സ്വകാര്യബസിലെ സഹായിയെ മർദിച്ച കേസ് : മർദിച്ചയാൾക്കെതിരെയും, മർദനമേറ്റയാൾക്കെതിരെയും കേസ്

എരുമേലി: സ്വകാര്യ ബസിലെ സഹായിയെ മർദിച്ച് ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിനെതിരേ വധശ്രമത്തിന് കേസ്. പെൺകുട്ടിയുടെ മൊഴി പ്രകാരം മർദ്ദനമേറ്റ ബസിലെ സഹായിക്കെതിരേയും കേസ് എടുത്തതായി പോലീസ് പറഞ്ഞു.

പെൺകുട്ടിയോട് മോശമായി പെരുമാറി എന്നാരോപിച്ച് ബസിലെ സഹായിയെ ആൾക്കാരുടെ സാനിധ്യത്തിൽ അസഭ്യവാക്കുകളുമായി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. സംഭവം എരുമേലി പോലീസ് ലഘൂകരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

എരുത്വാപ്പുഴ സ്വദേശിയായ തോപ്പിൽപാത ടി.കെ.അച്ചു(22) വിനാണ് മർദനമേറ്റത്. ഇദ്ദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. മർദിച്ചയാളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടുമില്ല. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ബസിലെ സഹായിയായ അച്ചവിനെതിരേയും കേസ് എടുത്തു. ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പോലീസിന് കാലതാമസം നേരിട്ടതിനാൽ മർദനത്തിനിരയായ യുവാവിനെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ ഇരുത്തിയതായും യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.

പ്രതിഷേധവുമായി ആദിവാസി സംഘടന

പട്ടികവർഗ വിഭാഗത്തിലുള്ള യുവാവിനെയാണ് നാട്ടുകാർ നോക്കിനിൽക്കെ തല്ലിച്ചതച്ചതെന്ന് എരുമേലി മേഖല പട്ടികവർഗ ചെയർമാൻ എം.എസ്.സതീഷ് ആരോപിച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം.

എരുമേലി പോലീസിന്റെ നിലപാടിനെതിരേ സംഘടനാതലത്തിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!