ഐഎച്ച്ആര്‍ഡി

 March 4, 2018 B

കാഞ്ഞിരപ്പള്ളി: മലയോര മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ടി കാഞ്ഞിരപ്പള്ളിയില്‍ 2009-2010 അധ്യയനവര്‍ഷത്തില്‍ അനുവദിച്ച ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് പേട്ട സ്‌കൂള്‍ അധികൃതരുടെ കനിവ് കൊണ്ട്. പേട്ട ഗവ. ഹൈസ്‌കൂളിലെ അഞ്ചു മുറികളിലായാണ് 2010ല്‍ കോളജ് ആരംഭിച്ചത്. 2011-12 അധ്യയനവര്‍ഷം പുതിയ ബാച്ചിനു പ്രവേശനം നല്‍കാനുള്ള സൗകര്യമില്ലായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതേ ദുരിതമനുഭവിക്കുകയാണ് കോളേജ്. കോളജിനു സ്ഥല സൗകര്യങ്ങളില്ലാത്തതിനാല്‍ യുജിസി അംഗീകാരം റദ്ദാക്കാന്‍ കഴിഞ്ഞ വര്‍ഷവും നടപടികള്‍ എടുത്തിരുന്നു. 

ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നു സ്ഥലം കണ്ടെത്തുന്നതിനുള്ള സമയം ഒരു വര്‍ഷത്തേക്കുകൂടി നീട്ടി നല്‍കിയാണ്, കഴിഞ്ഞ വര്‍ഷം പുതിയ അഡ്മിഷന്‍ തുടരുന്നതിനായി അംഗീകാരം ലഭിച്ചത്. എന്നാല്‍ ഇതുവരെയും കോളജിനു സ്വന്തമായി സ്ഥലവും കെട്ടിടവും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 201819 അധ്യയനവര്‍ഷം പ്രവര്‍ത്തിക്കാന്‍ കോളജിന് അഫിലിയേഷന്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇതോടെ വിദ്യാര്‍ഥികളുടെ തുടര്‍പഠനം പ്രതിസന്ധിയിലാകും.

യുജിസി നിബന്ധനകള്‍ പ്രകാരം കോളജ് പ്രവര്‍ത്തിക്കാന്‍ സ്വന്തമായി അഞ്ച് ഏക്കര്‍ സ്ഥലവും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വേണം. എന്നാല്‍ 2010ല്‍ അനുവദിച്ച കോളജ് അന്നു താല്‍ക്കാലികമായി പേട്ട ഗവ. ഹൈസ്‌കൂളിലെ ക്ലാസ് മുറികളിലാണ് ആരംഭിച്ചത്. ഏട്ടുവര്‍ഷമായിട്ടും കോളജിനു സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തിനല്‍കാന്‍ കഴിഞ്ഞിട്ടില്ല. 

ഇതു തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും അനാസ്ഥ കൊണ്ടാണെന്ന് ആരോപണവും ഉണ്ട്. ഒരോ വര്‍ഷവും ജനപ്രതിനിധികള്‍ ഇടപെട്ട് സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നീട്ടി നീട്ടിയാണ് ഏഴുവര്‍ഷം കടന്നുപോയത്.എന്നാല്‍ കഴിഞ്ഞവര്‍ഷം കെട്ടിടം ഒഴിയണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഐഎച്ച്ആര്‍ഡി ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നു ജനപ്രതിനിധികള്‍ ഇടപെട്ടു സ്‌കൂളിന്റെ മൂന്നുമുറികള്‍ കൂടി കോളജിനു വേണ്ടി താല്‍ക്കാലികമായി നല്‍കി. പുതിയകെട്ടിടം കണ്ടെത്തിക്കൊള്ളാമെന്ന് അന്ന് അധികൃതര്‍ നല്‍കിയ വാക്കും നടപ്പായില്ല. നിലവില്‍ പേട്ട ഗവ. ഹൈസ്‌കൂളിലെ എട്ടുമുറികളിലും ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ പുത്തനങ്ങാടിയില്‍ വാടക കെട്ടിടത്തിലുമായാണ് കോളജ് പ്രവര്‍ത്തിക്കുന്നത്.കഴിഞ്ഞ വര്‍ഷം കൂവപ്പള്ളിയിലും കുറുവാമൂഴിയിലും കാളകെട്ടിയിലും കോളജിനായി സ്ഥലം കണ്ടുവച്ചെങ്കിലും ഫണ്ട് ഇല്ലാത്തതിനാല്‍ വാങ്ങാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി വഴി സ്ഥലം ഏറ്റെടുത്തു നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സര്‍ക്കാരിനെ സമീപിച്ചിട്ടും പ്രയോജനമുണ്ടായില്ല.

ബിഎസ്സി ഇലക്ട്രോണിക്‌സ്, ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്, ബികോം വിത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളാണ് കോളജിലുള്ളത്. ക്ലാസ് മുറികള്‍ക്കും ഇലക്ട്രിക്കല്‍ ലാബിനും സ്റ്റാഫ് റൂമിനും മതിയായ സൗകര്യങ്ങളില്ല.കോളജിന്റെ തുടക്കം മുതല്‍ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്കു നിവേദനം നല്‍കിട്ടുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. ഈ വര്‍ഷവും വിദ്യാര്‍ഥികള്‍ അധികാരികള്‍ക്കു നിവേദനം നല്‍കി കാത്തിരിക്കുകയാണ

error: Content is protected !!