പമ്പ, അഴുത, മണിമല ആറുകളിൽ വെള്ളം ഉയരുന്നു.. മലയോര പ്രദേശവാസികൾക്ക് ഉറക്കമില്ലാ രാവുകൾ,, നെഞ്ചിടിപ്പോടെ കണമലയും പമ്പാവാലിയും എരുമേലിയും.

എരുമേലി : നാട് വിറപ്പിച്ച തീവ്രമഴ പിന്നീട് ഉണ്ടായില്ലെങ്കിലും, തുടർച്ചയായി ശക്തമായി മഴ പെയ്യുന്നത് നാടിനെ ആശങ്കിലയിലാക്കുന്നു. പലയിടത്തും ഉരുൾപൊട്ടിയെന്ന വാർത്തകളും, പോലീസിന്റെ ജാഗ്രത മുന്നറിയിപ്പുകളും മലയോര പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. മലയോരത്തും വനാതിർത്തി പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് മഴയെത്തിയപ്പോൾ രാത്രിയിൽ ഉറക്കമില്ലാത്ത അവസ്ഥ.

റെഡ് അലർട്ട് പിൻവലിച്ചുവെന്ന ആശ്വാസത്തിൽ കിടന്നുറങ്ങിവയർ ഇല്ലെന്നുള്ളതിന്റെ ആശ്വാസത്തിൽ രാവിലെ ഉറക്കമുണർന്നവർ കണ്ടത് തോരാതെ മഴയും എവിടെയോ ഉരുൾ പൊട്ടിയതിന്റെ ലക്ഷണമായി ആർത്തിരമ്പി ഒഴുകുന്ന പമ്പ, അഴുതാ, മണിമല നദികളും. പുലർച്ചെ തന്നെ മൂക്കൻപെട്ടിയിലെ പാലം മുങ്ങി. ഉച്ചയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിന്റെ വാർത്തയെത്തി. ഒപ്പം മൈക്ക് അനൗൺസ്മെന്റിലൂടെ ജാഗ്രതാ മുന്നറിയിപ്പുമായി ജീപ്പിൽ പോലീസുമെത്തി.

നിറ പുത്തരി ആഘോഷ ഭാഗമായി ശബരിമല ദർശനത്തിന് വന്നുകൊണ്ടിരിക്കുന്ന അയ്യപ്പ ഭക്തരെ മടക്കി അയക്കാനും ആരംഭിച്ചു. ഉച്ചക്ക് ശേഷം ആരെയും ശബരിമലയിലേക്ക്‌ കണമല വഴി വിട്ടില്ല. കടകൾ അടച്ച് നാട്ടുകാരായ വ്യാപാരികളിൽ പലരും നേരത്തെ വീടെത്തുന്ന കാഴ്ചയായിരുന്നു പിന്നെ. ടാക്സികളുടെ എണ്ണവും കുറഞ്ഞു. മൊത്തത്തിൽ ഹർത്താൽ പ്രതീതിയിൽ എരുമേലി, മുക്കൂട്ടുതറ, കണമല ടൗണുകൾ വിജനമായി.

യാത്ര പുറപ്പെട്ടവർ തിരികെ എത്രയും പെട്ടന്ന് വീടെത്താനുള്ള വ്യഗ്രതയിലായിരുന്നു. ഇടയ്ക്കിടെ വാട്സ്ആപ്പിലും ഫേസ്ബുക്കിലും നോക്കി ആശങ്ക പങ്കുവെച്ചു മിക്കവരും. പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക ഷെൽട്ടർ ക്യാമ്പ് ഷെഡ് തുറക്കുന്നതിന്റെ ആലോചനയും ഇതിനിടെ ശക്തമായി. ആറിന്റെ തീരങ്ങളിൽ താമസിക്കുന്നവരുടെ വീടുകളിൽ പോലീസും ജനപ്രതിനിധികളും എത്തിക്കൊണ്ടിരുന്നു. രേഖകളും അത്യാവശ്യ സാധനങ്ങളും തയ്യാറാക്കി വെയ്ക്കാൻ ഇവർ നിർദേശം നൽകി. രാത്രിയിൽ വീടുകളിൽ നിന്നും താമസം മാറാൻ ഒരുങ്ങിയിരിക്കണമെന്ന് അറിയിപ്പ് ഇവർക്ക് നൽകി.

മൂക്കൻപെട്ടി പാലത്തിന്റെ സമീപത്തെ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാൻ തീരുമാനമായി. എരുമേലി കൊരട്ടി റോഡിൽ വലിയ തോടിന്റെ തീരത്തുള്ള കുടുംബങ്ങളെ കെറ്റിഡിസി പിൽഗ്രിം സെന്ററിലേക്ക് പോലിസ് എത്തി മാറ്റി. രാത്രിയിൽ ശക്തമായ വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളും തോടുകളും നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്.

2018 ൽ ആഗസ്ത് മാസത്തിൽ സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം രാത്രിയിൽ സംഭവിച്ച മഹാ പ്രളയം ഈ ആഗസ്ത് മാസത്തിൽ ആവർത്തിക്കുകയാണോ എന്ന ഭീതിയിലാണ് നാട്. കിഴക്കൻ മലയോരവും എരുമേലിയും ഉൾപ്പടെ എല്ലാം മുങ്ങിയ ആ മഹാ പ്രളയം ഇനിയും സംഭവിച്ചാൽ പിടിച്ചുനിൽക്കാൻ കഴിയില്ല. പ്രളയവും കോവിഡും ഏൽപ്പിച്ച നാശങ്ങളിൽ നിന്ന് ഒരു വിധത്തിൽ കര കയറി വരികയാണ് സകല മേഖലകളും. ഇനിയും മഹാ മാരി വരരുതേ എന്ന പ്രാർത്ഥനയിലാണ് ഇപ്പോൾ നാട്.

error: Content is protected !!