“വർണ്ണപ്പകിട്ട് – 2022” വർണ്ണാഭമായി…

കാഞ്ഞിരപ്പള്ളി : കോവിഡ് ലോക്ക് ഡൗൺ മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന തങ്ങളുടെ പ്രിയപ്പെട്ട വർണ്ണപ്പകിട്ട് ചിത്രരചന മത്സരം തിരികെയെത്തിയതിന്റെ ആവേശത്തിൽ, പെരുമഴയെ പോലും വകവയ്ക്കാതെ ആയിരത്തി എഴുനൂറോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കുവാൻ ഓടിയെത്തിയത്. ഒപ്പം ഏറെ ആവേശത്തോടെ അവരുടെ മാതാപിതാക്കളും എത്തിയതോടെ ക്യാമ്പിൽ ഉത്സവപ്രതീതിയായായി.

എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്‌ളാസ്സ്‌ വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി കാഞ്ഞിരപ്പള്ളി യെങ് മെൻസ് അസോസിയേഷൻ സംഘടിപ്പിച്ച ചിത്രരചന, പെയിൻറിംഗ് മത്സരമായ വർണ്ണപ്പകിട്ട് – 2022, ഒക്ടോബർ 23 ഞായറാഴ്ച, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്‌സ് പബ്ലിക് സ്കൂളിൽ നടന്നു. രാവിലെ 9 മണി മുതൽ വൈകുന്നേരം നാലുമണിവരെ നടന്ന മത്സരത്തിൽ, 9 വിഭാഗങ്ങളായി പ്രദേശത്തെ വിവിധ സ്‌കൂളുകളിൽ നിന്നായി, 1,700 ൽ അധികം വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു.

കുട്ടികളിൽ ചിത്രരചനാ പാടവം സൃഷ്ടിക്കുക, ചിത്രരചനയിൽ അഭിരുചിയുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു കെ.വൈ.എ.എ. മത്സരം സംഘടിപ്പിച്ചത് . 1994 -ൽ കാഞ്ഞിരപ്പള്ളി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച, പ്രദേശത്തെ യുവജനങ്ങളുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ കാഞ്ഞിരപ്പള്ളി യെങ് മെൻസ് അസോസിയേഷൻ അഥവാ കെ.വൈ.എ.എ., കഴിഞ്ഞ കാൽ നൂറ്റാണ്ടായി കാഞ്ഞിരപ്പള്ളിയിൽ നിരവധി ജനോപകാരപ്രദങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. സ്‌കൂൾ വിദ്യാർത്ഥികളുടെ ചിത്രരചന പാടവം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കെ.വൈ.എ.എ., 2000 -ൽ തുടക്കമിട്ട വർണ്ണപ്പകിട്ട് എന്ന പരമ്പര, ഇരുപത് വർഷങ്ങളോളം തുടർച്ചയായി വൻ വിജയത്തോടെ നടത്തിയെങ്കിലും കോവിഡ് ലോക്ക് ഡൗൺ കാലത്ത്, തുടർച്ചയായി രണ്ടു വർഷം പരിപാടി സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ, തങ്ങളുടെ പ്രിയപ്പെട്ട വർണ്ണപ്പകിട്ട് തിരികെയെത്തിയപ്പോൾ, കുട്ടികൾ ഏറെ ഉത്സാഹത്തോടെയാണ് സ്വീകരിച്ചത്.

വർണ്ണപ്പകിട്ട് – 2022 മത്സരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികൾ നവയുഗ മാദ്ധ്യമങ്ങളുടെ തടവറയിൽ നിന്നും മോചിതരായി സർഗ്ഗ സിദ്ധികളുടെ സ്വതന്ത്ര ലോകത്ത് ഓടിക്കളിച്ചു നടക്കണമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ഡിവൈഎസ്പി പറഞ്ഞു.

കെ. വൈ.എം .എ . പ്രസിഡന്റ് ജെയിംസ് പള്ളിവാതുക്കൽ അദ്ധ്യക്ഷത വഹിച്ച ഉദ്‌ഘാടന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിറ്റിൽ റോസ് എസ്.എ.ബി.എസ്., സെക്രട്ടറി അഡ്വ. അഭിലാഷ് ചന്ദ്രൻ, ജനറൽ കൺവീനർ ഷാബോച്ചൻ മുളങ്ങാശ്ശേരി, സെബാൻ കടപ്ലാക്കൽ, രാജൻ ജെ.ഒട്ടക്കൻ, വി.എം. താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു. അരുൺ പ്ലാത്തോട്ടം, ഷാജി ഇളയാനിത്തോട്ടം, മാർട്ടിൻ കുന്നേൽ, എം. ജയസൂര്യൻ, ബിമൽ ആന്റണി, ഷമീർ കല്ലുങ്കൽ, സിബി വെങ്ങാലൂർ, മാത്തച്ചൻ വെള്ളാത്തോട്ടം, മുതലായവർ പരിപാടികൾക്ക് നേതൃതം നൽകി.

പെരുമഴയെ വകവയ്ക്കാതെ കുട്ടികൾക്കൊപ്പം മാതാപിതാക്കളും ഏറെ ആവേശത്തോടെ മത്സരത്തിന് എത്തിയത്, ക്യാമ്പിൽ ഉത്സവ പ്രതീതി ജനിപ്പിച്ചു. ചെറുപ്രായത്തിൽ തന്നെ കുട്ടികൾ മൊബൈൽ ഫോണിന്റെ അടിമകളായി മാറിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന സർഗ്ഗവാസനകളെ വെളിച്ചത്ത് കൊണ്ടുവന്ന്, അവരെ അതിൽ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നത്തെ കാലത്തിന്റെ ഏറ്റവും പ്രധാന ആവശ്യമാണ് എന്ന തിരിച്ചറിവോടെ കെ. വൈ.എം .എ. നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ഏറെ ശ്ലഘനീയങ്ങളാണ്.

error: Content is protected !!