മുത്തുകൾ കോർത്തെടുത്ത് പ്രളയപുനരധിവാസ പങ്കാളികൾക്കായി വലിയജപമാല
01/11/2022
മുണ്ടക്കയം: കഴിഞ്ഞവർഷത്തെ പ്രളയദുരിത ബാധിതരായവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തിയവരെ ആദരിക്കുന്നതിനായി സെന്റ് മേരിസ് ലാറ്റിൻ പള്ളിയിൽ വലിയ ജപമാല കോർത്തെടുത്തു ജപമാല. പ്രവേശന കവാടം മുതൽ ദേവാലയം ചുറ്റി സ്ഥാപിച്ചിട്ടുള്ള വലിയജപമാലയുടെ നീളം 693 മീറ്റർ.
7183 മുത്തുകൾ കൊരുത്താണ് ജപമാല നിർമ്മിച്ചത്. ജപമാലയുടെ കുരിശ് ചിത്രീകരിച്ചിരിക്കുന്നത് ആടിനെ ചുമലിലേറ്റിവരുന്ന ഇടയനും ഇടയനെ പിന്തുടരുന്ന ആട്ടിൻപറ്റവുമാണ്. തിങ്കളാഴ്ച വൈകിട്ട് ജപമാല മാസാചരണത്തിന്റെ ഭാഗമായിനടന്ന ലുത്തിനിയ പ്രദക്ഷിണത്തിൽ വലിയ ജപമാലയുടെ ആശിർവാദം ഫാ.ടോം ജോസ്, ഫാ. ജസ്റ്റിൻ, ഫാ.ജോബ് കുഴി വയലിൽ എന്നിവർ ചേർന്ന് നടത്തി. ഫ്രാൻസിസ് പാപ്പായുടെയും വിജയപുരം മെത്രാൻ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തെചേരിയുടെയും അംശവസ്ത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന കുരിശിന്റെ മാതൃകയിലാണ് ജപമാലയിലെ കുരിശും നിർമിച്ചത്.
പ്രളയവാർഷികദിനമായ ഒക്ടോബർ 16-നാണ് ജപമാലയുടെ നിർമാണം ആരംഭിച്ചതെന്നും ശ്രദ്ധേയം. ഇടവകയിലെ 712 കുടുംബങ്ങളിൽനിന്ന് എത്തിച്ച മുത്തുകൾകൊണ്ടാണ് ജപമാലയായി നിർമ്മിച്ചത്. പെട്രോളിന്റെ മറ്റൊരു ഉത്പന്ന മായ പോളി പ്രോപ്പല്ലിൻകൊണ്ട് നിർമിച്ച ബോളുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ആറുവരെ ജപമാല ദർശനം പള്ളിയിലുണ്ടാവും. വലിയ ജപമാല ഏഷ്യയിലെ ആദ്യത്തെയാകുമെന്ന് പള്ളി ഭാരവാഹികൾ പറയുന്നു.