ജെസ്നയുടെ തിരോധാനം; ജെസ്‌നയെ കണ്ടെത്തിയെന്നുള്ള ചില അവകാശവാദങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി.
കാഞ്ഞിരപ്പള്ളി : 34 മാസങ്ങൾക്ക് മുൻപ്, കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയായിരുന്ന മുക്കൂട്ടുതറ സ്വദേശിനിയായ ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണമെന്ന് ആവശ്യപെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജെസ്നയെ കണ്ടെത്തി എന്നതടക്കമുള്ള വാർത്തകൾ ചില പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ കോടതി ഇടപെടലുണ്ടാകണമെന്നും, ജെസ്‌ന എവിടെയാണെന്ന് അറിയാമായിരുന്നിട്ടും, എന്തുകൊണ്ടാണ് വെളിപ്പെടുത്തത് എന്ന് വ്യക്തമാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നുണ്ട്.
2018 മാർച്ചിലാണ് ജെസ്‌നയെ മുക്കൂട്ടുതറയിൽ നിന്നും കാണാതാകുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചിട്ടും വിവരങ്ങൾ ഒന്നും ലഭിച്ചില്ല. 2018 മേയ് 27ന് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവ് പുറത്തിറക്കി.
പത്തനംതിട്ട പൊലീസ് മേധാവി ഓപ്പറേഷണൽ ഹെഡ് ആയും തിരുവല്ല ഡിവൈഎസ്പി മുഖ്യ അന്വേഷണ ഓഫീസറുമായാണ് സംഘം രൂപീകരിച്ചത്. ജെസ്‌നയെ കണ്ടെത്തുന്നവർക്ക് ആദ്യം പ്രഖ്യാപിച്ച ഒരു ലക്ഷംരൂപ അഞ്ചു ലക്ഷമായും ഉയർത്തി. മലപ്പുറത്തെ കോട്ടക്കുന്നിൽ ജെസ്‌നയെ കണ്ടെന്ന വിവരത്തെത്തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ഈ അന്വേഷണത്തിലും ഇതുവരെ ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
