കാഞ്ഞിരപ്പള്ളിയിൽ നന്മ മരം പൂത്തിട്ട് അഞ്ചുവർഷം .. അനാഥർക്ക് ആശ്രയമായി ഷാജിയും, അൻഷാദും സുഹൃത്തുക്കളും..
കാഞ്ഞിരപ്പള്ളി: പ്രദേശത്തെ അനാഥർക്കും, പാവങ്ങൾക്കും അത്താണിയായി ഏതാനും ചെറുപ്പക്കാർ സേവനം തുടങ്ങിട്ട് അഞ്ചുവർഷം പൂർത്തിയായി. . കാഞ്ഞിരപ്പള്ളി 26-ാം മൈൽ വലിയകുന്നത്ത് വീട്ടിൽ വി. എ ഷാജി, പാറത്തോട് മുക്കാലി സ്വദേശി ഷാനിവാസിൽ അൻഷാദ് ഇസ്മായിൽ എന്നിവർ അഗതി മന്ദിരങ്ങളിൽ ഭക്ഷണമെത്തിക്കാൻ തുടക്കമിട്ട “വിശക്കുന്ന വയറിന് ഒരു പൊതി ആഹാരം ” പദ്ധതി കോവിഡ് ലോക്ക്ഡൗണിൽ പോലും മുടങ്ങാതെ അഞ്ചു വർഷം പൂർത്തിയാക്കിയപ്പോൾ, ആ നന്മ മരങ്ങളെ ആദരിക്കുവാനുള്ള തീരുമാനത്തിലാണ് അവരുടെ പ്രിയ സുഹുത്തുക്കൾ .
പത്തു വീതം പൊതിച്ചോറുകള്‍ വീട്ടില്‍ തയ്യാറാക്കി തുടങ്ങിയ കരുതൽ സുഹൃത്തുക്കളുടേയും നാട്ടുകാരുടേയും, സഹകരണത്തോടെ ഇന്ന് നാന്നൂറ്റമ്പതോളം പൊതിചോറുകളും, നൂറ്റി ഇരുപതിൽപരം പ്രഭാത ഭക്ഷണ പൊതികളും, എല്ലാ രണ്ടാം ശനിയാഴ്ചകളിലും ഇവർ അനാഥർക്കായി എത്തിച്ചു നൽകുന്നു.. ഷാജി, കാഞ്ഞിരപ്പള്ളിയിൽ സ്പെയർപാട്സ് കട നടത്തുന്നു.
അൻഷാദ് ഇസ്മായിൽ ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സണനായി ജോലി ചെയ്യുന്നു.
അഞ്ച് വർഷം മുമ്പാണ് നന്മയുടെ പൊതിച്ചോറിലേക്കുള്ള ഇവരുടെ തുടക്കം. വഴിയരുകിൽ വിശപ്പ് സഹിക്കാതെ മണ്ണ് വാരി ഭക്ഷിക്കുന്ന ഒരു മനോരോഗിയെ കണ്ടിട്ട് ഷാജി സ്കൂളിൽ പോകുന്ന മകന്റെ ഭക്ഷണ പൊതി എടുത്ത് നൽകുകയും, ഈ കാര്യം തന്റെ ഊറ്റ സുഹൃത്തായ അന്‍ഷാദിനോട് പങ്കുവെക്കുകയും, അതുവഴി മാസത്തില്‍ ഒരു ദിവസമെങ്കിലും അശരണരായവര്‍ക്ക് ഭക്ഷണമെത്തിക്കുവാനും അവര്‍ തീരുമാനിച്ചു. ഇതിന് കുടുബാഗങ്ങളുടെ പരിപൂർണ്ണ സഹകരണവും കിട്ടിയപ്പോള്‍ “വിശക്കുന്ന വയറിന് ഒരു പൊതിയാഹാരം ” എന്നത് യാഥാര്‍ത്യമാവുകയായിരുന്നു.
ഇതിനോടൊപ്പം ചേനപ്പാടി സ്വദേശി ജയൻ ജോസഫും, അമൽജ്യോതി കോളേജിലെ അദ്ധ്യാപകനുമായ റോണി എന്നിവർ കൂടി ഇതിൻ്റെ ഭാഗമാകുകയും,
മറ്റു സുഹൃത്തുക്കളും കൂടി കൂടി ഒപ്പം ചേർന്നപ്പോൾ എല്ലാ മാസവും അഞ്ഞൂറ്റി എഴുപതോളം വിശക്കുന്ന വയറിന്റെ ഒരു നേരത്തെ വിശപ്പ് തീർക്കുവാൻ ഇവരെ കൊണ്ട് ഇന്ന് സാധിക്കുന്നു. ഈ പൊതിചോറുകൾ ശേഖരിക്കുന്നതിനും, അർഹരിൽ എത്തിക്കുന്നതിനും അസ് ലം ഷാജിയും, ആഷിഫ് ഷാജിയും വോളണ്ടിയേഴ്സ് ആയി മുന്നിൽ നിൽക്കുന്നു .
കാഞ്ഞിരപ്പള്ളി ബത്‌ലഹേം ഭവൻ, , ഇഞ്ചിയാനി സ്‌നേഹദീപം, കുന്നുംഭാഗം സാൻജിയോ ഭവൻ ആശ്രമം ,നല്ല ശമരിയാൻ ആശ്രമം എന്നിവിടങ്ങളിലും, വഴിയോരങ്ങളിൽ കാണുന്ന ഏതൊരു അർഹതപ്പെട്ടവർക്കും , ഇവർ ഭക്ഷണം എത്തിക്കുന്നു.
ഒറ്റപ്പെടലിന്റെ വേദനയിൽ കഴിയുന്ന അനാഥകർക്ക് മുന്നിൽ സ്നേഹത്തിന്റെ കരുതലുമായി എത്തുന്ന ഇവർ മറ്റുള്ളവർക്കും ഒരു മാതൃകയാണ്.