കേരളപ്പിറവി ദിനത്തിൽ ബഫർ സോണിനെതിരേ ഇൻഫാമിന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തില്‍പരം ആളുകൾ പ്രതിഷേധ കൈയൊപ്പുകൾ ചാർത്തി
കാഞ്ഞിരപ്പള്ളി: കേരളപ്പിറവി ദിനത്തില്‍ തന്നെ ബഫർ സോണിനെതിരേ കൈയൊപ്പ് ചാർത്തി ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല പ്രതിഷേധമറിയിച്ചു. 2022 ജൂൺ മൂന്നാം തീയതി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ഇന്ത്യയിലെ സംരക്ഷിത വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണായി പ്രഖ്യാപിക്കപ്പെട്ടു. ഇത് കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ടാക്‌സി ഡ്രൈവര്‍മാരുടെയും വ്യാപാരികളുടെയും കുട്ടികളുടെയും ഭാവിജീവിതത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ്. ഈ വിധിയിലൂടെ ഈ ദേശത്തെ സാധാരണക്കാരായ ആളുകളുടെ അനുദിന ജീവിതം വലിയ ദുരിതത്തിലാവുകയും വേദനാപൂര്‍ണമാവുകയും ചെയ്യും. ഇതു മനസിലാക്കിയ കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷവും രാഷ്ട്രീയ നേതാക്കന്മാരും ജനപ്രതിനിധികളും തങ്ങളുടെ പ്രതിഷേധമറിയിക്കുന്നതിനും വിയോജിപ്പ് രേഖപ്പെടുത്തുന്നതിനും ഈ ദേശവാസികളായ ആളുകളോടുള്ള അനുഭാവം പ്രകടിപ്പിക്കുന്നതിനും വേണ്ടി ഹര്‍ത്താലുകള്‍ ആചരിക്കുകയും പ്രതിഷേധ സമരങ്ങള്‍ നടത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരാകട്ടെ സുപ്രീംകോടതിയില്‍ റിവ്യു ഹര്‍ജി കൊടുക്കുകയും ബഫര്‍സോണിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി പുതിയൊരു കമ്മീഷനെ നിയമിക്കുകയും ചെയ്തു. സുപ്രീംകോടതി വിധിയില്‍ തന്നെ പറഞ്ഞിരിക്കുന്നതനുസരിച്ച് ജനങ്ങള്‍ക്ക് ബഫര്‍സോണ്‍ മൂലം ദുരിതവും ബുദ്ധിമുട്ടുമുണ്ടാകുന്നുണ്ടെങ്കില്‍ അതു പ്രകടിപ്പിക്കാന്‍ അവര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കില്‍ അവയെല്ലാം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ സെന്‍ട്രല്‍ എംപവര്‍മെന്റ് കമ്മിറ്റിയെ സമീപിച്ച് ബഫര്‍സോണിന്റെ ദൂരപരിധി കുറയ്ക്കാന്‍ ആവശ്യപ്പെടേണ്ടതും അവരെ അത് ബോധ്യപ്പെടുത്തേണ്ടതുമാണ്. അങ്ങനെ ചെയ്താല്‍ വസ്തുതകള്‍ പഠിച്ച് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിക്കുമെന്ന് ഇടക്കാല ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് പ്രസ്തുത കാര്യം സെന്‍ട്രല്‍ എംപവര്‍മെന്റ് കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇന്‍ഫാം കേരളപ്പിറവി ദിനത്തില്‍ തന്നെ ബഫര്‍ സോണിനെതിരേ കര്‍ഷകന്റെ കൈയൊപ്പ് എന്ന സമരപരിപാടി നടത്തുന്നതെന്ന് കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയുടെ പരിധിയില്‍ വരുന്ന കട്ടപ്പന, കുമളി, ഉപ്പുതറ, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി എന്നീ സ്ഥലങ്ങളിലായി ഒരു ലക്ഷത്തില്‍പരം ആളുകളാണ് ബഫര്‍ സോണിനെതിരായി തങ്ങുടെ കൈയൊപ്പ് ചാര്‍ത്തിയത്. ഈ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ ബഫര്‍സോണിന്റെ ദൂരപരിധി വനത്തിനുള്ളില്‍ തന്നെ നിജപ്പെടുത്താനാവശ്യമായ നടപടികള്‍ക്കായി സെന്‍ട്രല്‍ എംപവര്‍മെന്റ് കമ്മിറ്റിയെ സമീപിക്കണമെന്നും അത് അവരെ ബോധ്യപ്പെടുത്തണമെന്നും ദുരിതത്തിലാഴ്ന്ന ജനങ്ങളെ രക്ഷിക്കണമെന്നും ഇന്‍ഫാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്‍ഫാം നടത്തിയ പ്രതിഷേധ സമരത്തില്‍ എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വ്യാപാരികള്‍, കുട്ടികള്‍, ടാക്‌സി ഡ്രൈവര്‍മാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ ഉള്‍പ്പെടെ ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ പങ്കുചേര്‍ന്നു.
പരിപാടികള്‍ക്ക് ഇന്‍ഫാം ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, താലൂക്ക് ഡയറക്ടര്‍മാര്‍, താലൂക്ക് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.