റബ്ബർകൃഷിക്ക് 120 വയസ്സ്; ജെ.ജെ. മർഫിക്ക് 150-ാം പിറന്നാളും
മുണ്ടക്കയം : കടൽകടന്നെത്തി ജോൺ ജോസഫ് മർഫിയെന്ന മർഫി സായിപ്പ് മലയോര മേഖലയിൽ റബ്ബർകൃഷി ആരംഭിച്ചിട്ട് 120 വർഷം പിന്നിടുന്നു. മലയോര മേഖലയുടെയും കോട്ടയം ജില്ലയുടെയും വികസനത്തിന്റെ നട്ടെല്ലായി മാറിയ റബ്ബർ വിപ്ലവത്തിന് തുടക്കംകുറിച്ചത് മർഫി സായിപ്പാണ്. 1872-ൽ ജനിച്ച അയർലൻഡുകാരനായ മർഫിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന വർഷം കൂടിയാണിത്.
ഇന്ത്യയിലെതന്നെ റബ്ബർകൃഷിയുടെ പിതാവെന്ന് അറിയപ്പെടുന്ന ജെ.ജെ. മർഫിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് ഏന്തയാറിൽ നിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന മാത്തുമലയെന്ന വിജനമായ സ്ഥലത്താണ്.
റബർകൃഷിക്ക് അനുയോജ്യമായ സ്ഥലംതേടി ഇന്ത്യയിലെത്തിയ അദ്ദേഹം 1902-ലാണ് ഏന്തയാറിലെത്തുന്നത്. കാടും മരങ്ങളും വെട്ടിമാറ്റി റബ്ബർ നട്ട മലയോരത്തിന്റെ മണ്ണ് മർഫിയെ ചതിച്ചില്ല. കൂട്ടിക്കൽ മുതൽ ഇളംകാട് വരെ നടത്തിയ കൃഷി തുടങ്ങി പന്ത്രണ്ടായിരം ഏക്കറിലേക്ക് വ്യാപിപ്പിച്ചു. വരുമാനത്തിന്റെ പങ്ക് നാടിന്റെ സാമ്പത്തിക സാമൂഹിക വികസനത്തിനായും മർഫി സായിപ്പ് വിനിയോഗിച്ചു.
തൊഴിലാളികൾക്കായി ആശുപത്രികളും തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സ്‌കൂളുകളും ആരംഭിച്ചു. ഇന്നും ജെ.ജെ. മർഫിയുടെ പേരിൽതന്നെ ഈ സ്‌കൂളുകൾ നിലകൊള്ളുന്നു.
തേയില, റബ്ബർ ഫാക്ടറികളും ഇവിടെ ആരംഭിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം തന്റെ സമ്പാദ്യം തൊഴിലാളികൾക്ക് വീതിച്ച് നൽകിയതായും പറയപ്പെടുന്നു.1957 മേയ് ഒൻപതിന് നാഗർകോവിലിലെ ആശുപത്രിയിലാണ് മർഫി സായിപ്പ് മരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ഏന്തയാറിലെ തൊഴിലാളികളെ അടക്കിയിരുന്ന സെമിത്തേരിയിൽ അടക്കംചെയ്തത്.
റബ്ബർ ബോർഡിന്റെ നേതൃത്വത്തിൽ മർഫി സായിപ്പിന്റെ കല്ലറ സ്ഥിതിചെയ്യുന്ന ഏന്തയാർ പള്ളിയുടെ സെമിത്തേരിയോട് ചേർന്ന് സ്മാരകം നിർമിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. ആറ് സെന്റ് സ്ഥലം പാട്ടകരാറിൽ പള്ളി അധികൃതർ വിട്ടുനൽകിയെങ്കിലും ഫലകവും ചുറ്റുമതിലും സ്ഥാപിച്ചതിലൊതുങ്ങി സ്മാരക നിർമാണം.