കാലതാമസമരുത് പെൻഷനിൽ..

എരുമേലി: സാമൂഹിക സുരക്ഷാപെൻഷൻ അനുവദിക്കുന്നതിൽ കാലതാമസമരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ. സാമൂഹ്യസുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട് എരുമേലി ഗ്രാമപ്പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ പെൻഷൻ അനുവദിക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടൽ. എരുമേലി ഗ്രാമപ്പഞ്ചായത്തിൽ അപേക്ഷ നൽകുന്നവരിൽ അർഹരായവരെ കണ്ടെത്താനും പെൻഷൻ നൽകാനും കാലാമസം നേരിടുന്നതായാണ് വ്യാപകമായി പരാതി ഉയരുന്നത്.

പെൻഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ, എരുമേലി ഗ്രാമപ്പഞ്ചായത്തിൽ ലഭിക്കുന്ന സാമൂഹിക സുരക്ഷാപെൻഷൻ അപേക്ഷകളിൽ കാലതാമസംകൂടാതെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് എരുമേലി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി. പെൻഷൻ അപേക്ഷകളിൽ യഥാസമയം തീരുമാനമെടുക്കാതെ മനഃപൂർവം വൈകിക്കുകയാണെന്ന പരാതിയും ഉണ്ട്.

ഉദ്യോഗസ്ഥർ അവധിയിൽ പോകുന്നതും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും കാരണം ജീവനക്കാർക്കുണ്ടാവുന്ന ജോലിഭാരം കാരണമാണ് പെൻഷൻ യഥാസമയം നൽകാൻ കഴിയാത്തതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. 

എന്നാൽ വിധവാപെൻഷൻ അപേക്ഷകളിൽ സമയബന്ധിതമായി അന്വേഷണം നടത്തി പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച് സോഫ്റ്റ്‌വേറിൽ ഉൾപ്പെടുത്താറുണ്ടെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. പെൻഷനുകൾ വൈകുന്ന സാഹചര്യം അനുവദിക്കില്ലായെന്നും സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ശ്രദ്ധിക്കണമെന്നുമാണ് കമ്മിഷന്റെ നിലപാട്.

error: Content is protected !!