മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘം പോലീസ് പിടിയിൽ ..
മുണ്ടക്കയം ഈസ്റ്റ്. മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകളുമായി എത്തിയ അഞ്ചംഗ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടുകൂടിയാണ് സംഭവം.
പെരുവന്താനം പോലീസ് എസ്. ഐ. എം എ ബിനോയി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനീഷ് ദാസ്, സിപിഒ ജോമോൻ എന്നിവർ വാഹന പരിശോധന നടത്തുന്നതിനിടെ, ഇടുക്കി ഭാഗത്ത് നിന്നും വന്ന പിക്കപ്പ് വാൻ നിർത്താതെ പോവുകയായിരുന്നു. വാഹനത്തിന്റെ നമ്പർപ്ലേറ്റ് മണ്ണ് ഉപയോഗിച്ച് മറച്ച നിലയിൽ കാണപ്പെട്ടു. ഇതോടെ പോലീസ് സംഘം വാഹനത്തെ പിന്തുടർന്നു .
ഈ സമയം മുണ്ടക്കയം അതിർത്തിയിൽ ചെക്കിംഗ് നടത്തുകയായിരുന്ന മുണ്ടക്കയം പോലീസ് വാഹനം കൈ കാണിച്ചിട്ടും നിർത്തിയില്ല. ആ പോലീസ് സംഘവും വാഹനത്തെ പിന്തുടർന്നു. ഹൈവേ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് ഭാഗത്ത് അതുവഴി കടന്നുവന്ന ടോറസ് ലോറി, റോഡിന് കുറുകെയിട്ട് റോഡ് വിലങ്ങി. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ ഈ സമയം ഓടി രക്ഷപ്പെട്ടു. അഞ്ചാളുകളെ പോലീസ് കസ്റ്റഡിയിലും എടുത്തു.
അപകടകരമായ രീതിയിലാണ് ഇവർ വാഹനം ഓടിച്ചത്. പത്തനാട് നെടുംകുന്നം സ്വദേശികളായ അനന്തു ഷാജി (22), മിഥുൻ (21), അഖിൽ (24), ജിബിൻ (23), ഷിബിൻ (18) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വാഹനത്തിൽ അഞ്ച് ഗ്യാസ് സിലിണ്ടറുകളും ബൈക്കും ഉണ്ടായിരുന്നു. കുട്ടിക്കാനത്തുള്ള ഒരു ഹോട്ടലിൽ നിന്നും നിന്നും മോഷ്ടിച്ചതാണ് ഗ്യാസ് സിലിണ്ടർ എന്ന് പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതികളെ പീരുമേട് സ്റ്റേഷനിലേക്ക് കൈമാറി.
