എരുമേലി വലിയതോടിന്റെ ശുചീകരണം കാര്യക്ഷമമല്ലെന്ന പരാതിയിൽ ജില്ലാ കളക്ടർ ഗ്രാമപ്പഞ്ചായത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു
എരുമേലി: എരുമേലി വലിയതോടിന്റെ ശുചീകരണം കാര്യക്ഷമമല്ലെന്ന പരാതിയിൽ ജില്ലാ കളക്ടർ ഗ്രാമപ്പഞ്ചായത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഗ്രാമപ്പഞ്ചായത്ത് തോട് ശുചീകരണത്തിനായി ഫണ്ട് െചലവഴിക്കുകയും, എന്നാൽ കരാറുകാരൻ പ്രവൃത്തി കൃത്യമായി നടപ്പാക്കുന്നില്ലെന്നും കാട്ടി എരുമേലി സ്വദേശിയായ ഓട്ടോ ഡ്രൈവർ പ്രദീപ് കുമാറാണ് ജില്ലാ കളക്ടറുടെ ഓൺലൈൻ അദാലത്തിൽ പരാതി നൽകിയത്.
മാലിന്യങ്ങൾ നീക്കംചെയ്യാതെ യന്ത്രസഹായത്തോടെ തോടിന്റെ മറ്റ് ഭാഗത്ത് തള്ളുന്നതായാണ് പരാതി. കരിങ്കല്ലുംമൂഴി മുതൽ മണിമലയാറ്റിലേക്കെത്തുന്ന തോടിന്റെ മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ ശുചീകരണം നടക്കുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു. പലേടങ്ങളിലും തോടിന്റെ വശങ്ങൾ ഇടിഞ്ഞും, നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന്റെ അവശിഷ്ടങ്ങൾ തോട്ടിലേക്ക് തള്ളിയും വശങ്ങൾ തിട്ടകളായി തോടിന്റെ വീതിയും ആഴവും കുറഞ്ഞിരിക്കുകയാണ്. എന്നാൽ മൂന്ന് കിലോമീറ്ററോളം ദൂരത്തിൽ തോട്ടിലെ മൺതിട്ടകൾ നീക്കുകയെന്നത് പഞ്ചായത്ത് ഫണ്ടിൽ അപ്രാപ്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി എം.എൻ. വിജയൻ പറഞ്ഞു. നിലവിൽ തോടിന്റെ ശുചീകരണത്തിന് മൂന്ന് ലക്ഷം രൂപ വരെയാണ് പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നത്.