കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാനിമോൾ സാബുവിന്റ തുടർ ചികിത്സക്ക് വേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നു

കാഞ്ഞിരപ്പള്ളി: അപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ തുടർചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു. പാറത്തോട് ഇടപ്പറമ്പിൽ ഷാനിമോൾ സാബുവിനെ കാർ ഇടിച്ചുതെറിപ്പിച്ച് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കഴിഞ്ഞ 12-ന്‌ പാറത്തോട് ലൈബ്രറിക്ക് സമീപമാണ് അപകടം നടന്നത്. കുട്ടിക്കാനം മരിയൻ കോളേജിലെ പി.ജി. ഒന്നാം വർഷ വിദ്യാർഥിയായ ഷാനിമോൾ കോളേജിൽനിന്ന് തിരികെ വീട്ടിലേക്ക് വരവെ നിയന്ത്രണം വിട്ട്‌ എത്തിയ കാർ റോഡരുകിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറുമായി ചേർത്ത് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ ഷാനിമോളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടയെല്ലുകളും പൊട്ടി. ഞരമ്പുകൾക്കും സാരമായ മുറിവുകളുണ്ട്.

മേസ്തിരിപ്പണിക്കാരനായ സാബു-ലൈല ദമ്പതിമാരുടെ ഏകമകളാണ് ഷാനിമോൾ. അപകടമുണ്ടായ അന്നുതന്നെ പാറത്തോട്ടിലെ സുമനസുകൾ ചേർന്ന് 40,000 രൂപ സമാഹരിച്ച് നൽകിയിരുന്നു. ഷാനിമോളുടെ തുടർചികിത്സക്കായി കുടുംബത്തെ സഹായിക്കാൻ ജനകീയസമിതി രൂപവത്കരിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം രക്ഷാധികാരിയും പാറത്തോട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ടി.എ.സെയ്‌നില്ല കൺവീനറും പി.എ.ഷാഹുൽ ഹമീദ് ട്രഷററും ആയിട്ടുള്ള കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ധനസമാഹരണത്തിനായി പാറത്തോട് ഐ.ഒ.ബി. ബാങ്കിൽ ജോയിന്റ് അക്കൗണ്ടും തുടങ്ങി. അക്കൗണ്ട് നമ്പർ: 227101000009790, IFSC code: IOBA0002271.

error: Content is protected !!