“ശബരിമലറോഡുകൾ നവംബർ 10-നകം സജ്ജമാക്കും ” പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

പൊൻകുന്നം : ശബരിമല തീർഥാടന പാതകളെല്ലാം നവംബർ 10-നകം തീർഥാടകരെ വരവേൽക്കാൻ പൂർണസജ്ജമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തീർഥാടനത്തിനു മുന്നോടിയായി റോഡുകളുടെ നിലവാരം പരിശോധിക്കുന്നതിന് മുണ്ടക്കയം, എരുമേലി, പൊൻകുന്നം മേഖലയിലെ റോഡുകളും പാലങ്ങളും സന്ദർശിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

19 റോഡുകളാണ് പൊതുമരാമത്ത് വകുപ്പിന്റെതായി തീർഥാടന പാതയിലുള്ളത്. ഇതിൽ 16 റോഡുകളുടെയും നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ളവ പത്തിനകം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കണമല പാലം, കണമല, മൂക്കൻപെട്ടി, കോരുത്തോട്, കോസ് വേ, മുണ്ടക്കയം റോഡ്, പൊൻകുന്നം-പുനലൂർ റോഡ്, പൊൻകുന്നം-എരുമേലി റോഡ് എന്നിവിടങ്ങൾ മന്ത്രിയും സംഘവും സന്ദർശിച്ചു. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എ.മാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ.യു.ജനീഷ് കുമാർ, ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ.ശ്രീകുമാർ, തങ്കമ്മ ജോർജുകുട്ടി, ടി.എസ്.ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ, ചീഫ് എൻജിനീയർമാരായ സൈജമോൾ എൻ.ജേക്കബ്, അജിത്ത് രാമചന്ദ്രൻ, കെ.എഫ്.ലിസി, ഡാർലിൻ സി. ഡിക്രൂസ് എന്നിവർ വിവിധ സ്ഥലങ്ങളിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

സമാന്തരപാതയുടെ പ്രശ്‌നം പരിശോധിക്കും
: അപകട സാധ്യത നിറഞ്ഞ നിറഞ്ഞ കണമല ഇറക്കത്തിന് പകരമായി നിർമിച്ച സമാന്തരപാതയുടെ പ്രശ്‌നങ്ങൾ പരിശോധിച്ച് നടപടി എടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശബരിമല റോഡുകളുടെ നിലവാരമറിയാൻ മന്ത്രി കണമലയിൽ എത്തിയതായിരുന്നു. പൊതു പ്രവർത്തകൻ പാണപിലാവ് സ്വദേശി ബിനു നിരപ്പേൽ ആണ് കണമല ഇറക്കത്തിന്റെ സമാന്തരപാതയായി നിർമിച്ച എരുത്വാപ്പുഴ-കീരിത്തോട്-കണമല റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് മന്ത്രിക്ക് നിവേദനം കൊടുത്തത്. റോഡിന്റെ അവസ്ഥ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന മന്ത്രി പറഞ്ഞതായി ബിനു പറഞ്ഞു.

error: Content is protected !!