മാലിന്യ വാഹിനിയായി മണിമലയാർ
എരുമേലി : താപനില കൂടിക്കൊണ്ടിരുന്നാൽ എരുമേലി ഉൾപ്പടെ മലയോര മേഖല ഉടനെ നേരിടുക മലിനജലം മൂലമുള്ള പകർച്ച വ്യാധികളും രോഗ ഭീഷണിയും. നിലവിൽ മണിമലയാറിലും പമ്പ, അഴുത നദികളിലും വെള്ളം വറ്റിക്കൊണ്ടിരിക്കുകയാണ്. ചൂട് ഉള്ള നിലയിലാണ് നദികളിൽ വെള്ളം. നദികളിൽ നേരിട്ട് സൂര്യ താപമേൽക്കുന്ന ഭാഗങ്ങളിൽ ഉച്ച സമയത്ത് വെള്ളത്തിന്റെ ചൂട് വളരെ കൂടുതലാണ് . ഇത് വലിയ തോതിൽ രോഗങ്ങൾ പടർത്തിയേക്കുമെന്ന് ആശങ്ക.
ഈ നദികളിൽ വലിയ തോതിൽ മലിന ജലം കെട്ടിക്കിടക്കുകയാണ്. ചൂടേറിയ മലിനജലം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇടയ്ക്ക് പെയ്ത മഴയിൽ ഒഴുകിയെത്തിയ മാലിന്യങ്ങൾ നദികളിൽ ഒഴുകിപ്പോകാതെ കുമിഞ്ഞുകൂടിയത് മലിനീകരണം വ്യാപകമാക്കി.
കൊരട്ടി പാലത്തിന് മുമ്പുള്ള മണിമലയാറും പാലം കഴിഞ്ഞുള്ള മണിമലയാറും പരിശോധിച്ചാൽ മലിനീകരണം കൂടിയിരിക്കുന്നത് പാലത്തിന്റെ താഴ് ഭാഗത്താണെന്ന് ബോധ്യമാകും. എരുമേലിയിലെ തോടുകളിൽ നിന്നുള്ള മാലിന്യങ്ങളാണ് കൊരട്ടി പാലത്തിന്റെ താഴെ മണിമലയാറിൽ ചേരുന്നത്. വൻ തോതിൽ പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യങ്ങൾ എരുമേലിയിൽ തോട്ടിലെ വെള്ളത്തിൽ കെട്ടിക്കിടക്കുന്നത് മണിമലയാറിലേക്ക് ദിവസവും എത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാലിന്യങ്ങളാണ് കരിമ്പുകയം കുടിവെള്ള പദ്ധതിയിൽ കലർന്നുകൊണ്ടിരിക്കുന്നത്. ഭീകരമായ മലിനീകരണ കാഴ്ചയാണ് എരുമേലിയിലെ വലിയ തോട്ടിലും കൊച്ചു തോട്ടിലുമുള്ളത്. തോട്ടിൽ നടത്തുന്ന ശുചീകരണം ശാസ്ത്രീയമല്ല. ശുചീകരണമായി നീക്കിയ മാലിന്യങ്ങൾ തോട്ടിൽ തന്നെ ഉപേക്ഷിക്കുകയാണ്. മാലിന്യങ്ങൾ നീക്കി വീണ്ടും തോട്ടിൽ തന്നെ ഇടുന്ന നിലയിലാണ് ശുചീകരണം നടത്തുന്നത്. ചെക്ക് ഡാമുകളിൽ മലിന ജലം കെട്ടിക്കിടക്കുകയാണ്. അറവുമാലിന്യങ്ങൾ ഉൾപ്പടെ മാലിന്യങ്ങൾ നദിയിൽ ഇടുന്ന പ്രവണത വർധിക്കുകയാണ്. കഴിഞ്ഞ ദിവസം മണിമലയാറിലെ ചേനപ്പാടി കിഴക്കേക്കര കടവിൽ അറവുമാലിന്യങ്ങൾ ഇട്ടവരെ നാട്ടുകാർ പിടികൂടി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.