ചിറക്കടവ് പഞ്ചായത്തിൽ ഭരണഘടനാ സാക്ഷരതാ പരീക്ഷയെഴുതിയത് മുപ്പതിനായിരം പേർ

പൊൻകുന്നം : ചിറക്കടവ് പഞ്ചായത്ത് സമ്പൂർണ ഭരണഘടനാസാക്ഷരത നേടുകയാണ്. ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് തന്നെ ആദ്യമായി സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി ചിറക്കടവിലെ 10 വയസുമുതൽ മുതിർന്നവർ വരെയുള്ള മുപ്പത്തിനായിരത്തോളം ആളുകൾ മെഗാ പരീക്ഷ എഴുതി. ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി കില തയാറാക്കിയ ചോദ്യപേപ്പറുകൾ വാർഡ് അംഗങ്ങൾ, അങ്കണവാടി അധ്യാപകർ, ആശാവർക്കർമാർ, ഹരിതകർമ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും എത്തിച്ച് ഇന്നലെ പരീക്ഷ എഴുതിച്ചു.


കിലയുടെ നേതൃത്വത്തിൽ തയാറാക്കിയ കൈപ്പുസ്തകവും വീടുകളിൽ എത്തിച്ചിരുന്നു. എല്ലാവീടുകളിൽ നിന്നും ശേഖരിച്ച ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുമെന്നും പഞ്ചായത്ത് അധികാരികൾ അറിയിച്ചു. ഭരണഘടനയെ അധികരിച്ച് വാർഡ് തലത്തിലും സ്കൂൾതലത്തിലും ക്വിസ് പ്രോഗ്രാം നാളെ സംഘടിപ്പിക്കും. ഒരു വർഷം നീണ്ടുനിന്ന ഭരണഘടന സാക്ഷരതാ യജ്ഞം 26ന് ചിറക്കടവ് പഞ്ചായത്തിനെ സമ്പൂർണ ഭരണഘടന സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതോടുകൂടി പൂർത്തിയാവും. റിപ്പബ്ലിക് ദിനത്തിൽ ജസ്റ്റിസ് ആന്‍റണി ഡോമനിക് പ്രഖ്യാപനം നടത്തും.

error: Content is protected !!