ഗൂഗിൾ മാപ്പ് ചുറ്റിച്ചു ; കാഞ്ഞിരപ്പള്ളിക്കു വന്ന ചരക്കുലോറി വഴിതെറ്റി വൈദ്യുതലൈനിൽ കുരുങ്ങി ..
കാഞ്ഞിരപ്പള്ളി : ഗൂഗിൾമാപ്പ് നോക്കി രാത്രിയിൽ എറണാകുളത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വരുകയായിരുന്ന ചരക്കുലോറി, വഴി തെറ്റി കാനത്ത് വച്ച് വൈദ്യുതലൈനിൽ ഉടക്കിയത്തോടെ റോഡിൽ കുടുങ്ങി. അതുവഴിയുള്ള ഗതാഗതവും ഭാഗികമായി മുടങ്ങി.
ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. എറണാകുളത്തുനിന്ന് കോട്ടയം വഴിയാണ് ലോറി കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചത്. പതിനാലാം മൈലിലെത്തിയപ്പോൾ, ലോറി ചങ്ങനാശ്ശേരി റോഡിലേക്ക് തിരിഞ്ഞ് കാഞ്ഞിരപ്പാറയിലെത്തി. ഇവിടെനിന്ന് ഗൂഗിൾമാപ്പ് നോക്കിയപ്പോൾ കാനം-ഇളപ്പുങ്കൽ വഴി ദേശീയ പാതയിലെത്താനുള്ള വഴിയാണ് കണ്ടത്. ലോറി ഇതേ റൂട്ടിലൂടെ കാനം കവലയിലെത്തി. ഇവിടെനിന്ന് തിരിയുമ്പോൾ ചന്തക്കവലയിലെ വൈദ്യുതലൈനിൽ ലോറിയുടെ മുകൾഭാഗം ഉടക്കുകയായിരുന്നു. ഉടൻതന്നെ ഡ്രൈവറും സഹായിയും ലോറിയിൽനിന്ന് പുറത്തുചാടി. ഇതോടെ ലോറി റോഡിന്റെ നടുക്കുനിന്ന് മാറ്റാൻ പറ്റാതെയായി. ഗതാഗതവും ഭാഗികമായി മുടങ്ങി.
നാട്ടുകാർ കെ.എസ്.ഇ.ബി.യിൽ വിവരമറിയിച്ചു. ഇതോടെ വൈദ്യുതി ബന്ധവും വിഛേദിച്ചു. നാട്ടുകാർ ചേർന്ന് ഒൻപതരയോടെ വൈദ്യുതി ലൈൻ കയറുകെട്ടി ഉയർത്തിയ ശേഷമാണ് ലോറി റോഡിൽനിന്ന് മാറ്റിയത്.