തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതായി ആരോപിച്ച് ഹർജി
കാഞ്ഞിരപ്പള്ളി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് നാലാം വാർഡിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയുടെ വിജയം കള്ളവോട്ടിലൂടെയാണെന്ന് ആരോപിച്ച് യു.ഡി.എഫ്. സ്ഥാനാർഥി കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകി.
മൂന്ന് വോട്ടുകൾക്കാണ് എൽ.ഡി.എഫ്. സ്ഥാനാർഥിയായ വി.എൻ. രാജേഷ് യു.ഡി.എഫ്. സ്ഥാനാർഥി സിബു ദേവസ്യായെ പരാജയപ്പെടുത്തിയത്. നാലാം വാർഡിൽ വോട്ട് രേഖപ്പെടുത്തിയ ആറുപേർ ഇതര ബൂത്തുകളിലും വോട്ട് ചെയ്തിട്ടുണ്ടെന്നും, ഈ ഇരട്ടവോട്ടുകൾ കള്ളവോട്ടുകളായി പരിഗണിച്ച് അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സിബു ദേവസ്യ ഹർജി നൽകിയത്.
തിരഞ്ഞെടുപ്പിൽ 604 വോട്ടുകൾ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. വി.എൻ. രാജേഷിന് ആറ് പോസ്റ്റൽ വോട്ടുകളും സിബുവിന് മൂന്ന് പോസ്റ്റൽ വോട്ടുകളുമാണ് ലഭിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി രാജീവ് രാജുവിന് 149 വോട്ടുകൾക്കൊപ്പം ഒരു പോസ്റ്റൽ വോട്ടും ലഭിച്ചു. ഇരട്ട വോട്ടുകൾ ചെയ്തവർ സി.പി.എം. പ്രവർത്തകർ ആണെന്നാണ് യു.ഡി.എഫ്. ആരോപിക്കുന്നത്.
വാർഡിലുള്ള ആളുകൾ തന്നെയാണ് വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്നും യു.ഡി.എഫിന്റെ ആരോപണം വോട്ടർമാരെ അപമാനിക്കുന്നതാണെന്നും വി.എൻ. രാജേഷ് പറഞ്ഞു.
ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും രാജേഷ് പറഞ്ഞു.