാട്ടരംഗത്ത് മുന്നണി പേരാളിയായിരുന്ന അക്കമ്മ ചെറിയാനൊപ്പം ഇളയ സഹോദരി റോസമ്മ പുന്നൂസും സമരമുഖത്തുണ്ടായിരുന്നു. രണ്ടുപേരും ജയിൽവാസവും അനുഭവിച്ചു.
ആദ്യ കേരളനിയമസഭയിലെ അംഗമായിരുന്നു റോസമ്മ പുന്നൂസ്. സ്വാതന്ത്ര്യസമര പേരാട്ടങ്ങൾക്ക് വനിതകളെ പങ്കെടുപ്പിക്കുന്നതിൽ അക്കമ്മ ചെറിയാൻ പ്രധാനപങ്കുവഹിച്ചു. 1909-ഫെബ്രുവരി 15-നാണ് അക്കമ്മ ചെറിയാൻ ജനിച്ചത്.
കരിപ്പാപ്പറമ്പിൽ തൊമ്മൻ ചെറിയാന്റെയും അന്നമ്മയുടെയും എട്ട് മക്കളിൽ രണ്ടാമത്തെ മകൾ. അവർ ജനിച്ച കുരിശുങ്കലിലെ തറവാട് വീടും ചെറുപ്പവും കൗമാരവും ജീവിച്ച നിലയ്ക്കൽ ബംഗ്ലാവും ഇന്നില്ല. കെ.കെ. റോഡരികിലെ സ്ഥലത്ത് നിലവിൽ ഇവിടെ സന്ന്യാസിനി മഠമാണുള്ളത്.
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിൽ പ്രഥമാധ്യാപികയായിരിക്കെ ജോലി രാജി വെച്ചാണ് 29-ാമത്തെ വയസ്സിൽ സ്വാതന്ത്ര്യ സമരരംഗത്തേക്കിറങ്ങിയത്. തിരുവിതാംകൂറിന്റെ ഝാൻസിറാണിയെന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച അക്കാമ്മ ചെറിയാൻ ബ്രിട്ടീഷ് തോക്കുകൾക്ക് മുൻപിൽ നെഞ്ചുറപ്പോടെ നിന്നത് ചരിത്രത്തിന്റെ ഭാഗമാണ്. 1952-ൽ എം.എൽ.എ. ആയിരുന്ന വി.വി.വർക്കിയെ വിവാഹം ചെയ്തു. സ്വാതന്ത്ര്യം ലഭിച്ചശേഷവും രാഷ്ട്രീയരംഗത്ത് കർമ നിരതയായിരുന്നു.
1948-51 തിരുവിതാംകൂർ നിയമസഭയിൽ അംഗമായി. രാഷ്ട്രീയത്തിൽനിന്ന് താത്കാലികമായി വിട്ടുനിന്ന് 1967-ൽ കോൺഗ്രസിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1974-ൽ ഭർത്താവ് വി.വി. വർക്കി, മകൻ ജോർജ് വർക്കി എന്നിവർക്കൊപ്പം തിരുവനന്തപുരത്തേക്ക് താമസം മാറി. 1982-ൽ ഉള്ളൂരിലെ വാടക വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മേയ് അഞ്ചിന് 40-ാം ചരമവാർഷികമായിരുന്നു.
തിരുവനന്തപുരം കവടിയാറിലാണ് അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥിതി ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂൾ-പുത്തനങ്ങാടി റോഡിനും സെന്റ് മേരീസ് സ്‌കൂൾ ബ്ലോക്കിനും അക്കാമ്മ ചെറിയാന്റെ പേര് നൽകിയിരുന്നു. പാറത്തോട് പഞ്ചായത്ത് ഓഫീസ് അക്കമ്മ ചെറിയാൻ നൽകിയ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
ധൈര്യം, സത്യസന്ധത
ധൈര്യവും സത്യസന്ധതയും, ലളിത ജീവിതവുമായിരുന്നു അമ്മയിൽ കണ്ട പ്രത്യേകതകളെന്ന് മകൻ ജോർജ് വർക്കി ഓർമിക്കുന്നു. എന്ത് പ്രതിസന്ധിയുണ്ടെങ്കിലും സത്യത്തെ മുറുകെപിടിച്ചുകൊണ്ടാണ് ജീവിച്ചത്. ചെറുപ്പകാലം തൊട്ട് തുടർന്നുപോന്നിരുന്ന ലളിതജീവിതം അവസാനകാലം വരെ തുടർന്നു.