ടൈൽ വ്യാപാരി കടയ്ക്കുള്ളിൽ മരിച്ച നിലയിൽ
എരുമേലി: ടൈൽ വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കല്ലുമുഴി നെടുവേലി എൻ.കെ. മത്തായിയെ (ബാബു -56) ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കടയുടെ മുന്നിൽ അച്ഛന്റെ ബൈക്ക് പാർക്ക് ചെയ്ത നിലയിലും കടയുടെ ഷട്ടർ താഴ്ത്തിയിട്ട നിലയിലും കണ്ട് സംശയം തോന്നി മകൻ ഷട്ടർ തുറന്ന് നോക്കിയപ്പോഴാണ് അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാണെന്ന് കരുതുന്നു.
ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. എരുമേലി കെഎസ്ഇബി ഓഫീസിന് അടുത്ത് വാടക കെട്ടിടത്തിൽ ടൈൽ വ്യാപാര സ്ഥാപനം നടത്തുന്ന മത്തായി ഇന്നലെ രാവിലെ ഒമ്പതോടെ ബൈക്കിൽ എത്തി കടയുടെ മുന്നിൽ ബൈക്ക് വെച്ച ശേഷം കട തുറക്കകയായിരുന്നു. ലോക്ക് ഡൗൺ കാലം മുതൽ കടുത്ത വ്യാപാര നഷ്ടത്തിലും തുടർന്ന് സാമ്പത്തിക ബാധ്യതയിലുമായിരുന്നു മത്തായിയെന്ന് സുഹൃത്തുക്കൾ പറയുന്നു. എരുമേലി പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഇന്ന് നടത്തും. ഭാര്യ സൂസി. മക്കൾ: സുബിൻ, ബിൻസി.