അറയാഞ്ഞിലിമണ്ണിൽ അതിജിവനത്തിന്റെ മാതൃകയായി നാട്ടുകാരുടെ സ്വന്തം പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു …
മുക്കൂട്ടുതറ : കഴിഞ്ഞ ദിവസത്തെ മഴയിലും കോസ്‌വേ പാലത്തിൽ വെള്ളം കയറിയതോടെ അറയാഞ്ഞിലിമണ്ണ് പുറംലോകത്തുനിന്നും ഒറ്റപെട്ടു പോയിരുന്നു. ഇനിയും അങ്ങനെ ഒറ്റപെട്ടു പോകാതിരിക്കുവാൻ ദൃഢനിശ്ചയം ചെയ്ത പ്രദേശവാസികൾ ഒറ്റകെട്ടായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. 2018 ലെ മഹാ പ്രളയത്തിൽ ഒലിച്ചുപോയ, പമ്പാ നദിക്ക് കുറുകെയുണ്ടായിരുന്ന നടപ്പാലം പുതുക്കി പണിയാൻ നാട്ടുകാർ തുടക്കമിട്ടുകഴിഞ്ഞു. മൊത്തം 20 ലക്ഷം രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. നാട്ടുകാർ പിരിവിട്ട് പണം സംഭരിക്കുന്നതോടൊപ്പം, കഴിയുന്ന പണികൾ എല്ലാം തന്നെ സ്ത്രീകളും, കുട്ടികളും , വയോധികരും അടങ്ങുന്ന പ്രദേശവാസികൾ തന്നെയാണ് ചെയ്യുന്നത്.
മഴയും വെള്ളപ്പൊക്കവും വകവെക്കാതെ അറയാഞ്ഞിലിമണ്ണിലെ നാട്ടുകാർ സിമന്റും മെറ്റലും കുഴച്ച മിശ്രിതം ചട്ടിയിൽ എടുത്ത് തോളോട് തോൾ ചേർന്ന് പരസ്പരം കൈമാറുകയാണ്. അധ്യാപകരും കന്യാസ്ത്രീകളും വീട്ടമ്മമാരും പൊതുപ്രവർത്തകരും ജനപ്രതിനിധികളുമൊക്കെയുണ്ട് അക്കൂടെ. പൊളിഞ്ഞുപോയ തൂണിന്റെ ബാക്കി പുനർ നിർമിക്കാൻ ഓരോ ചട്ടി മിശ്രിതവും കമ്പികൾക്കിടയിലേക്ക് അവർ ഇട്ടുകൊണ്ടിരിക്കുന്നു. അങ്ങനെ നൂറുകണക്കിന് ചട്ടി കോൺക്രീറ്റ് മിശ്രിതം ഇട്ട് ഒരു തൂണിന്റെ ഉയരം ഉയർത്തിക്കൊണ്ടുവന്നതിന്റെ ആവേശത്തിലാണിപ്പോൾ നാട്. ബാക്കി തൂണുകളുടെയും ഉയരം വർധിപ്പിച്ച ശേഷം ഇനി നടപ്പാലം പണിയണം. എന്നിട്ട് അതിലൂടെ നടന്ന് അതിജീവനത്തിന്റെ അക്കരെ കടക്കണം.
കയ്യിൽ ആകെയുള്ളത് നാടിന്റെ സ്വന്തം തുച്ഛമായ പണമാണ്. നാട്ടുകാർ പരസ്പരം പങ്കിട്ട് നൽകിയ സംഭാവനകളാണ് ആ തുക. അതിൽ കുട്ടികൾ കുടുക്ക പൊട്ടിച്ച് നൽകിയ ചില്ലറ നാണയങ്ങൾ വരെയുണ്ട്. പ്രായമായ മാതാപിതാക്കൾ വെച്ചുനീട്ടിയ പെൻഷൻ തുക വരെ അക്കൂടെയുണ്ട്. അതൊക്കെ ചേർത്തുവെച്ചാണ് കലങ്ങി മറിയുന്ന പമ്പാ നദിക്ക് മറുകര താണ്ടാൻ നാട് പാലം പണി തുടങ്ങിയിരിക്കുന്നത്. മൊത്തം 20 ലക്ഷം രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക നാട്ടിൽ നിന്ന് പിരിച്ചെടുക്കലും ഒപ്പം നിർമാണം നടത്തലും ഒരേ പോലെ നടന്നാലാണ് ഉടനെ നിർമാണം പൂർത്തിയാക്കാൻ കഴിയുകയെന്ന് വാർഡ് അംഗം സി എസ് സുകുമാരൻ പറഞ്ഞു. അതിനുള്ള തീവ്ര ശ്രമത്തിലാണ് നാട്ടുകാർ. രണ്ടാഴ്ച മുമ്പായിരുന്നു നിർമാണത്തിന് തുടക്കമായത്. ഏഴ് വയസുകാരൻ പ്രഭുൽ നിലവിളക്കിൽ ദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഒപ്പം തന്റെ കുടുക്കയിലെ തുക അവൻ സംഭാവന നൽകി. 2018 ലെ മഹാ പ്രളയത്തിൽ ഒലിച്ചു പോയ നടപ്പാലമാണ് പുതുക്കി പണിയാൻ പണികൾ തുടങ്ങിയിരിക്കുന്നത്. ആകെയുള്ള കോസ്‌വേ പാലം ചെറിയൊരു വെള്ളപ്പൊക്കം വരുമ്പോഴേക്കും മുങ്ങിപ്പോകും. പിന്നെ അക്കരെ കടക്കാൻ ഒരു മാർഗവുമില്ല. ഉണ്ടായിരുന്ന നടപ്പാലം ജില്ലാ പഞ്ചായത്ത് നിർമിച്ചു നൽകിയതായിരുന്നു. ഈ നടപ്പാലത്തിൽ വെള്ളം കയറില്ലെന്ന വിശ്വാസം കൂടിയാണ് 2018 സ്വാതന്ത്ര്യദിനത്തിലെ പ്രളയത്തിൽ പൊളിഞ്ഞ് മേൽപ്പാലം ഒലിച്ചുപോയത്. അതിന് ശേഷം ഓരോ വെള്ളപ്പൊക്കത്തിലും ഒറ്റപ്പെടലിലാവുകയാണ് നാട്. ഇക്കഴിഞ്ഞ പ്രളയകാലത്ത് ഗവ. എൽ പി സ്കൂളിൽ ഒത്തുചേർന്ന 600 ഓളം നാട്ടുകാർ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു നടപ്പാലത്തിന്റെ പുനർ നിർമാണം. സർക്കാർ സഹായങ്ങൾക്ക് കാത്തിരുന്ന് സമയം പാഴാക്കണ്ടന്ന് തീരുമാനത്തോടെ അടുത്ത ദിവസം തന്നെ ധനശേഖരണവും നിർമാണവും തുടങ്ങുകയായിരുന്നു. വാർഡ് അംഗം സി എസ് സുകുമാരൻ ചെയർമാനും അലക്സ് യോഹന്നാൻ കൺവീനറും മജേഷ് രവീന്ദ്രൻ ട്രഷററുമായി 22 അംഗ ജനകീയ കമ്മറ്റിയാണ് നേതൃത്വം നൽകുന്നത്. ചുറ്റും വനവും പമ്പയാറുമായ അറയാഞ്ഞിലിമണ്ണിൽ ആദ്യം കോസ്‌വേ പാലം നിർമിച്ച് ഗതാഗതമാക്കിയതും നാട്ടുകാരുടെ ജനകീയ കൂട്ടായ്മയാണ്. മഹാ പ്രളയത്തിൽ നാട് ഒറ്റപ്പെട്ടപ്പോൾ അന്നുമുണ്ടായി പഴയ ജനശക്തി. ഇരുകരകളിലും കമ്പി വലിച്ചുകെട്ടി അതിലൂടെ ഭക്ഷണസാധനങ്ങളും മരുന്നുമൊക്കെ പേടകത്തിലാക്കി നാട്ടിലെത്തിച്ചത് ജനകീയ കൂട്ടായ്മയിലായിരുന്നു. അതേ കൂട്ടായ്മയിലാണ് അധ്വാനത്തിലൂടെ അക്കരെ താണ്ടാനുള്ള നിർമാണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.