പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശത്തെ പട്ടയ വിതരണ നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കാഞ്ഞിരപ്പള്ളി: പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശത്തെ പട്ടയ വിതരണ നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതി വിധി.
ആറ് മാസത്തിനുള്ളിൽ പട്ടയ നടപടികൾ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. പട്ടയ വിഷയത്തിൽ സർവേ നടപടികൾ പൂർത്തിയാക്കുന്നതിൽ കാലതാമസമെടുത്തതോടെ കർഷക കൂട്ടായ്മ അംഗങ്ങൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. പുതിയ ഉത്തരവ് പ്രദേശവാസികൾക്ക് ഏറെ ആശ്വാസമാണ്.

2015-ൽ യു.ഡി.എഫ്. സർക്കാർ കർഷകർക്ക് പട്ടയം നൽകാൻ നിർദ്ദേശിച്ചിരുന്നു. 2015-ൽ പട്ടയം ലഭിച്ച കർഷകർ 2017-ൽ ഭൂമിയുടെ കരം അടച്ചു. എന്നാൽ, പിന്നീട് കരം സ്വീകരിക്കാതെ വന്നതോടെ പ്രദേശവാസികൾ കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന് 2022 ജനുവരിയിൽ കരം സ്വീകരിക്കുന്നതിനും തുടർ നടപടികൾ പൂർത്തീകരിച്ച് ആറ് മാസത്തിനകം ശേഷിക്കുന്ന പട്ടയം വിതരണം ചെയ്യുന്നതിനും നടപടി എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എട്ടുമാസം കഴിഞ്ഞിട്ടും നടപടി പൂർത്തിയാകാതിരുന്നതോടെയാണ് കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്.

പ്രദേശത്ത് 1600 കുടുംബങ്ങൾക്കായി 502 ഹെക്ടർ ഭൂമിയാണ് അളന്ന് തിട്ടപ്പെടുത്തേണ്ടത്. മുൻപ് പട്ടയം ലഭിച്ചവർക്ക് വസ്തു സംബന്ധിച്ച വിവരങ്ങൾ റിലീസ് സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്താത്തതിനാൽ ഓൺലൈനായി കരം അടയ്ക്കാൻ കഴിയുന്നില്ലെന്ന് ഇവർ പറഞ്ഞു. നേരിട്ട് കരം അടച്ചവർക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റും സൈറ്റ്മാപ്പും ലഭിച്ചില്ല. ഇതിനാൽ വസ്തു പണയപ്പെടുത്തുന്നത് അടക്കമുള്ള വിവിധ ആവശ്യങ്ങൾക്ക് ഭൂ രേഖകൾ ഉപയോഗിക്കാൻ കഴിയില്ല. യഥാസമയം സർവേ നടപടികൾ നടത്താത്തതും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാത്തതുമാണ് വൈകാൻ കാരണമെന്ന് കർഷകർ ആരോപിച്ചു.

സർവേ നടപടികൾ വേഗത്തിലാക്കുന്നതിന് എം.എൽ.എ. അടക്കമുള്ളവരോട് കുടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇവർ ആരോപിച്ചു. നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു.

പൊതുപ്രവർത്തകരായ പി.ജെ.സെബാസ്റ്റ്യൻ, ജോസഫ് പുതിയത്ത്, ജോസ് താഴത്തുപീടിക, സിബി സെബാസ്റ്റ്യൻ കൊറ്റനല്ലൂർ, റെജി പുതിയത്ത് എന്നിവരാണ് പട്ടയ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

error: Content is protected !!