എരുമേലി വികസന കുതിപ്പിലേക്ക് ; പത്ത് കോടി ചെലവിട്ട് എരുമേലിക്ക് മാസ്റ്റർ പ്ലാൻ : സർവേ തുടങ്ങി.

എരുമേലി : ശബരിമല തീർത്ഥാടന സീസണിൽ എരുമേലി ടൗണിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന മാസ്റ്റർ പ്ലാൻ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ടൗണിലെ റിങ് റോഡുകൾ വികസിപ്പിച്ച് ബന്ധപ്പെടുത്താൻ സർവേ ആരംഭിച്ചു. ഒപ്പം ടൗണിലെ മാലിന്യ നിർമാർജനത്തിന് സുസ്ഥിരമായ പദ്ധതിയും പ്ലാനിൽ തയ്യാറാക്കും. സംസ്ഥാന സർക്കാർ ബജറ്റിൽ പത്ത് കോടി അനുവദിച്ച് പ്രഖ്യാപിച്ച എരുമേലി മാസ്റ്റർ പ്ലാനിന്റെ സർവേ ആണ് ആരംഭിച്ചത്. നിലവിലുള്ള റിങ് റോഡുകളുടെ സ്ഥിതിയും ടൗൺ വികസനത്തിന് അനുയോജ്യമാക്കി റോഡുകൾ വികസിപ്പിച്ച് ഉന്നത നിലവാരത്തിൽ നവീകരിച്ച് പ്രയോജനപ്പെടുത്താനുള്ള മാർഗവുമാണ് സർവേയിൽ പരിശോധിക്കുന്നത്.

കൊച്ചിയിലെ ക്യാപിറ്റൽ സർവേയേഴ്‌സുമായി സഹകരിച്ച് കാപ്പിറ്റൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡാണ് പ്രോജക്ട് കൺസൾട്ടന്റ് ആയി സർവേ നടത്തുന്നതെന്ന് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. മാസ്റ്റർ പ്ലാനിന് എംഎൽഎ യുടെ ഫണ്ട് ആണ് വിനിയോഗിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ചാണ് പ്ലാൻ നടപ്പിലാക്കുന്നത്. ഇക്കഴിഞ്ഞ മൂന്നിന് എരുമേലി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നിന്നാണ് സർവേ ആരംഭിച്ചത്.

ദേവസ്വം ബോർഡ് അസി. എഞ്ചിനീയർ ഗോപൻ, കാപ്പിറ്റൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡിന്റെ ഇന്റർനാഷണൽ പ്രോജക്ട് ഡയറക്ടർ ശ്രീകുമാർ ഗോപാലൻ നായർ, കൊച്ചിയിലെ ക്യാപിറ്റൽ സർവേയേഴ്‌സ് പ്രതിനിധി കെ എ സഫീർ എന്നിവർ സർവേ ആരംഭിക്കുന്നതിന്റെ നടപടികളിൽ സന്നിഹിതരായിരുന്നു.

രണ്ട് വർഷം മുമ്പ് ആണ് സംസ്ഥാന സർക്കാർ ബജറ്റിൽ എരുമേലിക്ക് മാസ്റ്റർ പ്ലാൻ പ്രഖ്യാപിച്ചത്. പ്ലാൻ ആവിഷ്‌കരിക്കാൻ സർക്കാർ അംഗീകൃത ഏജൻസിയെ നിയോഗിക്കുന്നതിന് ദേവസ്വം ബോർഡിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഇതിനായി താല്പര്യപത്രം ക്ഷണിച്ചെങ്കിലും ഒരു ഏജൻസി മാത്രം ആണ് സന്നദ്ധത അറിയിച്ചത്. ഈ ഏജൻസി പിന്നീട് പിന്മാറി. ഇതോടെ വീണ്ടും താല്പര്യപത്രം ക്ഷണിച്ചതിനൊടുവിൽ ഏജൻസിയെ നിശ്ചയിച്ചെങ്കിലും നടപടികൾ വൈകി. ഇതോടെ എംഎൽഎ ദേവസ്വം മന്ത്രിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികളുടെ ഗൗരവം അറിയിച്ചതോടെ ആണ് ഇപ്പോൾ ഏജൻസിയെ നിയോഗിച്ച് സർവേ തുടങ്ങുന്നതിൽ എത്തിയത്.

ശബരിമല സീസണിൽ എരുമേലി ടൗണിൽ നഗരത്തിന്റെ പരിവേഷം ആണെങ്കിലും ഗ്രാമീണ രീതിയിൽ ആണ് റോഡുകൾ. ഇത് മറികടക്കുന്നതിനാണ് നിർദിഷ്‌ട മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്യുന്നതെന്ന് എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. നിലവിലുള്ള ടൗൺ അനുബന്ധ റിങ് റോഡുകൾക്ക് പലയിടത്തും വീതി കുറവാണ്. മറ്റ് റിങ് റോഡുകളുമായി ടൗണിനെ ബന്ധിപ്പിച്ചിട്ടില്ല. ഇങ്ങനെ ബന്ധിപ്പിക്കാൻ പുതിയ പാതകൾ റിങ് റോഡുകളിൽ നിർമിക്കേണ്ടി വരും. ഇതിന് ആവശ്യമായ സ്ഥലം കണ്ടെത്തുകയും ഏറ്റെടുക്കുകയും വേണം. റിങ് റോഡുകളുടെ പരിമിതികൾ മാറ്റുന്നതിനാണ് സർവേ നടത്തുന്നത്. ഏറ്റവും എളുപ്പമായ നിലയിൽ റോഡുകൾ ടൗണിന് ചുറ്റും പരസ്പരം ബന്ധിപ്പിച്ച നിലയിൽ നിർമിച്ചാൽ ശബരിമല സീസണിൽ എരുമേലി ടൗൺ ഒഴിവാക്കി ഗതാഗതം സാധ്യമാകും. നിലവിൽ ടൗൺ ഒഴിവാക്കി പോകാൻ റിങ് റോഡുകൾ ഉണ്ടെങ്കിലും അപൂർണമാണ്. എരുമേലി ടൗൺ മുതൽ കരിങ്കല്ലുമുഴി വരെ ശബരിമല സീസണിൽ ഗതാഗതം തിരക്കിൽ നിശ്ചലമാകുന്ന സ്ഥിതിയാണ്. ഇതേ അവസ്ഥ ആണ് ടൗണിൽ നിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലും കൊരട്ടി റോഡിലും സീസണിൽ ദിവസവും നേരിടേണ്ടി വരുന്നത്. പേട്ടതുള്ളൽ, ചന്ദനക്കുടം ഉത്സവങ്ങളിൽ ടൗണിൽ വാഹന ഗതാഗതം നിരോധിക്കുമ്പോൾ സമാന്തര പാതകൾ വഴി സുഗമമായി ഗതാഗതം വഴി തിരിച്ചു വിടാൻ പ്രയാസകരമാണ്. ഒരേസമയം രണ്ട് വാഹനങ്ങൾ കടന്നുപോകാൻ ഈ പാതകളിൽ സാധിക്കുന്നില്ല. അപകടകരമായ ഇറക്കങ്ങളും വളവുകളും വീതി കുറവായതും ആണ് തടസങ്ങൾ. എരുമേലി ടൗണിന് ചുറ്റും സർക്കിൾ മാതൃകയിൽ അല്ല റിങ് റോഡുകൾ ഉള്ളത്. പണ്ട് നിർമിച്ച റോഡുകൾ അതേപടി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. അതേസമയം ഇതേ റോഡുകൾ ടൗണിന്റെ സർക്കിൾ റോഡുകളായി എങ്ങനെ മാറ്റാം എന്നതാണ് സർവേയിൽ പരിശോധിക്കുന്നതെന്ന് ഏജൻസി അധികൃതർ പറയുന്നു. റിങ് റോഡുകളിൽ എവിടെയൊക്കെ കൂട്ടിച്ചേർത്തു റോഡുകൾ നിർമിക്കേണ്ടി വരുമെന്നും പരമാവധി ദൂരം കൂടാതെ സൗകര്യപ്രദമായ പാതകൾ ആക്കി മാറ്റാൻ ഭൗമപരമായ അനുകൂല സാധ്യതകളുമാണ് സർവേയിൽ വിലയിരുത്തുന്നത്.

നേർച്ചപ്പാറ റോഡ്, റോട്ടറി ക്ലബ്ബ്‌ – ഓരുങ്കൽകടവ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്- പഞ്ചായത്ത്‌ ഓഫിസ്, പോലിസ് സ്റ്റേഷൻ-സർക്കാർ ആശുപത്രി – പഞ്ചായത്ത്‌ ഓഫിസ്, പോലിസ് സ്റ്റേഷൻ- പ്രപ്പോസ്, കരിങ്കല്ലുമുഴി- പൊരിയന്മല, കാരിത്തോട് എൻഎംഎൽപി സ്കൂൾ- കനകപ്പലം തുടങ്ങിയ റിങ് റോഡുകൾ ഉൾപ്പടെ ആണ് സർവേ ചെയ്യുന്നത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മൂന്ന് മാസം സമയമാണ് ഏജൻസിയ്ക്ക് അനുവദിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാൻ 15 ദിവസം സാവകാശവും അംഗീകരിച്ചാൽ പ്ലാൻ പ്രകാരം പദ്ധതികൾ നടപ്പിലാക്കാൻ മൂന്ന് വർഷവുമാണ് കാല പരിധി. ശബരിമലയുടെ കവാടം, നിർദിഷ്ട ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളം, നിർദിഷ്‌ട ശബരി റെയിൽവേ പാത എന്നിവ പരിഗണിച്ചു എരുമേലി ടൗണിന് ചുറ്റും റിങ് റോഡുകൾ, ടൗൺ പരിസരങ്ങളിലെ റോഡുകളുടെ വികസനം, കാര്യക്ഷമമായ മാലിന്യസംസ്കരണം തുടങ്ങിയവയാണ് മാസ്റ്റർ പ്ലാനിൽ പരിഗണിക്കുന്നത്.

error: Content is protected !!