വന്യമൃഗങ്ങൾ വനത്തിൽ നിന്നും പുറത്തിറങ്ങി കൃഷിവിളകൾ നശിപ്പിച്ചാൽ വനംവകുപ്പിനെതിരേ കേസുകൊടുക്കും : ഇൻഫാം

കാഞ്ഞിരപ്പള്ളി: തങ്ങളുടെ കൃഷിയും വിളവുകളും സംരക്ഷിക്കുക എന്നത് കര്‍ഷകരുടെ അവകാശമാണെന്നും വന്യമൃഗങ്ങള്‍ ഇന്‍ഫാം കര്‍ഷകരുടെ കൃഷിഭൂമി നശിപ്പിക്കുകയോ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുകയോ ചെയ്താല്‍ വനംവകുപ്പിനെതിരേ കോടതിയെ സമീപിക്കുമെന്നും ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. പാറത്തോട് കേന്ദ്ര ഓഫീസില്‍ നടന്ന ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ നേതൃസമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അപകടകാരികളായ വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം വനംവകുപ്പിനും സര്‍ക്കാരിനുമാണ്. ഇതിനു കഴിയാതെ വന്നാല്‍ ഇന്‍ഫാം താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കും. കര്‍ഷകര്‍ക്കുവേണ്ടി നിലപാടുകളെടുക്കാത്ത കൃഷിവകുപ്പ് അമ്പേ പരാജയമാണ്. സ്വയം നിലനില്‍ക്കാനുള്ള നിലപാടുകളും പദ്ധതികളും ആവിഷ്‌കരിക്കുക എന്നത് കര്‍ഷകരുടെ അവകാശവും ഇന്‍ഫാം എന്ന സംഘടനയുടെ കടമയുമാണെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.

ബഫര്‍സോണ്‍ വിരുദ്ധ കാമ്പയിന്റെ ഭാഗമായി കേരളപ്പിറവി ദിനത്തില്‍ വിവിധ താലൂക്ക് സമിതികളുടെ നേതൃത്വത്തില്‍ സിഗ്നേച്ചര്‍ കാമ്പയിന്‍ നടത്തുമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ അധ്യക്ഷപ്രസംഗത്തില്‍ അറിയിച്ചു.
വിവിധ കാര്‍ഷിക താലൂക്ക് സമിതി കേന്ദ്രങ്ങളിലായിട്ടായിരിക്കും പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് കാമ്പയിനുകള്‍ നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക ജില്ല സെക്രട്ടറി പി.വി. മാത്യു പ്ലാത്തറ, ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജിന്‍സ് കിഴക്കേല്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍ഫാമിന്റെ വിവിധ സെല്ലുകളെക്കുറിച്ച് ഭാരവാഹികള്‍ യോഗത്തില്‍ വിശദീകരിച്ചു.
യോഗത്തില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, 12 കാര്‍ഷിക താലൂക്കുകളിലെയും ഡയറക്ടര്‍മാര്‍, പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജോയിന്റ് സെക്രട്ടറിമാര്‍, ട്രഷറര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!