ഉൽപാദനത്തിൽ കുറവ്; ചെറുകിട കർഷകർ ടാപ്പിങ് നിർത്തിവയ്ക്കുന്നു

കാഞ്ഞിരപ്പള്ളി ∙ കനത്ത വെയിലും ഇലകൊഴിച്ചിലുംമൂലം ഉൽപാദനം കുറഞ്ഞതോടെ റബർ കർഷകർ ടാപ്പിങ് നിർത്തിവയ്ക്കുന്നു. വൻകിട എസ്റ്റേറ്റുകൾ ഒഴികെയുള്ള മിക്ക തോട്ടങ്ങളിലും ഇപ്പോൾ ടാപ്പിങ് നടക്കുന്നില്ല. മുൻവർഷങ്ങളിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ലഭിച്ചിരുന്ന ഇടമഴ ഇത്തവണ ഉണ്ടായില്ല. രണ്ടു മാസമായി മിക്ക മേഖലകളിലും ഒരു മഴപോലും കിട്ടിയില്ല. മറ്റു കൃഷികളെക്കാൾ റബർ കൃഷിയെ ഇതു സാരമായി ബാധിച്ചു.

മാത്രമല്ല, മഴയുടെ അഭാവംമൂലം ഇലകൾ നേരത്തേതന്നെ പഴുത്തു വീഴുകയും ചെയ്തു. മഴയും തണുപ്പും കൃത്യമായ അനുപാതത്തിൽ ലഭിച്ചാൽ മാത്രമേ കറയുൽപാദനം സ്ഥിരതയോടെ നിലനിൽക്കൂ. ഈ വർഷം തുടക്കംമുതൽ അനുദിനം കറയുൽപാദനത്തിൽ കുറവു സംഭവിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് ടാപ്പിങ് നിർത്തിവയ്ക്കാൻ കർഷകർ നിർബന്ധിതരാവുന്നത്. നാട്ടിലെ മിക്ക തോട്ടങ്ങളിലും വെയിൽ ഏൽക്കാതിരിക്കാൻ റബർ പട്ടകളിൽ വെള്ളമണ്ണു തേക്കുന്ന കാഴ്ച കാണാം.

എന്നാൽ, മഴക്കാലത്തു റെയിൻ ഗാർഡ് ഉപയോഗിക്കാതിരുന്ന ചില തോട്ടങ്ങളിൽ ടാപ്പിങ് തുടരുന്നുണ്ട്. ഉൽപാദനക്കുറവിനും ഇലകൊഴിച്ചിലിനും പുറമേ റബർ വിലയിൽ കാര്യമായ പുരോഗതി ഇല്ലാത്തതും ടാപ്പിങ് നിർത്തിവയ്ക്കാൻ ഇടയാക്കുന്നു. ഈ സീസണിൽ ടാപ്പിങ് നടത്തിയാൽ ജോലിക്ക് ആനുപാതികമായ ലാഭം ലഭിക്കുന്നില്ലെന്നാണു കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഇലകൊഴിച്ചിൽ പൂർത്തിയായി ഏതാനും ദിവസത്തിനകം വീണ്ടും തളിരിടും. ഈ ഇലകൾ മൂത്തശേഷം ടാപ്പിങ് നടത്തിയാൽ മതിയെന്നാണു കർഷകർ പറയുന്നത്.

error: Content is protected !!