പൊലിസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കാൻ പരാതിക്കാരൻ തയ്യാർ, പോലീസ് തയ്യാറല്ല..

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ടൗണിലെ പച്ചക്കറി മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് ഒത്തുതീർക്കാൻ കോടതിയിൽ ഹർജി നൽകി . തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും പരാതിക്കാരനായ കടയുടമ കാ‍ഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. തുടർന്ന് പൊലീസിനോടു കോടതി റിപ്പോർട്ട് തേടി. എന്നാൽ പൊലീസുകാരനായ പ്രതിക്ക് എതിരെയാണ് പോലീസ് റിപ്പോർട്ട് നൽകിയത് . കേസ് പിൻവലിക്കരുതെന്ന നിലപാടിലാണ് പോലീസ് .

ഇടുക്കി എആർ ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിന് എതിരെയാണു മാങ്ങ മോഷണക്കേസിൽ പൊലീസ് കേസെടുത്തത്. സെപ്റ്റംബർ 30നു പുലർച്ചെയാണു കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുൻപിൽ വച്ചിരുന്ന പച്ചമാങ്ങ പൊലീസുകാരൻ സ്കൂട്ടറിൽ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസുകാരൻ.

കേസ് ഒത്തുതീർപ്പാക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 3–ാം തീയതി കേസെടുക്കുകയായിരുന്നു. പിന്നീടു പൊലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കേസെടുത്തതോടെ ഒളിവിൽപെയ പൊലീസുകാരനെ ഇതുവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. കടയുടമ സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിഹാബിനെതിരെ മോഷണക്കുറ്റം ചുമത്തിയാണു പൊലീസ് കേസെടുത്തിട്ടുള്ളത്.

error: Content is protected !!