റബ്ബർ പുകപ്പുരയ്ക്ക് തീപിടിച്ചു
ചാമംപതാൽ: പുകപ്പുരയ്ക്ക് തീപിടിച്ച് റബ്ബർഷീറ്റുകൾ കത്തിനശിച്ചു. ചാമംപതാൽ മറ്റത്തിൽ കരോട്ട് റഷീദിന്റെ വീടിനോട് ചേർന്നുള്ള പുകപ്പുരയ്ക്കാണ് തീ പിടിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. റബ്ബർ ഷീറ്റ് ഉണങ്ങുന്നതിനായി ഇട്ടിരുന്ന വിറകിന്റെ തീയിൽനിന്നാണ് ഷീറ്റുകൾക്ക് തീപിടിച്ചതെന്നാണ് സൂചന. പുകപ്പുര ഭാഗികമായി കത്തിനശിച്ചു.
അയൽവാസിയായ അഞ്ചുപറയിൽ ഫൈസലിന്റെ സമയോചിതമായ ഇടപെടലിലൂടെ തീപടരുന്നത് തടഞ്ഞു. കുടിവെള്ളവിതരണം നടത്തുന്ന ഇദ്ദേഹത്തിന്റെ മോട്ടോർ ഉപയോഗിച്ച് സമീപത്തെ കുളത്തിൽനിന്നും കിണറ്റിൽ നിന്നും വെള്ളം പമ്പുചെയ്ത് തീ നിയന്ത്രിച്ചു. അപ്പോഴേക്കും സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ ചേർന്ന് തീ പൂർണമായി അണച്ചു.