മധ്യവയസ്കനെ കൊന്ന് കടന്നുകളഞ്ഞ പ്രതി പിടിയിൽ
മുണ്ടക്കയം ഈസ്റ്റ് : മുണ്ടക്കയം പാലൂർക്കാവിൽ മദ്യം വാങ്ങിയ പണത്തിന്റെ വീതം വയ്പിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മധ്യവയസ്കനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പാലൂർക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ സംഭവത്തിൽ കറുകച്ചാൽ മാന്തുരിത്തി വെട്ടിക്കാവുങ്കൽ സഞ്ചുവിനെയാണ് പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിരുവോണ തലേന്നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുഞ്ഞുമോനും പ്രതിയും മറ്റൊരാളും ചേർന്ന് പ്രദേശത്തെ നിർമാണം നടക്കുന്ന വീടിന്റെ പരിസരത്തിരുന്ന് മദ്യപിച്ചിരുന്നു. തുടർന്ന് ഇവിടെ കിടന്ന ഇരുമ്പ് കമ്പികൾ അക്രിക്കടയിൽ വിൽക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നയാൾ പോയപ്പോൾ മദ്യം വാങ്ങിയ പണത്തിന്റെ വീതംവയ്പിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ കുഞ്ഞുമോനെ സഞ്ചു മർദിക്കുകയും ശക്തമായ ഒഴുക്കുണ്ടായിരുന്ന തോട്ടിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടിടുകയും ചെയ്തു. മരണം ഉറപ്പിച്ചതിന് ശേഷം സഞ്ചു ബൈക്കിൽ രക്ഷപമുണ്ടക്കയം പാലൂർക്കാവിൽ മദ്യം വാങ്ങിയ പണത്തിന്റെ വീതം വയ്പിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മധ്യവയസ്കനെ കൊലപ്പെടുത്തുകയായിരുന്നു . . പിന്നീട് അന്യസംസ്ഥാനത്തേയ്ക്കും കടന്നു.
മൃതദേഹം തോട്ടിൽ കണ്ടെത്തിയ പെരുവന്താനം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് മനസിലാകുന്നത്. നാട്ടിൽ നിന്ന് കടന്നതിന് ശേഷം അന്യസംസ്ഥാനങ്ങളിലുള്ളവരുടെ ഫോണായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്. ഇത് കേസന്വേഷണത്തിൽ പൊലീസിനെ ഏറെ വലച്ചു. സഞ്ചുവിനെ തെളിവെടുപ്പിനെത്തിച്ചപ്പോൾ കുഞ്ഞുമോന്റെ ബന്ധുകളുടെയും നാട്ടുകാരുടെയും കടുത്ത പ്രതിഷേധമുണ്ടായി. എസ്ഐ ജെഫി ജോർജ്, എഎസ്ഐമാരായ അജ്മൽ, സിയാദ്, സുബൈർ സിപിഒമാരായ സുനീഷ്, സിയാദ്, അജിത്ത് എന്നിവരങ്ങടക്കുന്ന സംഘമാണ് അന്വേഷണം നടത്തിയത്. തെളിവെടുപ്പിന് ശേഷം സഞ്ചുവിനെ പീരുമേട് കോടതിയിൽ ഹാജരാക്കി.