ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അധ്യാപികയുടെ ഫെയ്സ്‌ബുക്ക് വീഡിയോ പോസ്‌റ്റ്
മുണ്ടക്കയം: സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയും സ്ഥലം മാറ്റുകയും ചെയ്തതായി അധ്യാപികയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുരിക്കുംവയൽ ഗവ. യു.പി.സ്കൂൾ അധ്യാപിക ടി.ജെ.രജനിമോളാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്.
സ്കൂളിലെ പ്രഥമാധ്യാപകൻ പി.എ.റഫീക്ക്, പി.ടി.എ. പ്രസിഡന്റ് സിജു കൈതമറ്റം എന്നിവർക്കെതിരേയാണ് ആക്ഷേപം. മാനസികമായി പലതരത്തിലുള്ള പീഡനങ്ങൾ ഇവരിൽനിന്നും കഴിഞ്ഞ ഏറെക്കാലമായി അനുഭവിച്ചു വരുന്നതായും. ഇനി അധ്യാപിക ആകാൻ തനിക്ക് സാധിക്കില്ലെന്നും ആത്മഹത്യയാണ് പോംവഴിയെന്നും പറഞ്ഞ് പൊട്ടിക്കരയുന്നതാണ് ഇവരുടെ വീഡിയോ പോസ്റ്റ്.
സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവിൽ തട്ടിപ്പ് നടത്തിയായും ഇത് സംബന്ധിച്ച് കണക്ക് വെളിപ്പെടുത്തിയില്ലെന്നുമാണ് ഇവർക്കെതിരേയുള്ള ആക്ഷേപം.
പരിപാടിയുടെ ജോയിന്റ് കൺവീനർ മാത്രമായ തന്നെക്കാൾ ഉത്തരവാദിത്തമുള്ള പ്രഥമാധ്യാപകൻ, പി.ടി.എ. പ്രസിഡന്റ് എന്നിവർ നാളിതുവരെ കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥരോട് പലതവണ പരാതിപ്പെട്ടിട്ടും അവർ അനുകൂലമായ നടപടികൾ സ്വീകരിച്ചില്ലെന്നും അധ്യാപിക ആരോപിക്കുന്നു. ഇതിനിടയിൽ അധ്യാപികയെ വൈക്കം ചെമ്മനത്തുകര ഗവ.യു.പി.സ്കൂളിലേക്ക് സ്ഥലം മാറ്റി. ഇതിനെതിരേ ട്രൈബ്യൂണലിനെ സമീപിച്ചുവെങ്കിലും അവിടെ ജോലിയിൽ പ്രവേശിക്കാനാണ് കോടതി നിർദേശിച്ചത്.
തുടർന്ന് ജോലിയിൽ പ്രവേശിച്ചശേഷം ആരോഗ്യസ്ഥിതി മോശമായതിനാൽ ഇപ്പോൾ അവധിയിലാണ്. അധ്യാപികയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താൻ പഠിച്ച സ്കൂളും മക്കൾ പഠിക്കുന്ന സ്കൂളുമായതിനാൽ സ്കൂളിന്റെ പേരിനെ കളങ്കപ്പെടുത്താൻ തയ്യാറല്ലെന്നും പി.ടി.എ. പ്രസിഡന്റ് ഷിജു കൈതമറ്റം പറഞ്ഞു.