ഭീതിയിലാണ് എരുമേലി മലയോരം…മഴയെത്തിയപ്പോൾ രാത്രിയിൽ ഉറക്കമില്ലാത്ത അവസ്ഥ.
എരുമേലി: മഴയ്ക്ക് ചെറിയ ശമനം. എങ്കിലും ഉറക്കമില്ലാതെ കഴിയുകയാണ് മലയോരവാസികൾ. ആറ്റിൽ ജലനിരപ്പ് താഴ്ന്ന് കോസ്‌വേകളിൽനിന്നും വെള്ളമിറങ്ങിയെങ്കിലും, മഴയൊന്ന് കനത്താൽ വീണ്ടും വെള്ളത്തിലാവുന്ന സാഹചര്യം. മലയോരത്തും വനാതിർത്തി പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് മഴയെത്തിയപ്പോൾ രാത്രിയിൽ ഉറക്കമില്ലാത്ത അവസ്ഥ.
പാക്കാനം, കോയിക്കക്കാവ്, തുമരംപാറ, കൊപ്പം, ആശാംകോളനി, മൂക്കംപെട്ടി, എഴുകുംമൺ, എയ്ഞ്ചൽവാലി, മൂലക്കയം, അരയാഞ്ഞിലിമൺ തുടങ്ങി വനാതിർത്തി പ്രദേശങ്ങളിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് കാലവർഷം ഉറക്കം നഷ്ടപ്പെടുത്തുന്നത്. 2018-ലെ പ്രളയം മുതലുള്ള പേടിയാണിത്…പമ്പയും അഴുതയും താണ്ഡവമാടിയതിന്റെ ഭീകരതയും കഴിഞ്ഞവർഷം ഉണ്ടായ ഉരുൾപൊട്ടലുകളുടെ കെടുതിയും മായാതെ നിൽക്കുമ്പോഴാണ് വീണ്ടുമൊരു പ്രളയകാലം.
എരുമേലി വനമേഖലയിൽ കോയിക്കക്കാവ്, മൂക്കംപെട്ടി മലകളുടെ അടിവാരമാണ് കൊപ്പം, തുമരംപാറ, ആശാംകോളനി, എലിവാലിക്കര, ഇരുമ്പൂന്നിക്കര പ്രദേശങ്ങൾ. ശനിയാഴ്ച വനമേഖലയിൽനിന്നുള്ള മലവെള്ളം പ്രദേശത്തെ തോടുകളിലൂടെ എത്തിയതിനാൽ അപകടത്തിന്റെ തീവ്രത കുറഞ്ഞു. എന്നിട്ടും 14 വീടുകളിൽ വെള്ളംകയറി. തോടിന്റെയും വീടുകളുടെയും സംരക്ഷണക്കെട്ടുകളും തകർ്ന്ന് ലക്ഷങ്ങളുടെ നാശം. മഴ തുടർന്നതോടെ അടുത്തദിവസവും വീടുകളിൽ വെള്ളം കയറി. രാത്രിയിൽ ഉറക്കമില്ലാത്ത അവസ്ഥയാണ് നാട്ടുകാർക്ക്.
ഭീതിയിലാണ് അരയാഞ്ഞിലിമൺ ഗ്രാമം…
ഒരുവശം വനമേഖല. മറുവശങ്ങൾ പമ്പയാർ അതിരിടുന്നു. ഗ്രാമവാസികൾക്ക് പുറം ലോകത്തേക്കുള്ള ഏക യാത്രാമാർഗം പമ്പയാറിന് കുറുകെയുള്ള കോസ്‌വെയാണ്. ആറ്റിൽ ജലനിരപ്പ് ഉയർന്ന് കോസ് വെ വെള്ളത്തിലായി. ഗ്രാമത്തിൽനിന്നും പുറത്തേക്കുപോയവർ പലരും തിരികെ വീട്ടിലെത്താനാവാതെ മറുകരയിൽ കുടുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ ആറ്റിൽ ജലനിരപ്പ് താഴ്‌നപ്പോളാണ് പലരും വീടുകളിലെത്തിയത്. മഴ തുടരുന്നതിനാൽ വീണ്ടും വെള്ളം ഉയരുമെന്ന ആശങ്കയിലാണ് നാട്.