റബ്ബർക്കൃഷിയെ രക്ഷിക്കാം ; കൂട്ടായ്മയുടെ ഗുണങ്ങൾ


റബ്ബർക്കൃഷി നേരിടുന്ന തകർച്ച കണ്ടില്ലെന്നുനടിച്ചുകൊണ്ട് കേരളത്തിനു മുന്നോട്ടുപോകാനാവില്ല; അത്ര വലിയ പ്രാധാന്യമാണ് റബ്ബറിന്‌ കേരളത്തിലുള്ളത്. എന്നാൽ, വളർച്ചയുടെ ഇരട്ടിവേഗത്തിലാണ് തളർച്ച വന്നുഭവിച്ചത്. വിളവിസ്തൃതി, ഉത്പാദനം, ഉത്പാദനക്ഷമത തുടങ്ങിയവയിലെല്ലാം വലിയ തിരിച്ചടിയാണ് അനുഭവപ്പെടുന്നത്.

ഉദാരീകരണം റബ്ബറിലും

റബ്ബർമേഖലയിൽ സ്വാതന്ത്ര്യാനന്തരമുണ്ടായ വലിയ അഭിവൃദ്ധിയുടെ കാരണം ഇറക്കുമതി ബദൽ വികസനനയമാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഉദാരീകരണനയങ്ങൾ സ്വീകരിക്കപ്പെട്ടതോടെയാണ് റബ്ബറിന്റെ നല്ലകാലത്തിന്റെ അവസാനം ആരംഭിക്കുന്നത്. കമ്പോളത്തിൽ സർക്കാർ ഇടപെടുന്നതിനെതിരായ പ്രചാരണം രാജ്യത്ത് ശക്തിപ്പെട്ടു. റബ്ബറിന്‌ ന്യായവില ഉറപ്പാക്കാൻ വിപണിയിൽ ഇടപെടും എന്ന വാഗ്ദാനത്തിൽനിന്ന്‌ സർക്കാർ പിറകോട്ടുപോകാനാരംഭിച്ചു. എന്നാൽ, പ്രത്യേകം എടുത്തുപറയട്ടെ, സ്വാഭാവിക റബ്ബറിന്റെ ഉത്പാദനവും ലഭ്യതയും വർധിപ്പിക്കാൻ സർക്കാർ ഏജൻസികൾ നടത്തിക്കൊണ്ടിരുന്ന കമ്പോള ഇടപെടലിന്‌ ഒരു കുറവുമുണ്ടായില്ല. എന്നുമാത്രമല്ല, ലോകബാങ്കിന്റെ സഹായത്തോടെ റബ്ബർക്കൃഷി വ്യാപിപ്പിക്കുന്നതിനുള്ള ഒരു ബൃഹദ്‌പദ്ധതി റബ്ബർ ബോർഡ്‌ ഏറ്റെടുക്കുകയും ചെയ്തു. യഥാർഥത്തിൽ ഇന്ത്യയിൽ മാത്രമല്ല മറ്റ് റബ്ബർ ഉത്പാദക രാജ്യങ്ങളിലും സമാനമായ റബ്ബർവ്യാപന പരിപാടികൾ ലോകബാങ്കിന്റെ നേതൃത്വത്തിൽ അക്കാലത്ത് നടപ്പാക്കിയിരുന്നു. സ്വാഭാവിക റബ്ബറിന്റെ കുത്തക ഉപഭോക്താക്കളായ ടയർ കമ്പനികളായിരുന്നു പ്രസ്തുത റബ്ബർവ്യാപന പദ്ധതികളുടെ ഗുണഭോക്താക്കൾ എന്ന്‌ പ്രത്യേകിച്ച്‌ എടുത്തുപറയേണ്ടതില്ല. ലോകബാങ്കും റബ്ബർ ബോർഡിനെപ്പോലെയുള്ള ദേശീയ ഏജൻസികളും ചേർന്നു നടപ്പാക്കുന്ന ഇത്തരം റബ്ബർവ്യാപന പദ്ധതികളുടെ ഇരട്ടത്താപ്പിനെക്കുറിച്ച്‌ ലേഖകനും സഹപ്രവർത്തകൻ കെ.ജെ. ജോസഫും അക്കാലത്ത് ഇക്കണോമിക് ആൻഡ്‌ പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിച്ച (ജൂലായ്‌ നാല് 1998) പഠനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. റബ്ബർവിപണിയിൽ സപ്ലൈയുടെ ഭാഗത്ത് ഇടപെട്ട്‌ ഉത്പാദനവും ലഭ്യതയും വർധിപ്പിക്കുന്നതിനും വിലയിടിക്കുന്നതിനും കമ്പോളമൗലികവാദം ഇവർക്ക്‌ ഒരു തടസ്സമല്ല. പക്ഷേ, ഉത്പന്നത്തിന്റെ വില കുത്തനെ ഇടിയാനാരംഭിക്കുമ്പോൾ ഇക്കൂട്ടർ തികഞ്ഞ കമ്പോളഭക്തരായിമാറും. വിപണിയിൽ ഇടപെടുന്നത് മഹാപാപമാണെന്ന നിലപാട് കൈക്കൊള്ളും.

ഭരണകൂടത്തിന്റെ ഈ ഇരട്ടത്താപ്പിന്‌ ഇപ്പോൾ റബ്ബർ ബോർഡും ടയർ വ്യവസായികളുടെ സംഘടനയും സംയുക്തമായി ത്രിപുരയിലും അസമിലും മറ്റും നടപ്പാക്കുന്ന റബ്ബർവ്യാപന പരിപാടിയുടെ പശ്ചാത്തലത്തിൽ വലിയ പ്രസക്തിയുണ്ട്. മറ്റു വിളകൾ ഒഴിവാക്കി, ബാങ്ക് വായ്പയെടുത്ത്, കൃഷിയിലെ എല്ലാ അനിശ്ചിതത്വത്തെയും അതിജീവിച്ച് തൈകൾ ഏഴുവർഷം പരിപാലിച്ച്‌ മരമാക്കി വിളവെടുക്കാറാകുമ്പോൾ വിലയിടിഞ്ഞാൽ തങ്ങൾക്ക് ഇടപെടാനാവില്ല എന്ന്‌ അധികാരികൾ കൃഷിക്കാർക്ക്‌ മുന്നറിയിപ്പ് നൽകിയിട്ടുണ്ടോ എന്നതാണ് ചോദ്യം. റബ്ബർക്കൃഷിയുടെ ഭാവി ശോഭനം എന്ന പ്രചാരണത്തിൽ വിശ്വസിച്ച്‌ വായ്പയെടുത്ത്‌ റബ്ബർ വെച്ചുപിടിപ്പിച്ച് കടംകയറി ദുരിതത്തിലായ കേരളത്തിലെ കൃഷിക്കാരുടെ അനുഭവം അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ടതല്ലേ? ആട്-മാഞ്ചിയം-ഓൺലൈൻ റമ്മി മാതൃകയിലുള്ള തട്ടിപ്പിന്‌ സർക്കാർ ഏജൻസികൾ കൂട്ടുനിൽക്കാമോ?

‘സർക്കാരിന്റെ ബിസിനസ് ബിസിനസല്ല’ എന്നാണെങ്കിൽ എന്തിന്‌ സപ്ലൈയുടെ ഭാഗത്ത് ഇടപെടുന്നു? വില കുറയുമ്പോൾ കൃഷി എന്തിന് വ്യാപിപ്പിക്കുന്നു? റബ്ബർവ്യാപന പരിപാടിയുടെ യഥാർഥലക്ഷ്യം പരമ്പരാഗതമായി കൃഷിചെയ്യുന്ന സ്ഥലങ്ങളിലെ വിലയിടിക്കുകയാണ്. ഒരുകാര്യം അച്ചട്ടാണ്, വലിയ താമസമില്ലാതെ സർക്കാർ ഏജൻസികളും ടയർ കമ്പനികളും കൂടുതൽ ആകർഷകമായ റബ്ബർക്കൃഷിവ്യാപന പാക്കേജുമായി കേരളത്തിൽ പ്രചാരണത്തിനിറങ്ങുന്നത് നാം കാണും.

ഇന്ത്യ-ആസിയാൻ കരാർ

ഇന്ത്യ-ആസിയാൻ കരാർ കേരളത്തിന്റെ തോട്ടവിളകളെ എപ്രകാരം ബാധിക്കുമെന്നതിനെക്കുറിച്ച്‌ ആസൂത്രണബോർഡിൽ ഞങ്ങൾ ഒരു പഠനം ഏറ്റെടുത്തിരുന്നു. ആസിയാൻ കരാർ തോട്ടവിളകൾ പൊതുവേ അഭിമുഖീകരിക്കുന്ന വിലയിടിവിന്റെയും വിലകളിലെ ചാഞ്ചാട്ടത്തിന്റെയും പ്രശ്നങ്ങൾ രൂക്ഷമാക്കും എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. പ്രാഥമിക ഉത്പന്നങ്ങളുടെ വിലകളുടെ ഹ്രസ്വകാല അസ്ഥിരതയും ദീർഘകാല ഇടിവും വികസനസാഹിത്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള പ്രതിഭാസങ്ങളാണ്. സർക്കാരിന്റെ സൂക്ഷ്മമായ ഇടപെടലുണ്ടായില്ലെങ്കിൽ മേൽപ്പറഞ്ഞ രണ്ടു പ്രശ്നങ്ങളും വഷളാകും എന്നകാര്യം സാമ്പത്തികശാസ്ത്രകാരന്മാർ പൊതുവേ അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് ലോകവ്യാപാരസംഘടന നിലവിൽവരുന്നതിനുമുമ്പ് കാർഷികോത്‌പന്നങ്ങളെ സ്വതന്ത്രവ്യാപാരചർച്ചകളിൽനിന്ന്‌ ഒഴിവാക്കിനിർത്തിയിരുന്നത്.

ഇൻഡൊനീഷ്യയിൽ റബ്ബറിന്റെ വില അല്പം കൂടിയാൽ ഇന്ത്യയും ആസിയാൻ രാജ്യങ്ങളും ഇൻഡൊനീഷ്യയിലേക്ക്‌ റബ്ബർ കയറ്റിയയക്കും. മലേഷ്യയിലാണ് വില കൂടുന്നതെങ്കിൽ മറ്റ്‌ റബ്ബറുത്‌പാദകരാജ്യങ്ങൾ കയറ്റുമതി അങ്ങോട്ടേക്ക് തിരിക്കും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യ-ആസിയാൻ കരാർ റബ്ബറുത്‌പാദകരാജ്യങ്ങളെ കഴുത്തറപ്പൻ സഹോദരപ്പോരിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പരസ്പരമുള്ള ഈ പോരിന്റെ ഫലമായി ദുരിതത്തിലാവുന്ന കൃഷിക്കാരെ സഹായിക്കാൻ അംഗരാജ്യങ്ങൾ നൽകുന്ന സബ്‌സിഡിയും മറ്റ്‌ ആനുകൂല്യങ്ങളും പരസ്പരമുള്ള മത്സരത്തിന്റെ വീറുകൂട്ടാനും വില കൂടുതൽ ഇടിക്കാനും മാത്രമേ സഹായിക്കുന്നുള്ളൂ. ഈ അവസ്ഥയെ നേരത്തേ പറഞ്ഞ റബ്ബർക്കൃഷിവ്യാപന പദ്ധതികളുമായി കൂട്ടിച്ചേർത്ത്‌ കാണേണ്ടതുണ്ട്.

പ്രശ്നപരിഹാരം

രോഗനിർണയം ഒന്നുകൂടി വ്യക്തമാക്കി പരിഹാരനിർദേശങ്ങളിലേക്ക് കടക്കാം. സ്വാഭാവിക റബ്ബറിന്റെ യഥാർഥ ഉത്പാദകർ ലക്ഷോപലക്ഷം ചെറുകിട, നാമമാത്ര കൃഷിക്കാരും തൊഴിലാളികളുമാണ്. സാമ്പത്തികശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ അവർ അണുവത്‌കരിക്കപ്പെട്ടവരാണ്. വിപണിയിലെ ചരക്കിന്റെ വരവിനെ നിയന്ത്രിക്കാനോ വിലയിടിയുമ്പോൾ കരുതൽശേഖരമുണ്ടാക്കാനോ അവർക്ക്‌ കെല്പില്ല. അവരുടെ താത്‌പര്യം സംരക്ഷിക്കാൻ ദേശീയ-സാർവദേശീയ ഏജൻസികൾ കരുതൽശേഖരമുണ്ടാക്കാനോ, വ്യാപാരം നിയന്ത്രിക്കാനോ, ഊഹക്കച്ചവടം വിലക്കാനോ വിപണിയിൽ ഇടപെടാൻ സന്നദ്ധരല്ല. കൃഷിക്കാർക്ക് വിപണിനിശ്ചയിക്കുന്ന വില സ്വീകരിക്കുകയേ നിർവാഹമുള്ളൂ. സത്യം പറഞ്ഞാൽ, വിപണിനിശ്ചയിക്കുന്ന വിലകൾപോലും സ്വീകരിക്കാൻ ഭാഗ്യമില്ലാത്തവരാണ് റബ്ബർക്കൃഷിക്കാർ.

ഉപഭോക്താക്കളും ഭരണകൂട ഏജൻസികളും കമ്പോളത്തിൽ ഇടപെട്ടും ലഭ്യത വർധിപ്പിച്ചും കൃഷിക്കാർ തമ്മിലുള്ള മത്സരം കൊഴുപ്പിച്ചും വില താഴ്ത്തുന്നു എന്നുകണ്ടല്ലോ. അതുകൊണ്ട്‌ കമ്പോളം സ്വതന്ത്രമായി നിശ്ചയിക്കുകയായിരുന്ന വിലകൾപോലും കൃഷിക്കാർക്ക്‌ നിഷേധിക്കപ്പെടുകയാണ്. റബ്ബർവിപണിയിൽ ഡിമാൻഡിന്റെ അഥവാ വാങ്ങലിന്റെ വശത്തേക്കുവരുമ്പോൾ കമ്പോളമത്സരം നേർത്തുനേർത്ത്‌ ഇല്ലാതാകുന്ന കാഴ്ചയാണ് കാണുന്നത്. വാങ്ങൽ കുത്തകകളുടെ എണ്ണം കുറയുന്നു, വലുപ്പം കൂടുന്നു, കമ്പോളത്തെ നിയന്ത്രിക്കാനുള്ള കഴിവ് വർധിക്കുന്നു. വിലയുയർത്താൻ വിപണിയിൽനിന്ന്‌ സംഘടിച്ചു മാറിനിൽക്കാൻ അവർക്കു കഴിയും. സ്വാഭാവിക റബ്ബറിന്റെ കരുതൽശേഖരം സൂക്ഷിക്കുന്നത് ഇപ്പോൾ ഈ വ്യവസായകുത്തകകൾ മാത്രമാണ്. തങ്ങളുടെ കുത്തകശക്തിയെയും കരുതൽശേഖരത്തെയും വിലനിയന്ത്രിക്കാനുള്ള വജ്രായുധമായി അവർ ഉപയോഗിക്കുന്നു. വൻകിട ടയർ കമ്പനികൾ ലാഭമുണ്ടാക്കുന്നത് കേവലം ടയർ നിർമാണത്തിലൂടെ മാത്രമല്ല. സ്വാഭാവിക റബ്ബറിന്റെ വിപണിയിലെ കയറ്റിറക്കങ്ങളെ ഉപയോഗിച്ചും പെരുപ്പിച്ചും നടത്തുന്ന ഊഹക്കച്ചവടവും ലാഭത്തിന്റെ പ്രധാന സ്രോതസ്സാണ്. രോഗത്തിന്റെ ഈ മർമം തിരിച്ചറിഞ്ഞുള്ള ചികിത്സയാണുവേണ്ടത്.

കേരളം മുൻകൈയെടുക്കണം

ആഗോളീകരണത്തിന്റെ ഇന്നത്തെ കാലത്ത് ഇറക്കുമതി ബദൽ വികസനതന്ത്രത്തിലേക്കു തിരിച്ചുപോകാനാവില്ല. ആഗോളമാനമുള്ള പ്രശ്നത്തിനു സമാനസ്വഭാവമുള്ള പരിഹാരമാണുവേണ്ടത്. ഏറ്റവും നിർണായകമായ നിർദേശം സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയുണ്ടാക്കുക എന്നതാണ്. എണ്ണ ഉത്പാദകരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെയും ഒപെക്‌ പ്ലസിന്റെയും മാതൃക ഇവിടെ പ്രസക്തമാണ്. ഉപഭോക്തൃകുത്തകകളുടെ സ്വാധീനംനിമിത്തം റബ്ബർ ഉത്പാദക രാജ്യങ്ങളിലെ സർക്കാരുകൾ കൂട്ടായ്മയുണ്ടാക്കാൻ വിമുഖതകാണിക്കാനിടയുണ്ട്. പക്ഷേ, കൃഷിക്കാരുടെയും തൊഴിലാളികളുടെയും അംഗബലം ഉപയോഗിച്ച്‌ പരിശ്രമിച്ചാൽ ഒരു കൂട്ടായ്മ ഉണ്ടാവുകതന്നെചെയ്യും. സ്വതന്ത്രവ്യാപാരക്കരാറുകളുടെയും പരസ്പരമുള്ള കഴുത്തറപ്പൻ മത്സരത്തിന്റെയും തിക്തഫലം എല്ലാ സർക്കാരുകൾക്കും നല്ലബോധ്യമുണ്ട്. റബ്ബറുത്‌പാദകരാജ്യങ്ങളിലെ കൃഷിക്കാർ ഏതാണ്ട് തുല്യദുഃഖിതരാണുതാനും.

അന്തർദേശീയതലത്തിൽ റബ്ബർ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ രൂപവത്‌കരിച്ച്‌ പ്രവർത്തിക്കുന്നതോടൊപ്പം ഓരോ രാജ്യത്തും ഓരോ പ്രദേശത്തും അതിന്‌ അനുഭാവപൂർവമായ പ്രവർത്തനം സംഘടിപ്പിക്കണം. അതിന്‌ കൃഷിക്കാരുടെ സംഘടനകളും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും സർക്കാരുകളും മുൻകൈയെടുക്കണം. ഇതിനെല്ലാമുള്ള മുന്നൊരുക്കം എന്നനിലയിൽ കേരളം മുൻകൈയെടുത്ത് ഉത്പാദകരാജ്യങ്ങളിൽനിന്നുള്ള കൃഷിക്കാരുടെ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ വെബിനാറുകളും സംയുക്തസമ്മേളനവും വിളിച്ചുചേർക്കണം. പ്രാഥമിക ഉത്പന്നങ്ങളുടെ ഉത്പാദകരുടെ വിലപേശൽശേഷി വർധിപ്പിക്കുന്നതിനുള്ള വിജയിച്ചതും പരാജയപ്പെട്ടതുമായ അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. അവയുടെ അനുഭവംകൂടി ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ കഴിയണം.

തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിൽ പ്രൊഫസറാണ് ലേഖകൻ

വേണം, റബ്ബർ ഉത്പാദക രാജ്യങ്ങളുടെ സഖ്യം

ആഗോളീകരണത്തിന്റെ ഇന്നത്തെ കാലത്ത് ഇറക്കുമതി ബദൽ വികസനതന്ത്രത്തിലേക്കു തിരിച്ചുപോകാനാവില്ല. ആഗോളമാനമുള്ള പ്രശ്നത്തിനു സമാനസ്വഭാവമുള്ള പരിഹാരമാണുവേണ്ടത്. ഏറ്റവും നിർണായകമായ നിർദേശം സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മയുണ്ടാക്കുക എന്നതാണ്. എണ്ണ ഉത്പാദകരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെയും ഒപെക്‌ പ്ലസിന്റെയും മാതൃക ഇവിടെ പ്രസക്തമാണ്

റബ്ബർ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക്‌ ഒപെക്കിനെപ്പോലെ അംഗരാജ്യങ്ങൾക്ക് ക്വാട്ട നിശ്ചയിച്ചുകൊടുത്ത് ഉത്പാദനം കുറയ്ക്കാൻ പെട്ടെന്നു കഴിഞ്ഞുവെന്നുവരില്ല. പക്ഷേ, പരസ്പരമുള്ള വിനാശകരമായ മത്സരത്തിന്റെ വീറ് ഗണ്യമായി കുറയ്ക്കാൻ കഴിയും. റബ്ബറിന്റെ ഡിമാൻഡിന്റെയും സപ്ലേയുടെയും ദീർഘകാല പ്രവണതകൾ ശാസ്ത്രീയമായി പഠിച്ച് ഭാവി ഉത്പാദനം ആസൂത്രണംചെയ്യാൻ കഴിയും. ഉപഭോക്തൃ കുത്തകകളുടെ താത്‌പര്യം മാത്രം മുൻനിർത്തി നടപ്പാക്കുന്ന റബ്ബർക്കൃഷിവ്യാപന പദ്ധതികൾക്കെതിരേ ജാഗ്രതപുലർത്താൻകഴിയും. ഇക്കാര്യത്തിൽ പരസ്പരധാരണയോടെ തീരുമാനമെടുക്കാനാവും.

റബ്ബറുത്‌പാദകരാജ്യങ്ങളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കരുതൽശേഖരം രൂപവത്‌കരിക്കാൻ കഴിയും. കേന്ദ്രീകൃതമായ നിയന്ത്രണത്തിൽ ഓരോ പ്രദേശത്തും രാജ്യത്തും കരുതൽശേഖരം സൂക്ഷിച്ചാൽ മതിയാവും. അതിനാവശ്യമായ പണം കൂട്ടായ്മയിലെ അംഗങ്ങൾക്ക് നിക്ഷേപമായി നൽകാവുന്നതാണ്.

വിപണിയിൽ വിലകൾ അമിതമായി താഴുന്ന പ്രവണതയുണ്ടാകുമ്പോൾ കൂട്ടായ തീരുമാനമെടുത്ത് ഉത്പാദനം മരവിപ്പിക്കാം. ഒരു നിശ്ചിതസമയത്തേക്ക്‌ ടാപ്പിങ്‌ അവധി പ്രഖ്യാപിക്കാം. ഉത്പാദനം മരവിപ്പിക്കുന്നഘട്ടത്തിൽ കൃഷിക്കാർക്കും തൊഴിലാളികൾക്കും ഇടക്കാലാശ്വാസം നൽകാനുള്ള സംവിധാനം തയ്യാറാക്കാം.

ഉത്പന്നത്തിന് ന്യായവില ഉറപ്പാക്കാൻ വിപണിയിൽ ഇടപെടാൻ വിസമ്മതിക്കുന്ന ഏജൻസികൾ ഉത്പാദനം വർധിപ്പിക്കാൻ ഇടപെടുന്നത് വിലക്കാം. കമ്പോളത്തിൽ വിലകുറയുമ്പോൾ ഉത്പാദനവും ലഭ്യതയും കൂട്ടാനുള്ള ഇടപെടലിനെതിരേ കോടതികളെപ്പോലും സമീപിക്കാം. വില കുറയ്ക്കാനുള്ള പ്രവണത നിലനിൽക്കുമ്പോൾ എല്ലാ ആനുകൂല്യങ്ങളും നിലവിലുള്ള കൃഷിക്കാർക്കും തൊഴിലാളികൾക്കുമായി പരിമിതപ്പെടുത്തണം എന്ന്‌ നിഷ്‌കർഷിക്കാം. പുതിയതായിവരുന്ന കൃഷിക്കാർക്ക് കമ്പോളത്തിലെ അനിശ്ചിതത്ത്വത്തെക്കുറിച്ചും നഷ്ടസാധ്യതയെക്കുറിച്ചും പഴയ കൃഷിക്കാരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ബോധവത്‌കരണം നടത്താം.

error: Content is protected !!