എരുമേലിയിൽ ഇൻഫാമിന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിന്റെ കയ്യൊപ്പിട്ട്, പ്രതീക്ഷയോടെ ആയിരക്കണക്കിന് കർഷകർ ..
എരുമേലി : ബഫർ സോൺ, കസ്തൂരിരംഗൻ കരിനിയമങ്ങൾ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഇൻഫാമിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ എരുമേലിയിൽ പ്രകടനമായെത്തിയത് ഇൻഫാം എരുമേലി കാർഷിക താലൂക്കിലെ ആയിരക്കണക്കിന് കർഷകർ .. വനം വകുപ്പിന്റെ റേഞ്ച് ഓഫിസ് പടിക്കൽ പ്രകടനം സമാപിച്ച ശേഷം എല്ലാവരും, അവിടെ സ്ഥാപിച്ചിരുന്ന വലിയ ക്യാൻവാസ് തുണിയിൽ, തങ്ങളുടെ പ്രതിഷേധത്തിന്റെ കയ്യൊപ്പുകൾ പതിപ്പിച്ചു.
ഇൻഫാം എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, റാന്നി, കാർഷിക താലൂക്കുകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ റാലിയും ഒപ്പു ശേഖരണവും നടത്തി. രാവിലെ 10 ന് എരുമേലി ശബരി ഓഡിറ്റോറിയം മൈതാനത്തുനിന്ന് ആരംഭിച്ച പ്രകടനം ഫൊറോനാ പള്ളി വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. പ്രകടനം എരുമേലി ടൗൺ ചുറ്റി റേഞ്ച് ഓഫിസ് പരിസരത്ത് സമാപിച്ച ശേഷം നടന്ന പൊതുസമ്മേളനം കാർഷിക ജില്ലാ പ്രസിഡന്റ് ഏബ്രഹാം മാത്യു പന്തിരുവേലിൽ ഉദ്ഘാടനം ചെയ്തു. ഇൻഫാം കാഞ്ഞിരപ്പള്ളി ഡയറക്ടർ ഫാ. മാത്യു നിരപ്പേൽ സ്വാഗത പ്രസംഗം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ മുജീബ് റഹ്മാൻ ആദ്യ കയ്യൊപ്പ് നൽകി. തുടർന്ന് കർഷകർ ഒപ്പിട്ടു.
ഇൻഫാം ഭാരവാഹികളായ ജോസ് താഴത്തുപീടിക, കെ.ജെ. ജോസഫ് കരിക്കുന്നേൽ, തോമസ് തെക്കൻ, റോബിൻ പുളിക്കൽ, റെജി കുറുമ്പൻമുഴി, സിബി മണ്ണംപ്ലാക്കൽ, മനോജ് നിരവ്, തോമസ് വെൺമാൺതറ, സജി കാടാശേരി തുടങ്ങിയവർ നേതൃത്വം നൽകി.