KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസ് ഒത്തുതീർന്നു ; പരാതിയില്ലെന്ന് കച്ചവടക്കാരൻ

കാഞ്ഞിരപ്പള്ളി : കേരളമാകെ ചർച്ച ചെയ്യപ്പെട്ട പൊലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസിൽ, പരാതിയില്ലെന്ന് കച്ചവടക്കാരൻ അറിയിച്ചതോടെ, കേസ് കോടതിയിൽ ഒത്തുതീർന്നു. കാഞ്ഞിരപ്പപ്പള്ളി ടൗണിൽ സെപ്റ്റംബര്‍ 30ന് വെളുപ്പാൻകാലത്ത് , 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം പോലീസുകാരൻ മോഷ്ടിച്ചെന്ന കേസാണ് ഒത്തുതീർന്നത് . കേരള പൊലീസിനാകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസിലെ വിധിയറിയുവാൻ കേരളമാകെ ആകാംക്ഷാപൂർവം കാത്തിരുന്നു .

മാമ്പഴ മോഷ്ടാവായ സിവിൽ പൊലീസ് ഓഫീസർ പി.വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹർജി കോടതി അംഗീകരിച്ചു. ഐപിസി 379 പ്രകാരം ഉള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റന്റതാണ് ഉത്തരവ്. രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരൻ ഇല്ലെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി.

600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് മോഷ്ടിച്ചത്. സെപ്റ്റംബര്‍ 30ന് അർധരാത്രി, കോട്ടയം മെഡിക്കൽ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മോഷണം. രാവിലെ കടയുടമ എത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്. തുടർന്നു പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ വ്യക്തമായതാണു പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.

തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും പരാതിക്കാരനായ കടയുടമ കാ‍ഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ നൽകിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് കോടതിയിൽ നൽകിയ റിപ്പോർട്ടി ഒത്തുതീർപ്പിനെതിരായാണ് പൊലീസ് നിലപാട് എടുത്തത്. ഒത്തുതീര്‍പ്പാക്കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതി പൊലീസുകാരനെന്നതു ഗൗരവതരമായ വസ്തുതയാണെന്നും പൊലീസ് പറയുന്നു.

error: Content is protected !!