കാഞ്ഞിരപ്പള്ളിയിൽ കൈതകൃഷി വ്യാപകം ; ഡെങ്കിപ്പനി പേടി നാടാകെ..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ രീതിയിൽ കൈതകൃഷി നടത്തിവരുന്നത് നാടിനു ഭീഷണിയായേക്കും. ഡെങ്കിപ്പനി പോലെയുള്ള മാരക പനികൾ പരത്തുന്ന കൊതുകുകൾ പെറ്റുപെരുകുവാൻ കൈതക്കൃഷി കാരണമായേക്കും.
നൂറുകണക്കിനു രോഗികൾ ദിവസവും വരുന്ന കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈൽ മേരി ക്യുൻസ് ആശുപത്രിയുടെ പരിസരത്തു വിലാശാലമായ രീതിയിൽ കൈതക്കൃഷി തുടങ്ങുന്നത് പലരും ഭീതിയോടെയാണ് നോക്കികാണുന്നത്.
കൊതുകുകൾ പെറ്റുപെരുകുവാൻ ഏറ്റവും അനുകൂല സാഹചര്യം കൈതകളുടെ പോളകളിൽ കെട്ടിനിക്കുന്ന വെള്ളത്തിലാണ്. കൈതപ്പോളയില്‍ തങ്ങിനില്‍ക്കുന്ന വെള്ളത്തില്‍ വളരുന്ന കൂത്താടികള്‍ കനത്തമഴപെയ്താല്‍പോലും ഒലിച്ചുപോകില്ല എന്നത് കൊതുകുകള്‍ക്ക് അനുകൂല സാഹചര്യമാണൊരുക്കുന്നത്.
കൈത കൃഷിക്കു സ്ഥലം പാട്ടത്തിനു നല്‍കുന്നവരോ കൃഷി നടത്തുന്നവരോ കൊതുകുവളര്‍ച്ച തടയാന്‍ മുൻകൈയെടുക്കാറില്ല. മാരകമായ പല മരുന്നുകളും കൈതയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും പറയപ്പെടുന്നു. മഴയത്തു അവ ഒഴുകി അടുത്തുള്ള പുഴകളിൽ ചെന്നെത്തുന്നതും വലിയ ആരോഗ്യ പ്രശ്ങ്ങൾക്കു വഴിയൊരുക്കുന്നുണ്ട്.
കൊതുകു നശീകരണത്തിനുള്ള മാർഗങ്ങൾ കൈതക്കൃഷിക്കാർ വേണ്ടവിധം നടത്തുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കേണ്ടത് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കടമയാണ് .
കൊതുകൾ എന്തുകൊണ്ട് അപകടകാരികളാകുന്നു ?
ഈച്ച കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്നത് കൊതുകാണ് .മലമ്പനി , ഡെംഗിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി , ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ ഫീവർ, മന്ത് തുടങ്ങിയ രോഗങ്ങളാണ് ഇവ മനുഷ്യരിലേക്ക് പകർത്തുന്നത്. ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയിട്ടുള്ള, ഇപ്പോഴും കൊന്നുകൊണ്ടിരിക്കുന്ന, മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആണ് കൊതുക് .
എന്തുകൊണ്ട് കൈകൾ അപകടകാരികൾ ആകുന്നു ?
ഒരു കൊതുകു മുട്ടയിട്ടു, വിരിഞ്ഞു കൂത്താടിയായി അടുത്ത ദിശയിലേക്കു കടക്കുന്നതിനു ഒരാഴ്ച സമയം ധാരാളം മതി. തുടർച്ചയായി മഴ പെയ്യുന്ന കാലാവസ്ഥകളിൽ കൈതയുടെ പോളകളിൽ വെള്ളം കെട്ടി കിടക്കും. പോളകളുടെ അടിഭാഗത്തു ഒരു കപ്പ് പോലെ വെള്ളം താഴ്ന്നു കിടക്കും. അതിൽ കൊതുകൾ മുട്ടയിടും. മഴ ശക്തിയായി പെയ്താലും മുകളിലെ വെള്ളം മാത്രമായിരിക്കും പുറത്തേക്കു ഒഴുകിപോകുന്നത് . അടിഭാഗത്തു കിടക്കുന്ന കൂത്താടികൾ സുരക്ഷിതമായിരിക്കും. ഏതാനും ദിവസങ്ങൾകൊണ്ട് ആ കൂത്താടികൾ കൊതുകുകൾ ആയി മാറുന്നു. ഒരു പെൺകൊതുകിന്റെ ജീവിതകാലം ഏകദേശം നൂറു ദിവസങ്ങൾ ആണ്.
എന്തുകൊണ്ട് കർഷകർ കൈതക്കൃഷി ചെയ്യുന്നു ?
മിക്ക കർഷകരും തങ്ങളുടെ ഭൂമി പുറംനാട്ടിൽ ഉള്ളവർക്ക് കൈതക്കൃഷി നടത്തുവാനായി പാട്ടത്തിനു കൊടുക്കുകയാണ്. ഒരു ഏക്കറിന് അറുപത്തി അയ്യായിരം മുതൽ എഴുപത്തി അയ്യായിരം രൂപ വരെ വാർഷിക പാട്ടക്കൂലിയായി ലഭിക്കുന്നു. മൂന്ന് വർഷത്തേക്കാണ് സാധാരണ പാട്ടത്തിനു കൊടുക്കുന്നത്. കൂടാതെ പാട്ടക്കരാർ അനുസരിച്ചു ആ ഭൂമിയിൽ റബ്ബർ തൈകൾ നട്ടു മൂന്ന് വര്ഷത്തേക്ക് വളർത്തി കൊടുക്കുകയും ചെയ്‌യും. അതായതു പത്തേക്കർ സ്ഥലം കൈത കൃഷിയ്ക്ക് കൊടുക്കുമ്പോൾ ഏകദേശം ഏഴുലക്ഷത്തോളം രൂപ ഒരു വര്ഷം പാട്ടക്കൂലിയായി ലഭിക്കുന്നു. അതാണ് കർഷകരെ ആകർഷിക്കുന്നത് .