കൂട്ടിക്കൽ ദുരന്തം കഴിഞ്ഞ് 10 മാസം ; നഷ്ടപരിഹാര വിതരണത്തിൽ മെല്ലെപ്പോക്ക്
മുണ്ടക്കയം : 21 പേരുടെ മരണത്തിനിടയാക്കിയ കൂട്ടിക്കൽ ദുരന്തം കഴിഞ്ഞ് 10 മാസമാകുമ്പോഴും നഷ്ടപരിഹാര വിതരണത്തിൽ മെല്ലെപ്പോക്ക്. വീണ്ടും ഉരുളും മണ്ണിടിച്ചിലുമായി ദുരിതത്തിൽ കഴിയുകയാണ് ജനങ്ങൾ.
ഇവിടെ 120 പേർക്കാണ് ഭൂമിയും വീടും നഷ്ടമായത്. 120 പേരിൽ 99 പേർക്ക് ഭൂമിവാങ്ങി വീട് വെക്കുന്നതിന് തീരുമാനമായി. ഇതിൽ 36 പേരുടെ ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയായത് കുറച്ചുദിവസം മുമ്പാണ്. ഭൂമി വിൽക്കുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് തുക കൈമാറി. 559 കുടുംബങ്ങൾക്ക് വീടിന് നാശം നേരിട്ടു. ഇവരിൽ 77 പേർക്ക് മാത്രമാണ് വീടിനുള്ള ഒന്നാംഗഡു കൊടുക്കാനായത്. ബാക്കി തുക എന്ന് നൽകാൻ കഴിയുമെന്നതിൽ തീരുമാനമായില്ല.
വീടിന് കുഴപ്പമില്ലങ്കിലും പറമ്പ് ഉരുളിൽ പൂർണമായി നശിച്ചവരുടെ ജീവിതപ്രശ്നങ്ങൾക്ക് പാക്കേജോ പരിഹാരമോ ഇല്ല. മുറ്റത്ത് ഇറങ്ങിയാൽ വീണുപോകുന്ന അപകടക്കെണിയുള്ള വീടുകളുണ്ട്. മാരകമായ കേടുണ്ടെങ്കിലും പൊളിഞ്ഞ് വീഴാത്തതിനും തുക കിട്ടില്ല. ഇത്തരം 2000 വീടുകളെങ്കിലും കൂട്ടിക്കൽ ഭാഗത്ത് മാത്രമുണ്ട്.
നഷ്ടപരിഹാരനടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിയതാണ് ഇരകളെ ഇത്രകാലം മഴയത്ത് നിർത്താനിടയാക്കിയത്. അപേക്ഷകർ നൽകിയ ബാങ്ക് അക്കൗണ്ടിലെ അപാകം കണ്ടെത്താൻ വൈകി. പലർക്കും പണം അനുവദിച്ച് അക്കൗണ്ടിലേക്ക് അയച്ചപ്പോൾ സ്വീകരിക്കാതെ മടങ്ങിവന്നു. പണപരിധി നിയന്ത്രണമുള്ളതായിരുന്നു പ്രശ്നം. ചിലർ നൽകിയ ഐ.എഫ്.എസ്.സി. കോഡുകളിൽ തെറ്റുണ്ടായിരുന്നു. ബാങ്ക് ലയനത്തിനുശേഷം അക്കൗണ്ടിൽ കോഡ് മാറിയത് ശ്രദ്ധിക്കാതെ നൽകിയ അപേക്ഷകളായിരുന്നു ഇത്.
വില്ലേജ് ഒാഫീസിൽ സ്വീകരിച്ച അപേക്ഷകളിൽവന്ന അപാകം പരിഹരിക്കാനും പരിശോധനയ്കും മൂന്ന് മാസമെടുത്തു. ഇൗതലത്തിൽ തെറ്റ് കണ്ടെത്താനായില്ല.
ദുരന്തനിവാരണവിഭാഗത്തിലേക്ക് ഒാൺലൈനായിട്ടാണ് അപേക്ഷ വില്ലേജ് ഒാഫീസിൽനിന്ന് കൈമാറുന്നത്. ഇതിലെ തെറ്റുകൾ ജില്ലാതലത്തിൽ സൈറ്റിൽ തിരുത്തി പരിഹരിക്കാൻ കഴിയില്ല. ഇത് വീണ്ടും വില്ലേജുകളിലേക്ക് മടക്കി അയച്ച് മാത്രമേ പരിഹരിക്കാൻ കഴിഞ്ഞുള്ളൂ. വിതരണം പൂർത്തിയാക്കാഞ്ഞതിനാൽ രണ്ടുകോടി ഇടയ്ക് ജില്ല മടക്കി അടച്ചു. ഇപ്പോൾ 4.40 കോടി രൂപ ജില്ലയ്ക് അനുവദിച്ചതായി ദുരന്തനിവാരണവിഭാഗം പറയുന്നു.
ഒരു പൈസ കിട്ടാതെ വ്യാപാരികൾ
കൂട്ടിക്കലും മണിമലയാറിന്റെ തീരത്തുമായി 1500 വ്യാപാരസ്ഥാപനങ്ങൾക്കാണ് നാശമുണ്ടായത്. 70 കോടി രൂപയുടെ നഷ്ടമുണ്ടായി. നിലവിലെ നിയമപ്രകാരം വ്യാപാരസ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരത്തിന് അനുമതിയില്ല. കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട്, മുണ്ടക്കയം, മണിമല തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറെ നഷ്ടമുണ്ടായത്.
നഷ്ടപരിഹാരം പ്രഖ്യാപിച്ചത്
വീടുംഭൂമിയും പോയവർക്ക് ഭൂമിക്ക് 6 ലക്ഷം, വീടിന് 4 ലക്ഷം
വീട് പൂർണനാശം4 ലക്ഷം
ഭാഗികനാശം 10,000 മുതൽ 2.50 ലക്ഷം വരെ